ADVERTISEMENT

ശതകോടീശ്വരന്മാരുടെ കിറുക്കൻ ആശയം എന്ന് തോന്നാമെങ്കിലും ലോകമെമ്പാടും ഇന്ന് ഡൂംസ്ഡേ ബങ്കറുകളുടെ നിര്‍മാണം പൊടിപൊടിക്കുകയാണ്. ലോകാവസാനം മുന്നില്‍ കണ്ടു തങ്ങള്‍ക്ക് സുരക്ഷിതമായി കഴിയാന്‍ ആഡംബരബങ്കറുകള്‍ ഇന്ന് പല സെലിബ്രിറ്റികള്‍ക്കും സ്വന്തമായുണ്ട് എന്നാണ് അടക്കംപറച്ചില്‍.  ബില്‍ ഗേറ്റ്സിന് വരെ തന്റെ വീടിനോട് ചേര്‍ന്ന് ഇത്തരം ബങ്കര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്‌. 

2016 ല്‍ മാത്രം ഇത്തരം ഹൈ കസ്റ്റം ബങ്കറുകളുടെ ആവശ്യത്തില്‍ 70% വര്‍ധനവ്‌ ഉണ്ടായി എന്നാണ് ഇത്തരം ബങ്കറുകള്‍ നിര്‍മ്മിച്ച്‌ നല്‍കുന്ന ടെക്സാസ് ആസ്ഥാനമായുള്ള കമ്പനിയുടെ തലവന്‍ ഗാരി ലിഞ്ച് പറയുന്നത്. ഒരുവർഷം വരെയുള്ള ആഹാരം സംഭരിച്ചു വയ്ക്കാന്‍ സാധിക്കുന്നതും ഭൂമികുലുക്കത്തെ പോലും പ്രതിരോധിക്കാന്‍ സാധിക്കുന്നതും ആണ് ഈ ബങ്കറുകള്‍. 

doomsday-bunkers

വലിയ കമ്പനികള്‍ അവരുടെ ജീവനക്കാരെ മുഴുവന്‍ രക്ഷിക്കാന്‍ കെല്‍പ്പുള്ള ബങ്കറുകള്‍ വരെ നിര്‍മ്മിച്ചിട്ടുണ്ട് എന്ന് പറയുമ്പോള്‍ ഊഹിക്കാമല്ലോ ഈ രംഗത്തെ വളര്‍ച്ച. ഇത്തരം പല ബങ്കറുകളും ഒരു ഫൈവ് സ്റ്റാര്‍ ഷെല്‍ട്ടറിന് തുല്യമാണ്. 

ആണവയുദ്ധം, ഭൂമികുലുക്കം എന്നിവയെ ഈ ബങ്കറുകള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കും. മികച്ച പവര്‍ സിസ്റ്റം, വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം, ബ്ലാസ്റ്റ് വാല്‍വ്സ്, നുക്ലിയര്‍ ബയോളജിക്കല്‍ എയര്‍ ഫില്‍റ്ററെഷന്‍ സംവിധാനം എന്നിവ ഇവയുടെ ഉള്ളില്‍ സുസജ്ജം. ഒരു വർഷം വരെയുള്ള ആഹാരം ഇതിനുള്ളില്‍ സംഭരിക്കാന്‍ സാധിക്കും. ചില ബങ്കറുകളില്‍ ഹൈഡ്രോപോണിക്ക് ഗാര്‍ഡന്‍ വരെ ഉണ്ടാകും. ഒരു വലിയ കമ്മ്യൂണിറ്റിക്ക് കഴിയാന്‍ സാധിക്കുന്ന തരം ബങ്കറുകള്‍ വരെ നിര്‍മ്മിക്കുന്നുണ്ട് ചിലര്‍. ഒരു വിപത്ത് സംഭവിച്ചാല്‍ ഡോക്ടറുമാരും അധ്യാപകരും അടങ്ങിയ ഒരു കമ്മ്യൂണിറ്റിയെ സംരക്ഷിക്കാന്‍ ആണിത്.

ഇത്തരം ഒരു ബങ്കര്‍ സൗത്ത് ഡക്കോട്ടയ്ക്ക് സമീപനം ബ്ലാക്ക്‌ ഹില്‍സില്‍ ഉണ്ട്. 575 മിലിട്ടറി ബങ്കറുകള്‍ ചേര്‍ത്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 5,000 പേരെ ഒരേസമയം ഇവിടെ സംരക്ഷിക്കാന്‍ സാധിക്കും. 200,000 ഡോളര്‍ വരെയാണ് ഇതിന്റെ നിര്‍മ്മാണച്ചെലവ്.ഇനി കൂടുതല്‍ ആഡംബരങ്ങള്‍ വേണ്ട ആളുകള്‍ക്ക് 'ആധുനിക കാല നോഹയുടെ പേടക'ത്തിനു തുല്യം ആയ സംവിധാനങ്ങള്‍ നല്‍കുന്നുണ്ട്. തടിയില്‍ തീര്‍ത്ത ഈ ബങ്കറുകള്‍ 2,500 ചതുരശ്രയടിയില്‍ ആണ് ആരംഭിക്കുന്നത്. ഉടമയ്ക്ക് ഇഷ്ടാനുസരണം ഇത് റിനോവേറ്റ് ചെയ്യാനും അവസരമുണ്ട്. 

doomsday-bunker-inside

ഡെവലപ്പര്‍ ലാറി ഹാളിന്റെ 'സര്‍വൈവല്‍ കോണ്ടോ' എന്ന ബങ്കര്‍ കാന്സാസില്‍ ആണ്. അമേരിക്കന്‍ ആര്‍മിയുടെ രണ്ടു അറ്റ്‌ലസ് മിസൈല്‍ സിലോസ് ആണ് ഇവിടെ ബങ്കര്‍ ആക്കിയിരിക്കുന്നത്. ഒരു ഉടമ  നിര്‍ദേശിച്ചപ്രകാരമാണീ നിര്‍മാണം. 3,600 ചതുരശ്രയടിയുള്ള ഒരു  സര്‍വൈവല്‍ കോണ്ടോയുടെ മൂല്യം 4.5 മില്യന്‍ ഡോളര്‍ ആണ്. പൂള്‍, ജനറല്‍ സ്റ്റോര്‍, തിയറ്റര്‍, ലൈബ്രറി എന്നിവ വരെ ഉള്ളില്‍ സജ്ജം. 

doomsday-bunker-entrance

ചെക്ക് റിപബ്ലിക്കിലെ 'ദി ഒപ്പിഡിയം' ആണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ബില്യണര്‍ ബങ്കര്‍ എന്നറിയപ്പെടുന്നത്. 1984 ലാണ് സോവിയറ്റ് യൂണിയനും ചെക്കോസ്ലോവാക്യയും ചേര്‍ന്ന് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 77,000 ചതുരശ്രയടിയുള്ള അണ്ടര്‍ ഗ്രൌണ്ട് ബങ്കര്‍ ആണിത്. അണ്ടര്‍ഗ്രൌണ്ട് ഗാര്‍ഡന്‍ , പൂള്‍, സ്പാ , സിനിമ ഹാള്‍ എന്നിവയെല്ലാം ഉള്ളിലുണ്ട്. പലരും ഇതിനുള്ളിലെ ലക്ഷ്വറി ജീവിതത്തെ വിമര്‍ശിക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ പറയുന്നത് ദീര്‍ഘകാലം ഈ ബങ്കറുകളില്‍ ജീവിക്കേണ്ടി വന്നാല്‍ ഇതിനുള്ളിലെ ജീവിതം വിരസമാകാതെ നോക്കാനാണ് ഈ സംവിധാനങ്ങള്‍ എന്നാണ്. 

English Summary- Doomsday Bunkers Around the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com