പല വസ്തുക്കളോടും അലര്‍ജിയുള്ള ആളുകളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ വൈദ്യുതിയോട് അലര്‍ജിയുള്ള ഒരു വ്യക്തിയെ കുറിച്ച് കേട്ടിട്ടുണ്ടോ ? 'ഇലക്ട്രോ സെന്‍സിറ്റിവിറ്റി', 'ഇലക്ട്രോമാഗ്നെറ്റിക് ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി'എന്നിങ്ങനെ അറിയപ്പെടുന്ന ഈ അവസ്ഥയാണ് 48 കാരനായ ബ്രൂണോ ബെറിക്കിനുള്ളത്.
മുൻബോക്സറായ ബ്രൂണോ ഈ അപൂര്‍വ്വ അവസ്ഥ മൂലം ഇപ്പോള്‍ ഏതാണ്ട് മുഴുവന്‍ സമയവും വീട്ടിനുള്ളിലാണ്. വൈദ്യുതിയോട് മാത്രമല്ല 5G യും ഇദേഹത്തിനു അലര്‍ജിയാണ്.
സാധാരണ ജീവിതം നയിച്ചിരുന്ന ആളായിരുന്നു ബ്രൂണോ. എന്നാല്‍ നാലുവർഷം മുന്‍പാണ് ബ്രൂണോയ്ക്ക് ഈ അവസ്ഥ ആരംഭിച്ചത്.ഇംഗ്ലണ്ടിലെ നോര്‍ത്താംപ്ടണ്‍ഷയര്‍ സ്വദേശിയാണ് ബ്രൂണോ. ആദ്യം എന്താണ് തനിക്ക് സംഭവിച്ചത് എന്ന് ബ്രൂണോയ്ക്ക് മനസിലായിരുന്നില്ല. എന്നാല്‍ അമേരിക്കയിലെ ഒരാശുപത്രിയില്‍ വച്ചാണ് 'ഇലക്ട്രോ സെന്‍സിറ്റിവിറ്റി' ആണെന്ന് അറിയുന്നത്. അസഹനീയമായ ക്ഷീണവും തലവേദനയും, കണ്ണില്‍ ഇരുട്ട് മൂടുന്ന അവസ്ഥയുമായിരുന്നു തുടക്കം. തുടര്‍ന്ന് ശരീരവണ്ണം അസാധാരണമായ വിധത്തില്‍ കുറഞ്ഞുതുടങ്ങി.

ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥയിലേക്ക് വരെ ബ്രൂണോയുടെ ജീവിതമെത്തി. ഒടുവില്‍ രോഗം കണ്ടെത്തിയതോടെ ബ്രൂണോ അതിനൊപ്പം ജീവിക്കാന്‍ തുടങ്ങി. വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാന്‍ ബ്രൂണോ പതിയെ ജീവിതം ഒരു ഗ്രാമത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. 5G യെയും റേഡിയോ തരംഗങ്ങളെയും തടുക്കാന്‍ കഴിയുന്ന സ്പെഷൽ പെയിന്റ് ആണ് ഈ വീടിനു അടിച്ചിരിക്കുന്നത്.
വൈദ്യുതി തരംഗങ്ങള്‍ ഒട്ടും കടന്നുചെല്ലാത്ത തരത്തില്‍ ബ്രൂണോ തനിക്ക് വേണ്ടി ഒറ്റയ്‌ക്കൊരു ചെറിയ ഷെല്‍ട്ടറും വീടിനു ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുണ്ട്. ഭാര്യയ്ക്കും മൂന്നു പെണ്‍മക്കള്‍ക്കും ഒപ്പമാണ് ബ്രൂണോ ഇവിടെ കഴിയുന്നത്. ഈ ചെറിയ ഷെല്‍ട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത് തണുപ്പ് കാലത്ത് ഭാര്യയ്ക്കും മക്കള്‍ക്കും വീട്ടില്‍ ഹീറ്റര്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ബ്രൂണോയ്ക്ക് മാറി താമസിക്കാനാണ്. പുതിയ ജീവിതരീതിയോട് പൊരുത്തപെട്ട് തുടങ്ങിയതോടെ തന്റെ ആരോഗ്യം മെച്ചപ്പെട്ട് വരുന്നുണ്ട് എന്നാണ് ബ്രൂണോ പറയുന്നത്.
English Summary- Allergic to Electricity Man Built House