sections
MORE

സുഖമില്ലാത്ത ഭാര്യക്ക് വേണ്ടി സ്വന്തമായി എസി നിർമിച്ചു മെക്കാനിക്; ചെലവ് വെറും 3500 രൂപ!

poor-mans-ac-althar-ali
ചിത്രത്തിന് കടപ്പാട്- സമൂഹമാധ്യമം
SHARE

തിരുച്ചിറപള്ളിയിലെ ലാല്‍ഗുഡി റോഡിലെ ഇടുങ്ങിയ റോഡുകളില്‍ ഒന്ന് ചെന്നെത്തുന്നത് അക്തര്‍ അലി എന്ന അമ്പത്തിയെട്ടുകാരന്റെ ചെറിയൊരു ബൈക്ക് നന്നാക്കുന്ന കടയുടെ  മുന്നിലാണ്. ഒരു സാദാ ടയര്‍ മെക്കാനിക്കാണ് അദ്ദേഹം. എന്നാല്‍ ദേശീയതലത്തില്‍ വരെ  ശ്രദ്ധിക്കപെട്ട പല ആശയങ്ങളും ഈ ചെറിയ വര്‍ക്ക്‌ഷോപ്പില്‍ നിന്നും പിറവികൊണ്ടതാണെന്ന് അക്തര്‍ അലിയുടെ തൊട്ടയല്‍പക്കത്തുള്ള ആളുകള്‍ക്ക് പോലും അറിയില്ല എന്നതാണ് സത്യം. എയര്‍ ട്രാന്‍സ്ഫര്‍ ഉപകരണം മുതല്‍ ചൂടപ്പം പോലെ വിറ്റുപോകുന്ന ആന്റി പഞ്ചര്‍ പൗഡർ വരെ ഇതിൽപ്പെടും.

എന്നാല്‍ ഇപ്പോള്‍ ഇതിന്റെ ഒന്നും പേരിലല്ല അദ്ദേഹം അറിയപ്പെടുന്നത്. വെറും 3500 രൂപയ്ക്ക് നിര്‍മ്മിച്ച ഒരു ഇക്കോഫ്രണ്ട്ലി എസിയുടെ പേരിലാണ്. അതും സുഖമില്ലാത്ത സ്വന്തം ഭാര്യയ്ക്കായി.ഒരിക്കല്‍ ഒരു ശസ്ത്രക്രിയയ്ക്കായി അക്തര്‍ അലിയുടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടില്‍ കൊടുംചൂടുള്ള സമയമായിരുന്നു അത്. ചികിത്സ നടത്തിയ ആശുപത്രിയില്‍ എസിയുണ്ടായിരുന്നു. എന്നാല്‍ തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യയ്ക്ക് ഒരാഗ്രഹം. തങ്ങള്‍ക്കും ഒരു എസി വേണം. എന്നാല്‍ ചെറിയ തുകയ്ക്ക് പണിയെടുക്കുന്ന തനിക്ക് അത്ര ആഡംബരം എങ്ങനെ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് അക്തര്‍ അലി ചിന്തിച്ചു. അങ്ങനെയാണ് ചെറിയ ചെലവില്‍ ഒരു ഇക്കോ ഫ്രണ്ട്ലി എസി അദ്ദേഹം തന്നെ നിര്‍മ്മിച്ചത്. മുള കൊണ്ടുള്ള ബാസ്കറ്റ്, വാട്ടര്‍ ബബിള്‍ ക്യാന്‍, ഒരു പൈപ്പ്, രാമച്ചം , ഒരു മോട്ടര്‍. ഇതാണ് എസി നിര്‍മ്മിക്കാന്‍ അദ്ദേഹം ഉപയോഗിച്ച വസ്തുക്കള്‍. 

ക്യാനുകളുടെ മുകള്‍ ഭാഗം നീക്കി അതില്‍ കല്ലും കട്ടയും 12 ലിറ്റര്‍  വെള്ളവും ആദ്യം നിറച്ചു. പിന്നീട് മുള ബാസ്കറ്റില്‍ രാമച്ചം നിറച്ചു അത് ഇതിനു മുകളില്‍ വച്ചു. വണ്ണം കുറഞ്ഞ ഒരു പൈപ്പ് രണ്ടു  ക്യാനുകള്‍ക്ക്  മുകളിലൂടെ മോട്ടറിലേക്കും ഘടിപ്പിച്ചു. ക്യാനിലെ ജലം ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ഇതുവഴി ചലിപ്പിക്കും. രാമച്ചത്തിന്റെ പുറത്തുകൂടി കടന്നു പോകുന്ന തരത്തിലാണ് പൈപ്പ്. ഈ ഭാഗത്ത് ഹോളുകള്‍ ഇട്ടു ജലം ഇതിലേക്ക് അല്‍പ്പം വീഴ്ത്തും. മുറിയിലെ സീലിങ് ഫാന്‍ ഈ ജലത്തെ ബാഷ്പീകരിച്ചു മുറിയില്‍ തണുപ്പ് നിലനിര്‍ത്തും. ഇതാണ് അക്തര്‍ അലിയുടെ രീതി.  മോട്ടർ പ്രവർത്തിപ്പിക്കാനുള്ള ചെലവ് മാത്രമേ ഇതിനുള്ളൂ. ക്യാനില്‍ ഒരുവട്ടം വെള്ളം നിറച്ചാല്‍ കുറെ ദിവസം അതിന്റെ ആവശ്യം വരുന്നില്ല. കൊടും ചൂടുള്ള സമയത്തും മുറിയില്‍   27°C മാത്രമാണുള്ളത് എന്ന് അക്തര്‍ അലി പറയുന്നു. 

പത്താമത്തെ വയസില്‍ കുടുംബത്തിനു വേണ്ടി ജോലി ചെയ്യാന്‍ ഇറങ്ങിയതാണ് അക്തര്‍ അലി. പല മെക്കാനിക്ക് കടകളിലും ജോലി ചെയ്ത ശേഷം ഇരുപതാം വയസ്സില്‍ ഒരു സൈക്കിള്‍ മെക്കാനിക് കട അദ്ദേഹം ആരംഭിച്ചു. നാല്പതുവര്‍ഷമായി ഇപ്പോള്‍ താന്‍ ഒരു മെക്കാനിക്കാണ് എന്ന് അദ്ദേഹം പറയുന്നു. പക്ഷേ കടയിലെ ജോലി കൂടാതെ തനിക്ക് തോന്നുന്ന ആശയങ്ങള്‍ മനസിലിട്ട്‌ അത് നിര്‍മ്മിക്കാന്‍ ഇപ്പോഴും ഇദ്ദേഹം ശ്രമിക്കാറുണ്ട്. . ഇപ്പോള്‍ ഇക്കോ ഫ്രണ്ട്ലി എസിയുടെ കാര്യം അറിഞ്ഞു ഒരുപാട് ആളുകള്‍ അത് വാങ്ങാന്‍ എത്തുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു. ഒരു ക്യാന്‍ ഉള്ളതിന്  2,500 രൂപയും രണ്ടു ക്യാന്‍ ഉള്ളതിന് 3500 രൂപയുമാണ് അക്തര്‍ അലി ഇതിന് വാങ്ങുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA