വിസ്മയമായി സിഗ്നേച്ചർ പാലം! സഫലമായത് 11 വർഷത്തെ കാത്തിരിപ്പ്

signature-bridge
SHARE

ഡൽഹിയിലെ ആദ്യ ‘സസ്പെൻഷൻ ബ്രിജ്’ എന്ന ബഹുമതി സ്വന്തമാക്കി യമുന നദിക്കു കുറുകെയുള്ള സിഗ്നേച്ചർ പാലം യാഥാർഥ്യമായി. കിഴക്കൻ ഡൽഹിയെ വടക്കൻ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതക്കുരുക്കിന് ഏറെ ആശ്വാസമാകും. ലണ്ടൻ ബ്രിജിന്റെ മാതൃകയിൽ തൂക്കുപാല രൂപത്തിലാണ് നിർമാണം. 

പശ്‌ചാത്തലം

1998 ൽ ഉണ്ടായ ഒരു അപകടമാണ് പുതിയ പാലത്തിലേക്ക് വഴിതെളിച്ചത്. അന്നത്തെ ഇടുങ്ങിയ വസിറാബാദ് പാലത്തിൽ അപകടത്തിൽപ്പെട്ടു 22 വിദ്യാർഥികൾ മരിച്ചു. അങ്ങനെയാണ് സമാന്തരമായി പുതിയ പാലത്തിനു ഡൽഹി സർക്കാർ ശ്രമം തുടങ്ങിയത്. എന്നാൽ രാഷ്ട്രീയ വിവാദങ്ങളും സാമ്പത്തിക പ്രശ്ങ്ങളും കാരണം പണി ചുവപ്പുനാടയിൽ കുരുങ്ങി. 2004ൽ പ്രഖ്യാപിച്ച പാലത്തിനു 2007ൽ അന്നത്തെ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്താണ് തറക്കല്ലിട്ടത്. ഒടുവിൽ ഇന്നലെ ഉദ്‌ഘാടനം ചെയ്തത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും.

ശിൽപികൾ...

നിർമാണമേഖലയിലെ വിദഗ്ധരുടെ ഒത്തൊരുമയാണ് പാലത്തിന്റെ മികവിനു പിന്നിൽ. ജർമനി ആസ്ഥാനമായ സ്ലൈയിഷ് ബെർജർമാൻ പാർട്ണറാണ് സ്ട്രക്ചറൽ ഡിസൈൻ നിർവചിച്ചത്. മുംബൈ ആസ്ഥാനമായ ആർക്കിടെക്ട്സ് പ്രൈവറ്റ് ലിമിറ്റഡിലെ ആർകിടെക്ട് രത്തൻ ജെ ബത്‌ലിബോയ് ആണ് രൂപകൽപ്പനയും ഉപദേശങ്ങളും നൽകിയത്. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന വിധത്തിലുള്ള നിർമാണ ഉപദേശങ്ങൾ നൽകിയത് ഐഐടി റൂർക്കിയും. ഡൽഹി ടൂറിസം ട്രാൻസ്‌പോർട്ടേഷൻ മന്ത്രാലയത്തിനാണ് പാലത്തിന്റെ മേൽനോട്ടച്ചുമതല.

del-signature-bridge

ക്യാന്റിലിവർ ശൈലിയിലാണ് പാലത്തിന്റെ നിർമാണം. 13200 ടൺ സ്റ്റീലാണ് ചട്ടക്കൂട് നിർമിക്കാൻ ഉപയോഗിച്ചത്. ഫ്രാൻസിലെ ഈഫൽ ടവറിനു സമാനമായി പാലത്തിലെ ഏറ്റവും ഉയരമുള്ള ഗോപുരത്തിലേക്ക് ആളുകളെ എത്തിക്കാൻ കഴിയും. ഇവിടെ നിന്നാൽ ഉത്തരഡൽഹിയുടെ വിശാലമായ കാഴ്ച ആസ്വദിക്കാം.

നിർമാണ സവിശേഷതകൾ

Signature Bridge
  • എട്ടുവരി ഗതാഗത സൗകര്യമുള്ള പാലത്തിന്റെ നീളം 675 മീറ്റർ. വീതി 35.2 മീറ്റർ. ഉയരം 165 മീറ്റർ.
  • സൈക്കിൾ യാത്രികർക്കും കാൽനടയാത്രികർക്കും പ്രത്യേക പാത. 
  • പാലത്തിലെ ഗോപുരത്തിന്റെ ഉയരം 154 മീറ്റർ. കുത്തബ് മിനാറിനെക്കാൾ ഉയരം. 
  • 36 സ്പാനുകൾ പാലത്തെ ബന്ധിപ്പിക്കുന്നു. പ്രധാന സ്പാനിന്റെ നീളം 251 മീറ്റർ. 

459 കോടി രൂപ ചെലവു പ്രതീക്ഷിച്ചു നിർമാണം ആരംഭിച്ച പാലം പൂർത്തിയായപ്പോൾ ചെലവ് 1594 കോടി. ഗോപുരത്തിൽ നഗരക്കാഴ്ച കാണാൻ ലിഫ്റ്റ് ഏർപ്പെടുത്തുന്നതും ഭക്ഷണശാലകൾ ആരംഭിക്കുന്നതും ആലോചനയിലാണ്. ചുരുക്കത്തിൽ ഡൽഹിയുടെ ടൂറിസം ഭൂപടത്തിലും പാലം നിർണായകസ്വാധീനമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA