ADVERTISEMENT

മരടിലെ പൊളിക്കുന്ന ഫ്ളാറ്റുകളിലേക്കാണ് ഇന്ന് കേരളത്തിന്റെ മുഴുവൻ കണ്ണും കാതും. നിയന്ത്രിത സ്ഫോടനത്തിലൂടെ എങ്ങനെ കെട്ടിടം തകർക്കുന്നു എന്നതാണ് പലർക്കും കൗതുകമുളള കാര്യം.  2016 ൽ ഇറങ്ങിയ ജീത്തു ജോസഫ് ചിത്രം  ഊഴത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം ഒരു ഡെമോളിഷൻ എക്സ്പെർട്ട് ആയിരുന്നു. അതായത് കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ ഞൊടിയിടയിൽ തകർക്കുന്ന വിദ്വാൻ. കേരളത്തിൽ വൻകിട കെട്ടിടങ്ങൾ ഇത്തരത്തിൽ പൊളിക്കുന്നത് താരതമ്യേന പുതിയതാണ് എങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് ഒരുപാട് തവണ സംഭവിച്ച കാര്യമാണ്. അത്തരം ചില തകർക്കലുകൾ പരിചയപ്പെടാം.

 

കിങ്ഡം, സിയാറ്റില്‍ 

1976ലാണ് അമേരിക്കയിലെ സിയാറ്റിലിലെ മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയമായ കിങ്ഡം നിര്‍മിക്കുന്നത്. നിരവധി ഫുട്‍ബോൾ, ബേസ് ബോൾ, കൺസേർട്ടുകൾ തുടങ്ങി നിരവധി മത്സങ്ങൾക്കും പ്രകടനങ്ങൾക്കും സ്റ്റേഡിയം വേദിയായി. 1990 കളിൽ അറ്റകുറ്റപ്പണികൾക്കുള്ള ഭാരിച്ച ചെലവും മത്സരങ്ങളുടെ എണ്ണം കുറഞ്ഞതും ഉടമകൾ തമ്മിലുള്ള തർക്കങ്ങളും സ്റ്റേഡിയം പൊളിക്കാനുള്ള തീരുമാനത്തിൽ കൊണ്ടെത്തിച്ചു. 2000 മാര്‍ച്ച് 26ന്  നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഈ സ്റ്റേഡിയം തകര്‍ത്തു. അക്കാലത്തെ ഏറ്റവും വലിയ തകർക്കലുകളിൽ ഒന്നായി ഇത് വിശേഷിക്കപ്പെടുന്നു.

 

ബാങ്ക് ഓഫ് ലിസ്ബൻ

ജൊഹന്നാസ്ബർഗിലെ ലിസ്ബൻ ബാങ്ക് പ്രവർത്തിച്ചിരുന്ന കെട്ടിടം ഒരു തീപിടിത്തത്തെ തുടർന്നുണ്ടായ ബലക്കുറവിനെ തുടർന്നാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു നീക്കാൻ തീരുമാനിച്ചത്. 2018 സെപ്റ്റംബറിലായിരുന്നു കെട്ടിടം പൊളിച്ചത്. 108 മീറ്റർ നീളമുണ്ടായിരുന്ന കെട്ടിടം പൊളിച്ചു നീക്കപ്പെട്ട രണ്ടാമത്തെ ഉയരമുള്ള കെട്ടിടം കൂടിയാണ്. മൂന്നു അഗ്നിശമനസേനാ ജീവനക്കാർക്ക് കെട്ടിടം പൊളിക്കുന്നതിനിടയിൽ ജീവഹാനി സംഭവിച്ചു.

 

കെ 25 , ടെന്നസി

അമേരിക്ക അണുബോംബുകൾ നിർമിക്കുന്നതിനാവശ്യമായ യുറേനിയം സമ്പുഷ്‌ടീകരണത്തിനാണ് ഈ കെട്ടിടം നിർമിച്ചത്. മൻഹാട്ടൻ പ്രോജക്ടിനുള്ള കോഡ് നാമമായിരുന്നു കെ 25. നാലു നിലകളിലായി 16 ലക്ഷം ചതുരശ്രയടിയായിരുന്നു വിസ്തീർണം. 1944 നിർമാണം പൂർത്തീകരിച്ചപ്പോൾ അക്കാലത്തെ ഏറ്റവും വലിയ കെട്ടിടമായിരുന്നു ഇത്. യുദ്ധത്തിന് ശേഷം 1964 ൽ പ്ലാന്റ് പ്രവർത്തനം നിർത്തി. പിന്നീട് വർഷങ്ങൾ ഈ കെട്ടിടം ഒഴിഞ്ഞു കിടന്നു. 2009 ൽ കെട്ടിടം പൊളിക്കാൻ ധാരണയായി. അഞ്ചു വർഷമെടുത്ത് 2014 ലാണ് കെട്ടിടം പൊളിച്ചത്.

 

270 പാർക്ക് അവന്യു, ന്യൂയോർക്

1957 ൽ നിർമിക്കപ്പെട്ട ഈ കെട്ടിടത്തിന് 216 മീറ്റർ ഉയരമുണ്ടായിരുന്നു. നേരത്തെ യൂണിയൻ കാർബൈഡ് ബിൽഡിങ് എന്നറിയപ്പെട്ടിരുന്ന കെട്ടിടം, കാലപ്പഴക്കത്തിന്റെ അസൗകര്യങ്ങളെത്തുടർന്നാണ് പൊളിച്ചു മാറ്റാൻ തീരുമാനിച്ചത്. സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് നിയന്ത്രിത സ്ഫോടനം ഒഴിവാക്കിയാണ് കെട്ടിടം പൊളിക്കുന്നത്. 2019 അവസാനത്തോടെ തുടങ്ങിയ പൊളിക്കൽ ഇപ്പോഴും തുടരുന്നു. ലോകത്തിൽ പൊളിച്ചു മാറ്റിയ ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന റെക്കോർഡ് ഇപ്പോൾ പാർക്ക് അവന്യുവിനാണ്.

English Summary- Demolished Buildings Across The World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com