ADVERTISEMENT

ഈ ന്യൂജെൻ കാലത്തും പഴമയോടും പാരമ്പര്യത്തോടുമുള്ള മലയാളികളുടെ പ്രണയം വർധിച്ചു വരികയാണ്. അതല്ലെങ്കിലും നഷ്ടപ്പെട്ടു തുടങ്ങുമ്പോൾ മാത്രമേ പലതിന്റെയും മൂല്യം നമ്മൾ തിരിച്ചറിയുകയുള്ളൂ. നാലുകെട്ടിന്റെയും എട്ടുകെട്ടിന്റെയും മാതൃകയിൽ പഴയ വാസ്തുകലാപാരമ്പര്യം തിരിച്ചുപിടിക്കാൻ ശ്രമം നടത്തുന്ന ആർക്കിടെക്റ്റുകൾക്കുപോലും പിടികൊടുക്കാത്ത ഒരു പരമ്പരാഗത മാതൃകയാണ് കൊക്കർണികൾ. കുളങ്ങളും കൽപടവുകളും എല്ലാം പുനർനിർമിക്കാൻ കഴിഞ്ഞപ്പോഴും കൊക്കർണികൾ മാത്രം ആധുനികതയ്ക്ക് പിടികൊടുത്തില്ല എന്നത് അത്ഭുതമാണ്.

പഴയകാലത്ത് വിശാലമായ ഭവനങ്ങളുടെ മുഖ്യ ജലവിഭവസ്രോതസ്സായിരുന്ന കൊക്കർണികളെ പറ്റി ഇന്ന് പലർക്കും അറിവില്ല എന്നതാണ് വാസ്തവം. 'കൊക്കർണി'കൾ അഥവാ 'കൊക്കരണി'കൾ എന്നാൽ കിണറുകൾക്കു സമാനമായ ഒരുതരം ജലസ്രോതസുകളാണ്. ഇവയെ പ്രാദേശികമായ ഭാഷാശൈലിയുടെ അടിസ്ഥാനത്തിൽ ചിലയിടങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ, 'വാലൻകിണർ' എന്നും വിശേഷിപ്പിച്ച് കേൾക്കുന്നുണ്ട്.എന്നാൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ നിർമിതി ഇന്ന് പലയിടങ്ങളിലും മൂടപ്പെട്ട് കഴിഞ്ഞിരിക്കുന്നു.

ഗാർഹിക ആവശ്യങ്ങൾക്കായി വെള്ളം എടുക്കുന്നതിനായിട്ടാണ് കൊക്കർണികൾ ഉപയോഗിച്ചിരുന്നത് എങ്കിലും ഒരിക്കലും കിണറുകൾക്ക് സമാനമായിരുന്നില്ല കൊക്കർണികൾ. കിണറുകളിലെപ്പോലെ 'കൊക്കർണി'കളിൽ വെള്ളം കോരിയെടുക്കുന്നതിനുള്ള കപ്പിയോ കയറോ ഉണ്ടാവുകയില്ല.

പകരം, വെള്ളം എടുക്കുന്നതിനായി അടിത്തട്ടിൽ വരെ ഇറങ്ങിച്ചെല്ലുവാൻ സാധിക്കുന്ന വിധത്തിലുള്ള ചവിട്ടുപടികളാണ് ഉണ്ടാകുക. മഴക്കാലത്ത് ഇതിൽ വെള്ളം ഉയർന്ന് വരുമ്പോൾ പടികൾക്ക് മുകളിൽ നിന്നും വെള്ളം കോരിയെടുക്കാം. വേനലിൽ വെള്ളം വറ്റുന്ന അവസ്ഥയിൽ മാത്രം കൂടുതൽ പടികൾ ഇറങ്ങി താഴേക്കു ചെന്ന് വെള്ളമെടുക്കാം.

കടുത്ത വേനലിനെ അഭിമുഖീകരിക്കേണ്ടി വരുന്ന കാലഘങ്ങളിൽ പ്രദേശത്തെ മറ്റ് ജലസ്രോതസുകൾ വറ്റിവരണ്ടാൽ പോലും കൊക്കർണികളിൽ വെള്ളം ഉണ്ടായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല, ഒരു പ്രദേശത്ത് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും ശുദ്ധമായ ജലം ലഭിക്കുന്നതും കൊക്കർണികളിൽ നിന്നായിരിക്കും. വാസ്തുവിദഗ്ദർ അത്ര കൃത്യമായി സ്ഥാനം നിർണയിച്ച ശേഷമാണു ഓരോ കൊക്കർണിയും നിർമിച്ചിരുന്നത്.

സാധാരണ കിണറുകൾ കുത്തുന്ന ആളുകളിൽ നിന്നും വ്യത്യസ്തരായി പ്രത്യേക വൈദഗ്ദ്യം ലഭിച്ച ആളുകളാണ് കൊക്കർണിയുടെ നിർമാണം നോക്കുന്നത്. തറവാട് വീടുകൾക്ക് പുറമെ, ക്ഷേത്രാവശ്യങ്ങൾക്കായും പ്രത്യേക കൊക്കർണികൾ നിർമിച്ചിരുന്നു. നിലവിൽ കേരളത്തിൽ കാണാൻ കഴിയുന്ന കൊക്കർണികൾ അത്രയും ക്ഷേത്രങ്ങളോട് അനുബന്ധിച്ചുള്ളവയാണ്. വീടുകളോട് അനുബന്ധിച്ചുണ്ടായിരുന്നവ പലതും ഇന്ന് ഇല്ലാതായിക്കഴിഞ്ഞു.

traditional-wells

കിണറുകൾക്ക് സമാനമായി വൃത്തരൂപത്തിലും, കുളങ്ങൾക്ക് സമാനമായി  ചതുരാകൃതിയിലും, ഷട്ഭുജാകൃതിയിലും ഒക്കെ കൊക്കർണികൾ നിർമിക്കാറുണ്ട്. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും പലയിടങ്ങളിലായി മൂടപ്പെട്ട രൂപത്തിൽ ഉപയോഗശൂന്യമായ കൊക്കർണികൾ കണ്ടെടുത്തിട്ടുണ്ട്. നിർമാണത്തിൽ ഏറെ വേറിട്ട് നിൽക്കുന്ന ഈ ജലസ്രോതസ്സുകൾ മലയാളികൾക്ക് കൈമോശം വന്നു പോയ പാരമ്പര്യ നിർമിതികളെ തന്നെയാണ് കാണിക്കുന്നത്. 

English Summary- Traditional Well Water System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com