പ്രളയദുരിതം; കേരളത്തിന് മാതൃകയാക്കാം ഈ നിർമാണരീതി

floating-house-combodia
SHARE

കംബോഡിയയിലെ വലിയ തടാകം ആണ് ടോണ്‍ലെ സാപ്. ടോണ്‍ലെ എന്നു പറഞ്ഞാല്‍ വലിയ നദി എന്നും സാപ് എന്നതിന് ഉപ്പുരസം ഇല്ലാത്ത എന്നും അര്‍ഥം പറയാം. തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ടോണ്‍ലെ സാപ്. മഴക്കാലത്തും വേനല്‍ക്കാലത്തും ഈ നദിയുടെ വിസ്തൃതി കൂടിയും കുറഞ്ഞും വരും. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നീളുന്ന മഴക്കാലത്ത് മേക്കോങ് നദിയില്‍ നിന്നുള്ള ജലപ്രവാഹം എത്തുമ്പോള്‍ ടോണ്‍ലെ സാപിന്റെ വിസ്തൃതി 10000 ചതുരശ്ര കിലോമീറ്ററായി വര്‍ധിക്കും. എന്നാല്‍ വേനല്‍ക്കാലമായ നവംബര്‍ മുതല്‍ മേയ് വരെ വിസ്തൃതി 3000 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങുകയും ചെയ്യും. തടാകത്തിന് അതിരിടുന്ന വനത്തിലേക്ക് വെള്ളം വ്യാപിക്കുമ്പോള്‍ അവിടം മത്സ്യങ്ങളുടെ പ്രജനന കേന്ദ്രമായി മാറുകയും ചെയ്യും. മുന്നൂറോളം മത്സ്യ ഇനങ്ങള്‍, പാമ്പുകള്‍, ചീങ്കണ്ണികള്‍, ആമകള്‍ നൂറോളം ഇനങ്ങളില്‍ പെട്ട പക്ഷികള്‍ എന്നിവയുടെയും ആവാസകേന്ദ്രമാണ് ഈ തടാകം. കംബോഡിയയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായ സിയം റീപ് പ്രവിശ്യയിലെ മറ്റൊരു ആകര്‍ഷണമാണ് ഈ തടാകത്തിലൂടെയുള്ള യാത്ര. 

എന്നാല്‍ പുറത്തുനിന്നെത്തുന്ന ഒരു സഞ്ചാരിയെ ആകര്‍ഷിക്കുക ഈ നദീതീരങ്ങളിലെ മനുഷ്യരുടെ വാസഗൃഹങ്ങളും അവരുടെ ജീവിത രീതികളുമാണ്. ഒഴുകുന്ന വീടുകള്‍, വലിയ തൂണുകളില്‍ ഉയര്‍ത്തിയ വീടുകള്‍, വലിയ മീന്‍ കെണികള്‍, നദിക്കുള്ളില്‍ തന്നെ കൂടൊരുക്കി വളര്‍ത്തുന്ന കോഴികള്‍ തുടങ്ങി അത്ഭുതങ്ങളുടെ ലോകമാണ് അത്. കംബോഡിയക്കാര്‍ കഴിക്കുന്ന മത്സ്യത്തിന്റെ 50 ശതമാനവും എത്തുന്നത് ഇവിടെ നിന്ന്. അതുകൊണ്ടുതന്നെ നദീതീരങ്ങളില്‍ ജനബാഹുല്യവുമുണ്ട്. പക്ഷേ എല്ലാ വര്‍ഷവും കൃത്യമായി വെള്ളം പൊങ്ങുമെന്നറിയാമെന്നതിനാല്‍ അവര്‍ അവരുടെ ജീവിതരീതി മൊത്തമായിത്തന്നെ അതിനനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. 

ഇത്തരം ഒരു ഗ്രാമത്തിലേക്ക് നടത്തിയ യാത്ര ശരിക്കും പുതിയ അനുഭവമായിരുന്നു. ബോട്ടില്‍ നദിയിലൂടെ യാത്ര ചെയ്യുമ്പോള്‍ നദീതീരത്തായി തൂണുകള്‍ ഉയര്‍ന്നുനില്‍ക്കുന്നതു കാണാം. തൂണിനു മുകളില്‍ ആണ് വീടുകള്‍. ആ വീടുകളില്‍ അത്യാവശ്യം വേണ്ട സൗകര്യങ്ങളെല്ലാമുണ്ട്. ജനറേറ്ററില്‍ നിന്നാണ് വൈദ്യുതി. മിക്കവാറും വീടുകളില്‍ സാറ്റലൈറ്റ് ടിവി കണക്ഷനുമുണ്ട്. മഴക്കാലമാകുമ്പോള്‍ ഇവര്‍ തൂണിനു മുകളിലെ വീടുകളിലേക്ക് കടക്കുന്നു. പിന്നെ അവിടെ മാത്രമാണ് താമസം. എന്നാല്‍ വേനല്‍ക്കാലമാകുമ്പോള്‍ വെള്ളം പിന്‍വലിയുമ്പോള്‍ വീടിനു താഴെയുള്ള ഭാഗത്തേക്ക് മാറുന്നു. അവിടെയാകും പിന്നെ പാചകവും പകല്‍സമയം ചെലവഴിക്കലുമെല്ലാം. അതായത് വെള്ളപ്പൊക്കം അവരെ ഒരു തരത്തിലും ബാധിക്കുകയേ ഇല്ല. 

floating-house

മാത്രമല്ല നദിയില്‍ വെള്ളം പൊങ്ങുന്നതിനനുസരിച്ച് ഉയരുന്ന, ഒഴുകുന്ന ഫ്ളോട്ടിങ് വീടുകളും ഉണ്ട്. അതിലും രസകരം ഈ നദിയില്‍ തന്നെ ഇങ്ങനെ സ്ഥാപിച്ചിട്ടുള്ള ഫ്‌ളോട്ടിങ് പന്നിക്കൂടുകളും കോഴിക്കൂടുകളുമൊക്കയാണ്. അത്യാവശ്യം പച്ചക്കറി കൃഷിയുമുണ്ട്. 

കേരളത്തിനും അനുകരിക്കാവുന്ന ചില മാതൃകകള്‍ ഈ ജീവിത രീതിയിലുണ്ട്. ഓരോ പ്രദേശത്തിനും അനുസരിച്ച ജീവിത രീതി എന്നതാണ് അവര്‍ നടപ്പാക്കിയത്. നമ്മുടെ കുട്ടനാട്ടിലും എല്ലാ വര്‍ഷവും വെള്ളം പൊങ്ങാറുണ്ട്. ഓരോ തവണയും വീടുകള്‍ വെള്ളത്തിലാവും. നിലം നികത്തിയും വെള്ളം കയറാനുള്ള സാധ്യത അവഗണിച്ചും നടത്തിയ നിര്‍മാണ ശൈലിയാണ് ഇവിടെ കുഴപ്പം ചെയ്യുന്നത്. എന്നാല്‍ കുട്ടനാടിന്റെ ഭൂപ്രകൃതിക്ക് അനുസൃതമായ ഒരു നിര്‍മാണ ശൈലി സ്വീകരിക്കുകയാണെങ്കില്‍ വീടുകളില്‍ വെള്ളം കയറുന്ന സ്ഥിതിയെങ്കിലും ഒഴിവാക്കാം എന്ന് ടോണ്‍ലെ സാപ് തടാകത്തിലെ ഗ്രാമങ്ങള്‍ കാണിച്ചുതരുന്നു.

ഇവിടെയും തൂണുകളില്‍ അല്‍പം ഉയര്‍ത്തിയുള്ള നിര്‍മാണ ശൈലി സ്വീകരിക്കാം. അപ്പോള്‍ പാടങ്ങള്‍ നികത്തേണ്ടിവരില്ല. വെള്ളം കയറിയിറങ്ങിപ്പോകാന്‍ സൗകര്യമുള്ളതുകൊണ്ട് സാധാരണ ജനജീവിതത്തെ അതു ബാധിക്കുകയുമില്ല. ഈ ലേഖനത്തോടൊപ്പമുള്ള ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് എളുപ്പത്തില്‍ മനസ്സിലാക്കാം. നമ്മുടെ ഭരണാധികാരികളും ആര്‍ക്കിടെക്ടുകളും ടൗണ്‍പ്ലാനിങ്ങുകാരുമൊക്കെ ഇങ്ങനെ ലോകത്തെ വ്യത്യസ്തമായ ജീവിത രീതികള്‍ കണ്ടു മനസ്സിലാക്കുകയും നിയമനിര്‍മാണം നടത്തുകയും അതു സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയും ചെയ്താല്‍ വെള്ളപ്പൊക്കക്കെടുതി എന്ന വാര്‍ഷിക പരാതി ഒഴിവാകും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA