ADVERTISEMENT

വീട് പണിയുമ്പോൾ അത് കാഴ്ചയിൽ വ്യത്യസ്തമായിരിക്കണം എന്ന് ആഗ്രഹിക്കാത്തവരായി ആരാണുണ്ടാകുക? ആലപ്പുഴ അരൂക്കുറ്റി സ്വദേശിയായ രാജുവും അത് മാത്രമാണ് ആഗ്രഹിച്ചത്. മനസിലുള്ള പോലെ വീടുണ്ടാക്കി. എന്നാൽ അത് മാത്രം പോരല്ലോ, വീട് പുറമെ നിന്ന് കാണുന്നവർക്കും ഒരു പുതുമയൊക്കെ തോന്നണ്ടേ? അങ്ങനെ പരീക്ഷണം ഗേറ്റിൽ ആകാം എന്ന് തീരുമാനിച്ചു. നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ കുട്ടികളെ എണ്ണം പഠിപ്പിക്കാൻ ഉപയോഗിക്കുന്ന 'അബാക്കസ്' മാതൃകയിൽ മുത്തുകൾ പതിപ്പിച്ച ഒരു ഗേറ്റുണ്ടാക്കി, അതോടെ ഗേറ്റിനു മുന്നിൽ വന്നു ആശ്ചര്യപ്പെട്ട് നിൽക്കുന്നവരുടെ എണ്ണവും കൂടി. ഒടുവിൽ രാജുവിന് നേരിട്ട് പുറത്തിറങ്ങി വന്ന് പറയേണ്ടി വന്നൂ...സൂക്ഷിച്ച് നോക്കണ്ടടാ ഉണ്ണീ..ഇത് സ്ളേറ്റല്ല ഗേറ്റാണ്...



കോയമ്പത്തൂര് നിന്നും മുത്തുകൾ..

slate-gate-house


രണ്ടു വർഷങ്ങൾക്ക് മുൻപാണ് രാജു വീട് വയ്ക്കുന്നത്. ഓഫ് സെറ്റ് പ്രിന്റിംഗ് പ്രസ് നടത്തുന്ന രാജുവിന്‌ ചെറുപ്പം മുതൽക്ക് വ്യത്യസ്തമായ കാര്യങ്ങളോടാണ് താല്പര്യം. അങ്ങനെ വീട് പണി കഴിഞ്ഞപ്പോൾ ഗേറ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ട സമയമായി. ആശയം വീട്ടുകാരുമായി പങ്കുവച്ചപ്പോൾ എല്ലാവർക്കും സമ്മതം.

സ്ളേറ്റ് എന്നത് ഒരുകാലത്ത് എല്ലാവർക്കും പ്രിയപ്പെട്ട വസ്തുവായിരുന്നു എന്നതിനാൽ തന്നെ ആ നൊസ്റ്റാൾജിയ എല്ലാവരും ആസ്വദിച്ചു. എന്നാൽ ആശയം പോലെ എളുപ്പമായിരുന്നില്ല ഗേറ്റിന്റെ നിർമാണം. മാതൃക പറഞ്ഞപ്പോൾ ചെയ്യാൻ ആളുകൾ തയ്യാർ. എന്നാൽ എണ്ണം പഠിപ്പിക്കുന്ന മുത്തുകൾ കോർത്ത ഭാഗത്തേക്ക് വേണ്ട സ്റ്റീൽ ബോളുകൾ ലഭിക്കാൻ പ്രയാസം. കൊച്ചിയിലും ആലപ്പുഴയിലുമെല്ലാം അന്വേഷിച്ചു മടുത്തപ്പോൾ ശ്രമം ഉപേക്ഷിക്കാൻ പലരും പറഞ്ഞു. എന്നാൽ രാജു തയ്യാറായില്ല. ഒടുവിൽ കോയമ്പത്തൂര് നിന്നുമാണ് സ്റ്റീൽ ബോളുകൾ സംഘടിപ്പിച്ചത്. അത് നാട്ടിലെത്തിച്ച് തുരുമ്പ് മാറ്റി പെയിന്റ് ചെയ്ത മനോഹരമാക്കി.


15000 രൂപയ്‍ക്കൊരു ഗേറ്റ്

gate-design



''സാധാരണയായി ഒരു വീടിനു ഗേറ്റ് വയ്ക്കുമ്പോൾ അതിനായി ശരാശരി 50000 രൂപമുതൽ 65000  രൂപവരെ ചെലവാക്കാറുണ്ട്. എന്നാൽ ഈ ഗേറ്റിനു ആകെ ചെലവായത് 15000 രൂപയാണ്. ആവശ്യമെങ്കിൽ എടുത്ത് മാറ്റാനും പുതിയ ഗേറ്റ് ഘടിപ്പിക്കാനും കഴിയുന്ന വിധത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ജിഐ, സ്റ്റീൽ ബോളുകൾ എന്നിവയാണ് ഗേറ്റിനായി ഉപയോഗിച്ചിരിക്കുന്നത്.'' രാജു പറയുന്നു.

പ്ളേ സ്‌കൂൾ അല്ല..വീടാണേ..

വീട്ടിൽ ചെറിയ കുട്ടികൾ ഉള്ളതിനാലും കൂടിയാണ് ഇത്തരത്തിൽ ഒരു പരീക്ഷണം ഗേറ്റിൽ നടത്തിയത്.എന്നാൽ പണി തീർന്നതോടെ ഗേറ്റ് ചെറുതായി പണി തിരിച്ചു തന്നു തുടങ്ങി. ഗേറ്റ് കണ്ട പലരും വീട് ഒരു പ്ളേ സ്‌കൂൾ ആണെന്ന് കരുതി കുട്ടികളെ ചേർക്കാനായി വന്നു. ഇത് പലകുറി ആവർത്തിക്കപ്പെട്ടതോടെ രാജുവിനും ചിരി പൊട്ടി. ഇപ്പോഴും പല ആളുകളും കൗതുകത്തോടെ ഗേറ്റ് നോക്കി നിൽക്കാറുണ്ട്. എന്തായാലും തന്റെ ഗേറ്റ് കാണുമ്പോൾ രാജുവിന്റെ മനസ്സിൽ എന്നും പച്ചിലത്തണ്ടുകൊണ്ട് സ്ളേറ്റ് മായ്ച്ച ആ സ്‌കൂൾ കാലമാണ് ഓടിയെത്തുന്നത്.


English Summary- Abacus Model Gate House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com