ADVERTISEMENT

തങ്ങളുടെ വീട് വ്യത്യസ്തമാകണം എന്ന് ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? എന്നാൽ മെക്സിക്കോയിലെ ഒരു ദമ്പതികൾ ഒരുപടി കൂടി കടന്നു ചിന്തിച്ചു.  ഒരു കടൽ ചിപ്പിക്കുള്ളില്‍ താമസിക്കുന്ന ഫീല്‍ ലഭിക്കുന്ന ഒരു വീട് എന്നതായിരുന്നു ഇവരുടെ ഡിമാൻഡ്. ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും ആർക്കിടെക്ടുകൾ കൈ കൊടുത്തു. അങ്ങനെ നോട്ടിലസ് ഹൗസ് എന്ന വീട് ജന്മമെടുത്തു. ഇന്ന് ലോകത്തിലെ ഏറ്റവും വ്യത്യസ്തമായ വീടുകളുടെ പട്ടിക തിരഞ്ഞാൽ അതിൽ മുൻപന്തിയിൽ ഈ വീടും ലിസ്റ്റ് ചെയ്യപ്പെടും.

പ്രകൃതിക്ക് ഭാരമാകാത്ത ബയോ ആർക്കിടെക്ചർ രീതിയാണ് ഇവിടെ പരീക്ഷിച്ചിരിക്കുന്നത്. ആർക്കിടെക്ചുറ ഓർഗാനിക്ക എന്ന സ്ഥാപന ഉടമ സേവ്യർ സെനോസിയൻ എന്ന ആർക്കിടെക്ടാണ് ഈ ചിപ്പിവീടിന്റെ ശിൽപി. 

Nautilus-House-Mexico-interior

സിമന്റും പ്ലാസ്റ്റർ ഓഫ് പാരീസും കലർന്ന മിശ്രിതം കൊണ്ടാണ് വീടിന്റെ പുറംചുവരുകൾ നിർമിച്ചത്. കമാനാകൃതിയിലാണ് വീടിന്റെ മേൽക്കൂര. ഒരു ശരാശരി വീട്ടിൽ വേണ്ട എല്ലാ സൗകര്യങ്ങളും ഇതിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. സ്വീകരണമുറി, രണ്ടു കിടപ്പുമുറികൾ, ബാത്റൂം, അടുക്കള, ടിവി റൂം എന്നിവയെല്ലാം സജ്ജം. കളര്‍ മൊസൈക് കൊണ്ടാണ് വീടിന്റെ മിക്ക ഭിത്തികളും അലങ്കരിച്ചിരിക്കുന്നത്. ഫ്രോസ്റ്റ് ഗ്ലാസുകളിലൂടെ അകത്തേക്ക് എത്തുന്ന പ്രകാശം ഉള്ളിൽ മഴവിൽ നിറങ്ങൾ തീർക്കുന്നു.

Nautilus House

വ്യത്യസ്ത ജ്യാമിതീയ രൂപങ്ങളുടെ സങ്കലനമാണ് ഉള്ളിൽ കാണാനാവുക. ചുവരുകൾ പല ഉയരത്തിലും കമാനാകൃതിയിലുമൊക്കെ കൊത്തിയെടുത്തിരിക്കുന്നു. ഒരു ചേംബറില്‍ നിന്നും മറ്റൊരു ചേംബറിലേക്ക് കടക്കുന്ന പ്രതീതിയാണ് ഈ വീട്ടിനുള്ളില്‍ എത്തിയാല്‍ ലഭിക്കുക. ഉള്ളിൽ ചെറുമരങ്ങളും ചെടികളും പച്ചപ്പ് നിറയ്ക്കുന്നു. നിർമാണരീതി കൊണ്ട് സാധാരണവീടുകളേക്കാൾ ചൂട് കുറവാണു ഇതിനുള്ളിൽ. നല്ല പ്രകാശവും ലഭിക്കും. അതിനാൽ അധികം ലൈറ്റുകളോ ഫാനോ ഒന്നും വീടിനുള്ളിലില്ല. വീടിന്റെ മധ്യത്തിൽ ഒരു പില്ലറുണ്ട്. ഇവിടെ ടിവി നൽകി ചുറ്റിലും സോഫ അപ്ഹോൾസ്റ്ററി ചെയ്തു. ഇതാണ് വീട്ടിലെ എന്റർടെയിൻമെന്റ് റൂം.

Nautilus-House-Mexico-tv

രണ്ടു കുട്ടികള്‍ അടങ്ങിയ ഒരു മെക്സികന്‍ കുടുംബമാണ് ഇവിടുത്തെ താമസക്കാര്‍. വീടിനുള്ളിൽ സന്ദർശിച്ചു പുറത്തെത്തിയാൽ ഒരു വലിയ കടല്‍ ചിപ്പി അല്ലെങ്കില്‍ ഒരു വലിയ ഒച്ചിന്റെ പുറംതോടില്‍ ജീവിക്കുന്ന ഫീല്‍ ലഭിക്കും എന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ നിരവധി സന്ദർശകരും ഈ സ്വകാര്യ വസതി തേടി എത്താറുണ്ടത്ര.

Nautilus-House-Mexico-night

English Summary- Sea Shell House in Mexico

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com