sections
MORE

അന്ന് അപകടത്തിൽ വലതുകൈ നഷ്ടമായി; ഇന്ന് ആർക്കിടെക്ചർ അധ്യാപിക; ശ്രേയ താരമാണ്!

sreya-architect
SHARE

ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് ശ്രേയയ്ക്ക് തന്റെ സ്വപ്‌നങ്ങള്‍ എല്ലാം പാതിവഴിയില്‍ വീണു പോകുമോ എന്ന ഭയം ആദ്യമായി തോന്നിയത്. അതിനു കാരണമായത്‌ മെയ്‌ 28, 2010 ല്‍ നടന്നൊരു സംഭവമായിരുന്നു. ആർക്കിടെക്ചർ വിദ്യാര്‍ഥിനിയായിരുന്ന ശ്രേയ കൊല്‍ക്കത്തയില്‍ ഒരു കല്യാണത്തിനു പോയ ശേഷം തിരികെ മുംബൈയിലേക്ക് ട്രെയിനില്‍ വരികയായിരുന്നു. ശ്രേയയ്ക്കൊപ്പം അമ്മയും സഹോദരനും ട്രെയിനിൽ ഉണ്ടായിരുന്നു.  മുകള്‍ ബെര്‍ത്തില്‍ കിടന്നു മയങ്ങിയ ശ്രേയ വലിയൊരു ഇടിമുഴക്കം കേട്ടാണ് ഉണര്‍ന്നത്. അപ്പോഴേക്കും ബംഗാളിലെ മിഡ്നാപ്പൂരിന് സമീപത്തായി അവള്‍ സഞ്ചരിച്ചിരുന്ന ട്രെയിന്‍ പാളംതെറ്റിയിരുന്നു. ബെര്‍ത്തില്‍ നിന്നും അപ്പോഴേക്കും അവള്‍ താഴെ വീണു. പാളംതെറ്റി കിടന്ന ബോഗിയിലേക്ക് ഒരു ഗുഡ്സ് തീവണ്ടി വന്നിടിച്ചു. 

ബോധം വന്നപ്പോള്‍ ചുറ്റും കരച്ചിലുകള്‍ മാത്രമായിരുന്നു. തന്റെ വലതുകൈ ശരീരത്തില്‍ നിന്നും ഏതാണ്ട് പാതിയും വേര്‍പെട്ടു തൂങ്ങി കിടക്കുകയാണെന്ന് പാതിബോധത്തില്‍ ശ്രേയ തിരിച്ചറിഞ്ഞു. തകര്‍ന്ന ബോഗിയില്‍ നിന്നും പുറത്തെടുത്തെങ്കിലും ഏഴ് മണിക്കൂര്‍ കഴിഞ്ഞാണ് അപകടത്തില്‍ പെട്ട എല്ലാവരെയും രക്ഷിക്കാന്‍ മറ്റൊരു ട്രെയിന്‍ എത്തിയത്. അതോടെ ശ്രേയയുടെ അറ്റുപോയ കൈ തിരികെ തുന്നിചേര്‍ക്കുക എന്ന സാധ്യത എന്നന്നേക്കുമായി അടഞ്ഞു.

പിന്നീടങ്ങോട്ട് ശ്രേയയ്ക്ക് അതിജീവനത്തിന്റെ നാളുകള്‍ ആയിരുന്നു. മുറിവേറ്റ ഭാഗത്ത് പലവട്ടം ശസ്ത്രക്രിയകള്‍ നടത്തി. ഇനി തനിക്ക് വലതുകൈ ഇല്ലാതെ ജീവിക്കണമെന്ന തിരിച്ചറിവിലേക്ക് ശ്രേയ പതിയെ എത്തിച്ചേര്‍ന്നു. ഒരു ആർക്കിടെക്ട് എന്ന നിലയില്‍ വലതുകൈ എത്രത്തോളം പ്രധാനമാണ് എന്ന് ശ്രേയയ്ക്ക് അറിയാമായിരുന്നു. ഇനി ജീവിതത്തില്‍ എന്ത് എന്ന ചിന്ത അവളെ വല്ലാതെ അലട്ടി. എന്നാല്‍ കഴിഞ്ഞു പോയതിനെ കുറിച്ച് ചിന്തിക്കാതെ മുന്നോട്ട് തന്നെ ശ്രേയ നീങ്ങി. ഇടതുകൈ കൊണ്ട് എഴുതാനും കാല്‍ കൊണ്ട് ചിത്രം വരയ്ക്കാനും അവള്‍ പഠിച്ചു. മുംബൈ സര്‍വ്വകലാശാലയില്‍ ടോപ്പര്‍ ആയാണ് ശ്രേയ ആർക്കിടെക്ചർ പൂര്‍ത്തിയാക്കിയത്.  മാധ്യമശ്രദ്ധ ശ്രേയയ്ക്ക് ലഭിച്ചതോടെ ഒരുപാട് പേരുടെ സഹായത്തോടെ ഒരു പ്രോസ്ത്തെറ്റിക്ക് റോബോട്ടിക് ആം ശ്രേയയ്ക്ക് ലഭിച്ചു. 

sreya-husband

ഇന്ന് ആർക്കിടെക്ട് എന്ന നിലയിൽ ശ്രേയ ഒരുപാട് മുന്നേറിയിരിക്കുന്നു. ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ക്ക് ശ്രേയ ക്ലാസ്സ്‌ എടുക്കുന്നു, പലയിടത്തും വര്‍ക്ക്‌ ഷോപ്പുകള്‍ നടത്തുന്നു. കൂടാതെ നഗരങ്ങളിലെ പൊതുസംവിധാനങ്ങൾ അംഗപരിമിതർക്കും പരസഹായമില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന വിധം രൂപകൽപന ചെയ്യുന്ന 'പബ്ലിക് യൂണിവേഴ്സൽ ഡിസൈൻ' ആർക്കിടെക്ടർ വിഭാഗത്തിലാണ് ശ്രേയ ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നത്.

ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ് ശ്രേയ. ഇന്ന് ശ്രേയയ്ക്ക് എല്ലാത്തിനും കൂടെ ഒരാള്‍ കൂടിയുണ്ട്, പ്രതീക്. മദ്രസ് ഐഐടി വിദ്യാര്‍ഥിയായിരുന്ന പ്രതീക്കും ശ്രേയയും കണ്ടു മുട്ടിയത്‌ ഒരു ഇന്‍ഡോ ജര്‍മന്‍ ഗവേഷണ പ്രോഗ്രാമിൽ വച്ചായിരുന്നു. പിന്നീട് ആ സൗഹൃദം പ്രണയമായി. അടുത്തിടെ ഇരുവരും വിവാഹിതരുമായി. ജ്ഞാനേശ്വരി എക്സ്പ്രസ്സ്‌ എന്നൊരു മറാത്തി ചിത്രം തന്നെ ശ്രേയയുടെ ജീവിതത്തില്‍ നിന്നും പ്രചോദനം കൊണ്ടാണ് ഉണ്ടായത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA