പുഴയുടെ നടുക്ക് ഒരു 'അഭ്യാസി' വീട്! എന്താണ് ഈ വീടിന്റെ രഹസ്യം?

drina-river-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

നദിക്കരയിലെ ആ പാറപുറത്ത് സ്ഥിതി ചെയ്യുന്ന വീടാണ് ഡ്രീന റിവര്‍ ഹൗസ്. 40 വർഷം ആയിട്ടും സെര്‍ബിയയിലെ ഡ്രീന നദിയില്‍ ഒരു കേടുപാടുകളും സംഭവിക്കാതെ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന നിലയ്ക്ക് ബാലന്‍സ് ചെയ്തു തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ വീട്. താര നാഷണല്‍ പാര്‍ക്കിനുള്ളില്‍ ആണ് നദിക്കരയിലെ ഈ വീട് സ്ഥിതി ചെയ്യുന്നത്. UNESCO യുടെ പൈതൃകപട്ടികയില്‍ ഇടം നേടിയ സ്ഥലമാണ് ഇവിടം. ചുറ്റും കൊടും കാടാണ് ഇവിടെ.  

drina-house-aerial

1968 ലാണ് ഈ വീട് നിര്‍മ്മിച്ചത്. ഒരു സംഘം യുവാക്കള്‍ അവധിക്കാലം ആഘോഷിക്കാനായി ഇവിടെ എത്തിയപ്പോള്‍ ഈ പാറപ്പുറത്ത് സമയം ചിലവിടുകയും വേനൽക്കാലത്ത് ഒത്തുകൂടാൻ എന്ത് കൊണ്ടൊരു ചെറിയ വീട് നിര്‍മ്മിച്ചു കൂടാ എന്ന് ചിന്തിക്കുകയും ചെയ്തു. അങ്ങനെയാണ് വീടിന്റെ ജനനം. സൂര്യപ്രകാശത്തില്‍ നിന്നും തണല്‍ നല്‍കാന്‍ പലകകള്‍ ചേര്‍ത്താണ് ആദ്യം ഈ യുവാക്കള്‍ വീട് നിർമിച്ചത്. ഈ പലകകള്‍ പിന്നീട് വെള്ളത്തില്‍ ഒഴുകി പോയി. കൂട്ടത്തില്‍ പതിനേഴുകാരനായിരുന്ന മിലിജ മാന്‍ഡിയാക് ആണ് പിന്നീടു ഒരല്‍പം കൂടി ബലത്തില്‍ പലകകള്‍ ചേര്‍ത്തു വീട് പുനര്‍നിര്‍മ്മിച്ചത്. ബോട്ടിലും കയാക്കിലും ആണ് വീട് നിര്‍മ്മിക്കാനുള്ള വസ്തുക്കള്‍ പണ്ട് മിലിജയും കൂട്ടുകാരും കൊണ്ടുവന്നത്. 

Rock-house-Serbia

തന്റെ ഈ ഐഡിയ പിൽക്കാലത്ത്  ലോകപ്രശസ്തമായി മാറുമെന്ന് എന്ന് മിലിജ ചിന്തിച്ചു കാണില്ല. നാഷണല്‍ ജോഗ്രഫിക്ക് ഈ വീടിന്റെ ചിത്രം ' ഫോട്ടോ ഓഫ് ദി ഡേ ' ആയി പബ്ലിഷ് ചെയ്തതോടെ ആണ് ഡ്രീന നദിക്കരയിലെ ഈ വീട് കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചത്. നൊബേൽ പുരസ്‌കാര ജേതാവായ  ഇവോ ആന്‍ട്രിക് ആണ് ആദ്യം ഡ്രീന നദിയെ ലോകത്തിനു പരിചയപ്പെടുത്തിയത്. 

drina-river-house-serbia

ഒരു പ്രൈവറ്റ് പ്രോപര്‍ട്ടി ആണ് ഇപ്പോഴും  എന്നത് കൊണ്ട് തന്നെ കാണികള്‍ക്ക് ഇപ്പോഴും ഇതിനുള്ളിലേക്ക് പ്രവേശനം ഇല്ല. പുറത്തു നിന്നും ഡ്രീന നദിയുടെയും വീടിന്റെയും സൗന്ദര്യം ആസ്വദിക്കാം എന്നുമാത്രം.  നദിയിൽ ഈ കാലയളവിൽ പല തവണ കുത്തൊഴുക്കുകൾ രൂപപെട്ടിട്ടും ഈ വീട് ഒരു അഭ്യാസിയെപ്പോലെ ആ പാറപ്പുറത്ത് ബാലൻസ് ചെയ്തു നിൽക്കുന്നതിന്റെ രഹസ്യം കാഴ്ചക്കാർക്ക് ഇപ്പോഴും അജ്ഞാതമാണ്.

English Summary- Drina River House Serbia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA