sections
MORE

ഇങ്ങനെ പറ്റിക്കാമോ! കൊറോണക്കാലത്ത് യുവാവിന്റെ 'വർക് ഫ്രം ഹോം'; സംഭവം വൈറൽ!

work-from-home-fake
SHARE

കൊറോണ  വൈറസ് ഭീതിയിൽ ലോകമെങ്ങുമുള്ള കമ്പനികൾ 'വർക് ഫ്രം ഹോം' നയം നടപ്പാക്കുകയാണ്. സ്വന്തം വീടിന്റെ അടച്ചിട്ട മുറിയിൽ ഇരുന്നു കമ്പ്യൂട്ടറിൽ പണിയെടുക്കുകയാണ് മിക്കവരും. വിഡിയോ ചാറ്റ് വഴിയാണ് സഹപ്രവർത്തകർ തമ്മിൽ കണ്ടു സംസാരിക്കുന്നത്. പ്രൊഫഷനലായ പതിവ് ഓഫിസ് ചുറ്റുപാടുകൾക്ക് പകരം കുഞ്ഞുകുട്ടി പരാധീനങ്ങളൊക്കെ ഫ്രയിമിൽ വരും എന്നതാണ് ഇതിന്റെ ഒരു പോരായ്മ. ഇതിനെകുറിച്ച് നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്. അരയ്ക്ക് മുകളിൽ മാത്രമേ കാണുകയുള്ളൂ എന്നതിനാൽ കോട്ടും ടൈയും താഴെ ബർമുഡയും മാത്രമിട്ടിരിക്കുന്ന ചിത്രങ്ങൾ ചിരിയുണർത്തിയിരുന്നു. എന്നാൽ ഒരുപടി കൂടി കടന്നു  ഒരു വിദ്വാൻ ഒപ്പിച്ച പണിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിയുണർത്തുന്നത്.

work-from-home-andrew

കേംബ്രിജിലെ കാന്‍സര്‍ ഗവേഷണ കേന്ദ്രത്തില്‍ സോഫ്റ്റ് വെയര്‍ എൻജിനീയറായ ആൻഡ്രൂ വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനിടയിൽ തന്റെ സഹപ്രവർത്തകരെ നന്നായൊന്നു പറ്റിച്ചു. ജോലിയുടെ ഭാഗമായുള്ള വിഡിയോ കോളിനിടെ ആൻഡ്രുവിന്റെ ആഡംബര ഫ്ലാറ്റിന്റെ കമനീയമായ അകത്തളങ്ങൾ കണ്ടു സഹപ്രവർത്തകർക്ക് അസൂയ തോന്നി. തങ്ങളുടെ അതേ  ശമ്പളമുള്ള ഇവൻ എങ്ങനെയാണ് ഇത്ര ആഡംബരമായി ജീവിക്കുന്നത് എന്ന് പലരും സംശയിച്ചു. പക്ഷേ ഒന്നരമണിക്കൂർ കഴിഞ്ഞു കോൾ അവസാനിച്ച ശേഷമാണു ശരിക്കുള്ള ട്വിസ്റ്റ്.

പിന്നിൽ കണ്ടത് നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത ഫ്ലാറ്റ് ഇന്റീരിയറുകളുടെ പേപ്പർ കട്ടിങ്ങായിരുന്നു! ആൻഡ്രൂ ഇവ വിദഗ്ധമായി ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചെടുക്കുകയായിരുന്നു. അതങ്ങോട്ട് മാറ്റിയപ്പോൾ പിന്നിൽ കണ്ടതോ, അലങ്കോലമായി കിടക്കുന്നതാണ് ചെറിയൊരു കിടപ്പുമുറി!

ഈ കഥ  ആൻഡ്രൂ ഫെയ്‌സ്ബുക്കിൽ വെളിപ്പെടുത്തിയതോടെയാണ് സംഭവം വൈറലായത്. ആൻഡ്രൂവിന്റെ ഫെയ്സ്ബുക് പോസ്റ്റ്...

ഇങ്ങനെയാണ് ഞാൻ എന്റെ സഹപ്രവർത്തകരെ പറ്റിച്ചത്. എന്റെ ആഡംബര ഫ്ലാറ്റിന്റെ ദൃശ്യങ്ങൾ കണ്ട്  എല്ലാവരും ഞെട്ടിയിരിക്കുകയാണ്. സത്യത്തിൽ അത്, ഞാൻ ഫ്ലിക്കറിൽ നിന്നും സെർച്ച് ചെയ്തെടുത്ത കുറച്ച് അപാർട്മെന്റ് ഇന്റീരിയറുകളുടെ ഫോട്ടോ 6 പേജുകളിൽ പ്രിന്റ് ചെയ്‌ത് മാസ്കിങ് ടേപ്പ് കൊണ്ട് ഒട്ടിച്ചെടുത്തതാണ്. ഒന്നര മണിക്കൂറുള്ള വിഡിയോ ചാറ്റിനിടെ, അത് ഞാൻ വെളിപ്പെടുത്തിയതേ ഇല്ല...

 രസകരമായ കമന്റുകളാണ് ഇതിനടിയിൽ വന്നത്. സിനിമയിൽ ഉപയോഗിക്കുന്ന സിജിഐ  ടെക്‌നോളജിയുടെ ഹോം വേർഷനാണ് ഇതെന്ന് ചിലർ വാഴ്ത്തുമ്പോൾ മുറി അടുക്കാൻ മടിയുള്ളവർക്ക് നല്ല സൂത്രം പറഞ്ഞു തന്നതിന് പലരും നന്ദിയും പറയുന്നുണ്ട്...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA