ADVERTISEMENT

മാർക് ബോയില്‍ എന്ന ചെറുപ്പക്കാരനെ കുറിച്ച് അറിഞ്ഞാല്‍ ആദ്യം നമ്മള്‍ കരുതും ആള്‍ ഒരു കുഴിമടിയന്‍ ആണെന്ന്. ഇന്നത്തെ കാലത്ത് നമ്മുടെ സന്തതസഹചാരിയായ മൊബൈലോ കമ്പ്യൂട്ടറോ മറ്റു യാതൊരു വിധ ഇലക്ട്രോണിക് ഉപകരണങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലില്ല. മാര്‍ക്കിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ പവര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സകലതും മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചു. 2016 ഡിസംബര്‍ മാസമാണ് ഈ ടെക്നോളജി ഫ്രീ ജീവിതം മാര്‍ക്ക് ആരംഭിച്ചത്. 

 

mark-wood-home

39 കാരനായ മാർക് ഇന്ന് വെസ്റ്റ് അയര്‍ലന്റിലെ ചെറിയൊരു തടി വീട്ടിലാണ് താമസം. ഇവിടെ വൈദ്യുതി ഇല്ലെന്നു എടുത്തു പറയേണ്ടല്ലോ. തനിക്ക് വേണ്ട ആഹാരം സ്വയം കണ്ടെത്തി ആരെയും ഒന്നിനും ആശ്രയിക്കാതെ തീര്‍ത്തും വ്യത്യസ്തമായ ഒരു ജീവിതം നയിക്കുകയാണ് മാർക്. എന്തിനേറെ പറയണം തനിക്ക് വേണ്ട ടൂത്ത്പേസ്റ്റും സോപ്പ് പൊടിയും വരെ പ്രകൃതിയില്‍ നിന്ന് സ്വയം നിര്‍മ്മിച്ചെടുക്കുന്നു.  

 

mark-inside-home-view

തടി കൊണ്ടാണ് വീട്ടിനകവും ഒരുക്കിയിരിക്കുന്നത്. പാത്രങ്ങള്‍ മിക്കതും മണ്ണ് കൊണ്ടുള്ളവ. നിറയെ പുസ്തകങ്ങളാല്‍ സമ്പന്നമാണ് വീട്. ഒരു ക്ലോക്ക് പോലുമില്ലാത്ത വീട്ടില്‍ സൂര്യപ്രകാശം നോക്കിയാണ് അദ്ദേഹം സമയം നിശ്ചയിക്കുന്നത്. കാലം കണക്കാക്കുന്നത് മഞ്ഞും മഴയും അനുസരിച്ചും. തണുപ്പ് കാലത്ത് ചെമ്മരിയാടിന്റെ രോമത്തില്‍ തീര്‍ത്ത കുപ്പായങ്ങള്‍ അണിഞ്ഞും വിറകുകൂട്ടി തീ കാഞ്ഞും ഇദ്ദേഹം കഴിഞ്ഞു കൂടും. 

 

പേനയും പേപ്പറും മാര്‍ക്കിന്റെ വീട്ടില്‍ പ്രവേശനമുള്ള വസ്തുക്കളാണ്.  മാർക് ഇപ്പോള്‍ തന്റെ ഈ പുത്തന്‍ ജീവിതത്തെ കുറിച്ച് എഴുതുകയാണ്. 'ടെയില്‍സ് ഫ്രം എ ലൈഫ് വിത്ത്‌ഔട്ട്‌ ടെക്നോളജി' എന്നാണ് മാര്‍ക്കിന്റെ പുസ്തകത്തിന്റെ പേര്. 

 

mark-home

മാർക്കറ്റിങ്ങിൽ ബിരുദധാരിയാണ് ഈ മനുഷ്യന്‍. ബ്രിസ്റോളിലെ ഒരു ഓര്‍ഗാനിക് ഫുഡ്‌ കമ്പനി മാനേജര്‍ ആയിരുന്നു‌. സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന, ധാരാളം യാത്രകള്‍ ചെയ്തിരുന്ന ഒരാള്‍. എന്നാല്‍ പെട്ടെന്നൊരുനാള്‍ മാര്‍ക്കിനു പ്രകൃതിയിലേക്ക് മടങ്ങാന്‍ കൊതിയായി. അങ്ങനെ എല്ലാം ഉപേക്ഷിച്ചു അദ്ദേഹം ഇവിടേക്ക് വരികയായിരുന്നു.

 

വീട്ടില്‍ തയാറാക്കിയ ആഹാരം കഴിച്ചു പ്ലാസ്റ്റിക് വീടിന്റെ പരിസരത്തു പോലും കയറ്റാതെ വളരെ ശാന്തമായ ഒരു ജീവിതമാണ്‌ താനിന്നു നയിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. ആഹാരം മിക്കപ്പോഴും പഴവര്‍ഗ്ഗങ്ങളും കിഴങ്ങും ഗ്രീന്‍ വെജിറ്റബിളുകളും. പ്രോട്ടീന്‍ കുറവ് തനിക്കുണ്ടെന്ന് തോന്നിയാല്‍ പച്ചമുട്ടയോ മീനിന്റെ രക്തമോ പരീക്ഷിക്കും. 

 

ക്രിസ്റ്റി എന്ന കാമുകി ആദ്യകാലങ്ങളില്‍ മാര്‍ക്കിന്റെ കൂടെ ഈ തടി വീട്ടില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ആ പ്രണയകാലം ഏറെനാള്‍ നീണ്ടില്ല. ഒരു ഒഴിവുകാലം ആഘോഷിക്കാന്‍ പോയ അവള്‍ 'ഇതല്ല തന്റെ സ്വപ്നമെന്ന്' ഒരു കുറിപ്പ് അയച്ചു തന്നെ വിട്ടുപോയെന്നു മാർക് പറയുന്നു. 

എല്ലാം ആഴ്ചയും മാർക് തന്റെ രക്ഷിതാക്കള്‍ക്ക് കത്തുകള്‍ എഴുതും. അവരും മകനെ നന്നായി പിന്തുണയ്ക്കുന്നുണ്ട്. ഇടക്ക് സുഹൃത്തുക്കള്‍ ഇവിടേക്ക് എത്താറുണ്ട്. 

 

താന്‍ എല്ലാവരില്‍ നിന്നും ഓടി ഒളിച്ചല്ല ജീവിക്കുന്നതെന്ന് മാര്‍ക്ക് പറയുന്നു. തൊട്ടടുത്തായി മറ്റു വീടുകളുണ്ട്. എന്നാല്‍ അവിടെ വൈദ്യുതിയുണ്ട്.തനിക്ക് അതിന്റെ ആവശ്യമില്ല. താന്‍ അവരോടെല്ലാം സഹകരിക്കുന്നു. തന്റെ ജീവിതം കാണാനും ഇങ്ങനെയൊരു ജീവിതചര്യയെ കുറിച്ച് അറിയാനും എത്തുന്നവര്‍ക്കായി മാര്‍ക്ക് ഒരു ചെറിയ സങ്കേതം വീടിനു അരികിലായി ഒരുക്കിയിട്ടുണ്ട്. എന്നാല്‍ അവിടെ വൈദ്യുതി ഉണ്ട്. അഥിതികള്‍ക്ക് ഇഷ്ടമുള്ളത്ര കാലം ഇവിടെ കഴിയാം. താനിപ്പോള്‍ ഏറെ സന്തോഷവാനാണ്. ജീവിതം ജീവിച്ചു തീര്‍ക്കാന്‍ മാത്രമല്ലല്ലോ, പരീക്ഷണങ്ങള്‍ നടത്താന്‍ കൂടിയല്ലേ എന്ന് മാര്‍ക്ക് ചോദിക്കുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com