ADVERTISEMENT

അടുത്തകാലത്ത് ഇറങ്ങിയ ഹൊറർ സിനിമകളില്‍ ഏറ്റവും ഹിറ്റായ ഒന്നാണ് കൺജറിങ്. പ്രേതബാധയുള്ള വീട്ടിൽ ഒരു കുടുംബം താമസിക്കാന്‍ എത്തുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. എന്നാല്‍ സിനിമ കണ്ട് അതുപോലെ തങ്ങള്‍ക്കും ഒരു വീട് വേണമെന്ന് ആരെങ്കിലും ചിന്തിക്കുമോ ? കോസി ഹെയിന്‍സനും ഭാര്യ ജെന്നിഫറും എങ്കില്‍ ഇങ്ങനെയാണ് ചിന്തിച്ചത്. റോഡ്‌ ഐലന്‍ഡില്‍ ഇവര്‍ അങ്ങനെ തങ്ങളുടെ വീട് കണ്ടെത്തുകയായിരുന്നു. ഒരു ഫാമിനോട് ചേര്‍ന്നാണ് ഇവരുടെ 'കൺജറിങ് വീട്'. ശരിക്കും സിനിമയ്ക്ക് ആധാരമായ വീട് തന്നെയാണ് ഈ ദമ്പതികള്‍ വാങ്ങിയത്, അതും അറിഞ്ഞു കൊണ്ട്...

കഴിഞ്ഞ ജൂണിലാണ് ഇവര്‍ ഈ വീട്ടിലേക്ക് താമസം മാറുന്നത്. 'കൺജറിങ് ' സിനിമയില്‍ പ്രതിപാദിക്കുന്ന പാരാനോർമൽ ആക്ടിവിറ്റി നടന്നത് ഈ വീട്ടില്‍ കഴിഞ്ഞ വ്യക്തികള്‍ക്ക് ആണെന്നാണ് കരുതപ്പെടുന്നത്. കരോളിന്‍, റോജര്‍ പെരോണ്‍ എന്നിവര്‍ക്ക് ഉണ്ടായ അനുഭവമാണ് സിനിമയ്ക്ക് കഥയായത്. 

conjuring-house-view

1971 - 1980 കാലഘട്ടത്തില്‍ അഞ്ചുപെണ്‍മക്കള്‍ക്കൊപ്പമാണ് കരോളിന്‍ റോജര്‍ ദമ്പതികള്‍ ഈ വീട്ടില്‍ കഴിഞ്ഞത്. ആ സമയം അവര്‍ നേരിട്ട പ്രേതാനുഭവങ്ങള്‍ ആണ് സിനിമയ്ക്ക് ആധാരം. പിന്നീട് കരോളിനില്‍ എന്തോ ദുരാത്മാവ്‌ പ്രവേശിക്കുകയും പിന്നീട് പ്രസിദ്ധ പാരാനോർമൽ വിദഗ്ദ്ധരായ വാറന്‍ ദമ്പതികള്‍ ഇവിടെ അന്വേഷണത്തിന് എത്തുകയും ചെയ്തിരുന്നു. സിനിമയില്‍ ഇവര്‍ക്ക് പ്രേതബാധ ഒഴിപ്പിക്കുന്നതായാണ് കാണിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ വാറന്‍ ദമ്പതികള്‍ക്ക് അതിന് സാധിച്ചില്ല എന്നും പറയപ്പെടുന്നുണ്ട്. 1980 ല്‍ കരോളിനും റോജറും ഈ വീട്ടില്‍ നിന്നും താമസം മാറി. ഇപ്പോള്‍ നാല്പതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോസി ഹെയിന്‍സനും ഭാര്യ ജെന്നിഫറും ഇവിടെ താമസിക്കാന്‍ എത്തുന്നത്. അതും ഒട്ടും പേടിയില്ലാതെ.

പാരാനോർമൽ ആക്ടിവിറ്റികളില്‍ ഏറെ താല്പര്യമുള്ള ആളുകളാണ് ഇരുവരും. ഇനി എന്തെങ്കിലും അനുഭവങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടായാല്‍ തന്നെ അതിനെ കുറിച്ച് കൂടുതല്‍ പഠിക്കാനാണ് ഇവരുടെ തീരുമാനം. പകല്‍ വീട്ടില്‍ ചെറിയ ചെറിയ ജോലികള്‍ ചെയ്തും രാത്രി വീടിനോട് ചേര്‍ന്നുള്ള ബാക്ക് പോര്‍ച്ചില്‍ വെറുതെ കാടിന്റെ സംഗീതം കേട്ടിരുന്നും ഇവര്‍ ഇവിടെ ജീവിതം ആഘോഷിക്കുകയാണ്. വൈകാതെ ഇവിടം ടൂറിസ്റ്റുകള്‍ക്ക് കൂടി തുറന്നു കൊടുക്കാനാണ് ഇവരുടെ തീരുമാനം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com