sections
MORE

കേരളത്തിലെ ആദ്യത്തെ കോവിഡ് ആശുപത്രി റെഡി; നിർമിക്കാനെടുത്തത് വെറും 124 ദിവസം

covid-hospital
SHARE

അഞ്ചേക്കർ ഭൂമിയിൽ 541 കിടക്കകളുമായി സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസർകോട് ജില്ലയിലെ ചട്ടഞ്ചാൽ പുതിയവളപ്പിൽ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. നിർമാണം അന്തിമഘട്ടത്തിൽ എത്തിയതായും കൈമാറാൻ ഒരുക്കമാണെന്നും ടാറ്റ ഗ്രൂപ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. 

കോവിഡിന്റെ രണ്ടാം ഘട്ടത്തിൽ ജില്ലയിൽ കോവിഡ് പോസിറ്റീവുകാരുടെ എണ്ണം കുത്തനെ ഉയരുകയും കാസർകോട്ടെ ചികിത്സാ പരിമിതികൾ ചർച്ചയാവുകയും ചെയ്തപ്പോഴാണ്, ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്ത കോവിഡ് ആശുപത്രി കാസർകോട്ട് അനുവദിച്ചത്. ഏപ്രിൽ 11ന് നിർമാണം തുടങ്ങി 124 ദിവസം കൊണ്ട് പൂർത്തിയാക്കി. ആശുപത്രി നിർമിച്ചു കൈമാറുന്നതോടെ ടാറ്റയുടെ ഉത്തരവാദിത്തം കഴിഞ്ഞു. കട്ടിലിൽ കിടക്കകൾ സ്ഥാപിക്കുന്നതു മുതൽ ആശുപത്രിക്കാവശ്യമുള്ള ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിയമിക്കേണ്ടതും മറ്റു സംവിധാനങ്ങളൊരുക്കേണ്ടതും സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. 

ജില്ലയിലെ മണ്ണുമാന്തി യന്ത്രങ്ങളുടെ ഉടമസ്ഥരുടെ സംഘടനയും കരാറുകാരും ഭൂമി നിരപ്പാക്കുന്നതിനായി അവരവരുടെ വാഹനങ്ങൾ സൗജന്യമായി വിട്ടുനൽകിയിരുന്നു. അൻപതിലേറെ മണ്ണുമാന്തി യന്ത്രങ്ങൾ രണ്ടാഴ്ചയോളം തുടർച്ചയായി ജോലി ചെയ്താണു നിലം നിരപ്പാക്കി എടുത്തത്. 

പ്രീഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ 

kasargod-tata-covid-hospital-work

ടാറ്റയുടെ വിവിധ പ്ലാന്റുകളിൽ നിർമിച്ച യൂണിറ്റുകൾ കണ്ടെയ്നർ ലോറികളിൽ എത്തിച്ചു ചട്ടഞ്ചാലിലെ സൈറ്റിൽ ഒരുക്കിയ കോൺക്രീറ്റ് തറയിൽ ഉറപ്പിച്ചാണ് ആശുപത്രി നിർമിച്ചത്. ചണ്ഡീഗഡ്, ഗുജറാത്ത്, ഫരീദാബാദ്, ഹൈദരാബാദ്, ഹൗറ എന്നിവിടങ്ങളിലെ പ്ലാന്റുകളിൽ നിന്നാണു യൂണിറ്റ് എത്തിച്ചത്. മംഗളൂരുവിൽ കരാർ അടിസ്ഥാനത്തിലും യൂണിറ്റ് നിർമിച്ചു. രണ്ട് സ്റ്റീൽ പാളികൾക്കിടയിൽ തെർമോക്കോൾ പഫ് നിറച്ചാണ് യൂണിറ്റുകളുടെ നിർമാണം. ചൂടു കുറയുന്നതിനു സഹായിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ.

ആശുപത്രി ഇങ്ങനെ 

∙ ചെലവ്: 60 കോടി രൂപ 

∙ 51200 ചതുരശ്ര അടി വിസ്തീർണം, 541 കിടക്കകളുള്ള ആശുപത്രി 

∙ ആകെ 128 യൂണിറ്റുകൾ. 

∙ ബാക്കിയുള്ളത് റോഡ് നിർമാണം. 2 ദിവസം വെയിൽ ലഭിച്ചാൽ ഇപ്പോൾ തന്നെ ടാറിങ്. 

∙ പരിപാലനവും ജീവനക്കാരെ നിയമിക്കലുമെല്ലാം സർക്കാരിന്റെ ഉത്തരവാദിത്തം. 

∙ 30 വർഷം വരെ കേടുപാടില്ലാതെ ഉപയോഗിക്കാം. അറ്റകുറ്റപ്പണി കൃത്യമായി നടത്തിയാൽ 50 വർഷം വരെ ഉപയോഗിക്കാം. 

ഒരു യൂണിറ്റ് 

∙ 10 മീറ്റർ നീളവും 4 മീറ്റർ വീതിയുമുള്ള കണ്ടെയ്നറിനു സമാനം. 

∙ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് 5 കട്ടിൽ, പോസിറ്റീവ് ആയവരാണെങ്കിൽ 3 കട്ടിൽ. 

∙ വയോധികർക്ക് ഒറ്റ കട്ടിൽ ഉള്ള യൂണിറ്റുമുണ്ട്. ആവശ്യാനുസരണം ബെഡ് കൂട്ടാം കുറയ്ക്കാം. 

∙ യൂണിറ്റിൽ 2 എസി, 5 ഫാൻ. പ്രത്യേകം ശുചിമുറികൾ, വായു ശുദ്ധീകരിച്ച് പുറത്തേക്ക് വിടുന്ന ഡക്ട് എസി. 

∙ ‌ഒരു നിരയിൽ 2 യൂണിറ്റുകൾ. 2 നിരകൾ അഭിമുഖമായി സ്ഥാപിച്ചിരിക്കുന്നു. നടുവിലൂടെ ഇടനാഴിയും മേൽക്കൂരയും. 2 യൂണിറ്റുകൾക്കിടയിൽ ഡോക്ടർമാ‍ർക്കും ജീവനക്കാർക്കും സഞ്ചരിക്കാൻ വഴി.

English Summary- Prefabricated COVID Hospital Kasargod

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA