sections
MORE

ഏതു കെട്ടിടവും ഉയർത്തിമാറ്റാം! കേരളത്തിൽ ട്രെൻഡായി പുതിയ രീതി

church-house-lifting
SHARE

ഇനി വരാൻ പോകുന്നത് ഓടിനടക്കുന്ന കെട്ടിടങ്ങളുടെ കാലമാണ്. പറഞ്ഞത് അതിശയോക്തിയല്ല...ഒരിടത്ത് വീടുവച്ചാൽപിന്നെ അത് അനക്കാനാകില്ല എന്ന ധാരണ തിരുത്താൻ സമയമായി. കഴിഞ്ഞ ആറ് വർഷത്തിനിടെ കേരളത്തിൽ ഉയർത്തി മാറ്റിയ വീടുകളുടെ എണ്ണം നൂറിലധികമാണ്. വെള്ളം കയറുന്നതുപോലെയുള്ള ബുദ്ധിമുട്ടുകൾ നല്ലൊരു പരിധിവരെ പരിഹരിക്കാമെന്നതും പുതിയ വീട് പണിയുന്നതിനെ അപേക്ഷിച്ച് ചെറിയ തുകയേ ചെലവ് വരൂ എന്നതുമാണ് വീട് ഉയർത്തലിന്റെ മെച്ചം. ചതുരശ്രയടിക്ക് 250 രൂപ നിരക്കിലാണ് ഇതിന്റെ പണിക്കൂലി. രണ്ടായിരം ചതുരശ്രയടി വലുപ്പമുള്ള വീട് മൂന്ന് അടി ഉയർത്താൻ അഞ്ചുലക്ഷം രൂപ പണിക്കൂലിയാകും. സിമന്റ്, കമ്പി തുടങ്ങി നിർമാണസാമഗ്രികൾക്കായി നാല് ലക്ഷം രൂപയ്ക്കടുത്തും ചെലവാകും.

കെട്ടിടം നീക്കുന്ന വിധം

thrissur-nedupuzha-church-3

∙ നീക്കേണ്ട കെട്ടിടത്തെ അടിത്തറയിൽ  നിന്നു മുറിച്ചെടുക്കുകയാണ് ആദ്യപടി. 

∙ ഇതിനായി തറയിലെ ടൈലുകളും മറ്റും പൊളിച്ചു നീക്കി കുഴിയെടുക്കും. അടിത്തറയുടെ താഴ്ഭാഗം വരെ മണ്ണു നീക്കും. 

∙ അടിത്തറ മുറിച്ചെടുക്കുന്നതിനൊപ്പം ആവശ്യത്തിനു ജാക്കികൾ ഘടിപ്പിച്ച് ഒരേ താളത്തിൽ  കെട്ടിടം ഉയർത്തും.

∙ കെട്ടിടത്തിന്റെ ഉള്ളിലും മുകൾ  നിലകളിലും സൺഷേഡിലുമെല്ലാം ജാക്കി ഘടിപ്പിച്ച് അതിനുമുകളിൽ  തട്ടുറപ്പിക്കും. കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗത്ത് അപ്രതീക്ഷിത ചലനം ഉണ്ടാകാതിരിക്കാനാണിത്.

house-lifting-using-screws

∙ അടിത്തറയ്ക്കടിയിൽ ഇഷ്ടികകൊണ്ടു കെട്ടി അതിനുമുകളിൽ ഇരുമ്പിന്റെ പാളിയിട്ട് റെയിൽ  ഉണ്ടാക്കും. 

∙ അതിനും മുകളിലായി ഇരുമ്പിന്റെ ഫ്രെയിം കെട്ടിടത്തിന്റെ അടിത്തറയുടെ അതേ രൂപത്തിൽ ഉണ്ടാക്കി വെൽഡ് ചെയ്ത് ഉറപ്പിക്കും. ഈ ഫ്രെയിമിൽ  ചെറിയ ചക്രങ്ങളുണ്ടാകും.

∙ ശേഷം കെട്ടിടം തള്ളിനീക്കേണ്ട  ഭാഗത്ത് തടിക്കട്ടകൾ സമാന്തരമായി അടുക്കി അതിലേക്ക് ജാക്കികൾ  ഘടിപ്പിക്കും. ഈ ജാക്കികൾ  സൂപ്പർവൈസർ ഒന്ന് രണ്ട്, മൂന്ന് എന്ന് എണ്ണുന്നതിനനുസരിച്ച് ഒരേ സമയം മുറുക്കും.

lifting2

∙ 130 വരെ എണ്ണുന്ന സമയം കൊണ്ട് (അഥവാ 130 തിരിക്കൽ) അഞ്ച് ഇഞ്ച് മാത്രമാണു നീങ്ങുക.

∙ പുതുതായി സ്ഥാപിക്കേണ്ട സ്ഥലത്ത് നിർമിച്ച പുതിയ തറയിലേക്ക് കെട്ടിടം എത്തിക്കഴിഞ്ഞാൽ ബീമിന്റെ കമ്പികൾ  വെൽഡ് ചെയ്തും തറയും കെട്ടിടവും കോൺക്രീറ്റ് ചെയ്തും ഉറപ്പിക്കും.

∙ 15 ദിവസം കഴിയുമ്പോൾ  ജാക്കികൾ  നീക്കം ചെയ്യുന്നതോടെ സ്ഥലംമാറ്റം പൂർണം.

വീടുമാത്രമല്ല പള്ളിയും!

 നെടുപുഴ സെന്റ് ജോൺ ബാപ്റ്റിസ്റ്റ്’സ് പള്ളിയുടെ അൾത്താരമുതൽ പിന്നോട്ടുള്ള ഭാഗം മുറിച്ച് തള്ളിനീക്കുന്നതിന്റെ കാഴ്ച. ഇതിനിടയ്ക്കുള്ള ഭാഗം പുനർനിർമിക്കുന്നതോടെ പള്ളിക്കു നീളം കൂടും. കൂടുതൽ പേരെ ഉൾ‍ക്കൊള്ളാനുമാകും.

നെടുപുഴ സെന്റ് ജോൺ ബാപ്റ്റിസ്റ്റ്’സ് പള്ളിയിലാണ് ഈ അത്ഭുത ‘പള്ളി നീക്കം’. 3100 ചതുരശ്രയടി വിസ്തീർണവും  മൂന്നുനില ഉയരവുമുള്ള പള്ളിയുടെ അൾത്താരയും സങ്കീർത്തിയും ഉൾപെട്ട ഭാഗമാണ് 7 മീറ്റർ പിന്നിലേക്കു നീക്കുന്നത്. പള്ളിക്കെട്ടിടത്തിൽ നിന്നു മുറിച്ചുനീക്കി, ജാക്കിയും ട്രോളിയും ഉപയോഗിച്ചാണ് പതുക്കെ നീക്കുന്നത്. ഇപ്പോൾ ഏഴടിയോളം നീളത്തിൽ  പള്ളി നീങ്ങിക്കഴിഞ്ഞു.

thrissur-nedupuzha-church-2

പള്ളിയുടെ പകുതി പൊളിച്ച് നീട്ടി പണിയണമെങ്കിൽ 46 ലക്ഷം രൂപയെങ്കിലും വേണം. പള്ളി മുറിച്ചു നിരക്കി നീക്കി നീട്ടിപ്പണിയുമ്പോൾ  22 ലക്ഷം രൂപ മാത്രമാണു ചെലവ്. 25 വർഷം സുരക്ഷിതമായിരിക്കുമെന്നും ഇതിനു വീഴ്ചസംഭവിച്ചാൽ  പുതുക്കിപ്പണിതു നൽകാമെന്നും നിർമാണ കമ്പനിയുമായി കരാറും വച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA