ഈ ചിത്രം ഒരു പ്രതീക്ഷയാണ്! ഒടുവിൽ ചൈനയിലെ ആ വൈറൽ ആശുപത്രികൾ അടച്ചു; കാരണം..

covid-hospital
SHARE

ലോകം മുഴുവൻ കോവിഡ്-19 ഭീതിയിൽ അമരുമ്പോഴും ഉത്ഭവസ്ഥാനമായ ചൈനയിൽ നിന്ന് ശുഭപ്രതീക്ഷ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. നിരവധി പേർക്ക് രോഗം ഭേദമായതിനെ തുടർന്ന് കോവിഡ്-19 രോഗബാധിതരെ ചികിൽസിക്കാനും പാർപ്പിക്കാനുമായി നിർമിച്ച 16 ഇടക്കാല ആശുപത്രികൾ ചൈന അടച്ചു. അവസാന രോഗിയും വീട്ടിലേക്ക് മടങ്ങിയപ്പോൾ ഒഴിഞ്ഞ കിടക്കയിൽ വിശ്രമിക്കുന്ന ഡോക്ടറുടെ ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

കോവിഡ് 19 രോഗത്തെ പ്രതിരോധിക്കാൻ ചൈനയിൽ അതിവേഗം നിർമിച്ച ആശുപത്രികൾ ലോകശ്രദ്ധ ആകർഷിച്ചിരുന്നു. അന്ന് നിരവധി മണ്ണുമാന്തി യന്ത്രങ്ങൾ വിശാലമായ  സ്ഥലത്ത് കുഴിയെടുക്കുന്ന ചിത്രം പത്രമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. രോഗബാധിതരെ കുഴിച്ചു മൂടാനാണ് ഇത് എന്നുവരെ കിംവദന്തികൾ പലരും പ്രചരിപ്പിച്ചു. ഒടുവിൽ സത്യം അറിഞ്ഞപ്പോൾ പലർക്കും വിശ്വസിക്കാനായില്ല. വെറും 6 ദിവസം കൊണ്ടാണ് 269,000 ചതുരശ്രയടിയിൽ 1000 കിടക്കകളുള്ള 'വുഹാൻ  ഹൂഷെൻഷൻ ഹോസ്പിറ്റൽ',  323,000 ചതുരശ്രയടിയിൽ 1300 കിടക്കകളുള്ള ലീഷെൻഷാൻ ഹോസ്പിറ്റൽ എന്നിവയടക്കം 16 ഇടക്കാല ആശുപത്രികളാണ് ചൈന പടുത്തുയർത്തിയത്.

china-corona-hospital

ബഹുനില കെട്ടിടങ്ങൾ അതിവേഗം കെട്ടിപ്പൊക്കുന്നത് ചൈന ഇതാദ്യമല്ല. 2003 ൽ സാർസ് പടർന്നു പിടിച്ചപ്പോഴും സമാനമായി അതിവേഗ ആശുപത്രികൾ ചൈന നിർമിച്ചിരുന്നു. ദുബായിൽ 3 ഡി പ്രിന്റിങ് സാങ്കേതികവിദ്യയിലൂടെ മണിക്കൂറുകൾ കൊണ്ട് ഒരുനില കെട്ടിടം നിർമിച്ചത് കുറച്ചു നാളുകൾ മുൻപ് വാർത്തയായിരുന്നു. എങ്കിലും അത് കുറഞ്ഞ ചതുരശ്രയടി മാത്രമുള്ള പ്രോട്ടോടൈപ്പ് കെട്ടിടങ്ങളായിരുന്നു. അതിനെയൊക്കെ കടത്തിവെട്ടുന്ന നിർമാണവേഗതയാണ് ചൈന ആശുപത്രിയിലൂടെ തെളിയിക്കുന്നത്.

Lessons Kerala can learn from Wuhan as it battles Coronavirus

ഇതിന്റെ ശരിക്കുള്ള നിർമാണ രഹസ്യം എന്തെന്ന് ഇനിയും ചൈന പുറത്തുവിട്ടിട്ടില്ല. പ്രീഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യയാണ്‌ ഉപയോഗിച്ചതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതായത് ഫാക്ടറികളിൽ നിർമിച്ച കെട്ടിടഭാഗങ്ങൾ (ചുവർ, അടിത്തറ, മേൽക്കൂര) സൈറ്റിൽ കൊണ്ടുവന്നു യന്ത്രസഹായത്തോടെ കൂട്ടിയോജിപ്പിക്കുന്നു. എങ്കിലും അത്യാധുനിക മെഡിക്കൽ യന്ത്രസംവിധാനമടക്കം കെട്ടിടം ഇത്ര കുറച്ചു സമയത്തിനുള്ളിൽ സുസജ്ജമാക്കിയതാണ് ആളുകളെ  അദ്ഭുതസ്തബ്ധരാക്കുന്നത്. 

TOPSHOT-CHINA-HEALTH-VIRUS

കേരളത്തിലടക്കം പ്രളയനാന്തരം പ്രീഫാബ്രിക്കേറ്റഡ് കെട്ടിടങ്ങളുടെ നിർമിച്ചിരുന്നു എങ്കിലും ഇത്ര കുറച്ചു ദിവസം കൊണ്ട് ഇത്രയും വിസ്തൃതമായ കെട്ടിടം നിർമിക്കുന്നത് ലോകത്ത് തന്നെ അപൂർവമാണ്. എന്തായാലും ആരോഗ്യ അടിയന്തരാവസ്ഥ നേരിടുമ്പോഴും ഇതുപോലെ കാര്യക്ഷമമായി കെട്ടിടങ്ങൾ നിർമിക്കുന്ന ചൈനയെ സമ്മതിക്കാതെവയ്യ എന്നാണ് മറ്റു ലോകരാജ്യങ്ങൾ പറയുന്നത്..

English Summary- Corona Makeshift Hospitals Closed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA