800 കോടി രൂപ, 7 ലക്ഷം ചതുരശ്രയടി; പുതിയ ഇന്ത്യൻ പാർലമെന്റ് കെട്ടിടത്തിന്റെ രൂപരേഖ ഇങ്ങനെ

new-parliament
SHARE

800 കോടി ചെലവില്‍ ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉയരുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പുറത്തുവന്നത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ത്രികോണ ആകൃതിയില്‍ ഉയരുന്ന കെട്ടിടം 2022 ഒക്ടോബറില്‍ പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.  പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡിസംബർ പത്തിന് പ്രധാനമന്ത്രി നിർവഹിക്കും. ഡിസംബറില്‍ കെട്ടിടത്തിന്റെ പണി ആരംഭിക്കുമെന്നാണ് അറിവ്.  ‘ആത്മനിര്‍ഭരമായ ഭാരതത്തിന്റെ ക്ഷേത്രം’ എന്നാണ് സ്പീക്കര്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തെ വിശേഷിപ്പിച്ചത്.  

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണക്കരാർ ടാറ്റ പ്രോജക്ട്സ് ലിമിറ്റഡിനാണ് . കെട്ടിടത്തിന്റെ ഡിസൈനിംഗ് എച്ച്‌സിപി ഡിസൈന്‍, പ്ലാനിംഗ് ആന്‍ഡ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് തയാറാക്കിയിരിക്കുന്നത്. പുതിയ മന്ദിരം പ്രവര്‍ത്തനക്ഷമമായാല്‍ പാര്‍ലമെന്റിന്റെ രണ്ട് സഭകളും മന്ദിരത്തില്‍ പ്രവര്‍ത്തിക്കും.  എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കുള്ള ഓഫീസും മന്ദിരത്തോട് അനുബന്ധിച്ചുണ്ടാകും..ലോക്സഭ അംഗങ്ങള്‍ക്കായി 888 സീറ്റുകളുള്ള ഹാളും രാജ്യസഭാംഗങ്ങള്‍ക്കായി 326 സീറ്റുകളുള്ള ഹാളുമായിരിക്കും നിര്‍മിക്കുക. 

കടലാസ് രഹിത ഓഫീസ് എന്ന ലക്ഷ്യത്തിലേക്കുളള ആദ്യപടിയായി അത്യാധുനിക ഡിജിറ്റൽ ഇന്റർഫേസുകൾ സജ്ജമാക്കും. ലോക്‌സഭ ഹാളില്‍ ഒരേസമയം 1224 പേരെ ഉള്‍ക്കൊള്ളിക്കാനാകും. പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ നിലവിലുള്ള സമുച്ചയത്തിനടുത്താണു പുതിയ മന്ദിരം. ബ്രിട്ടിഷ് കാലഘട്ടത്തിൽ നിർമിച്ച നിലവിലെ പാർലമെന്റ് കെട്ടിടം വൃത്താകൃതിയിലാണ്. 

Parliament-3

ഇപ്പോഴുള്ള പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ 17,000 ചതുരശ്ര മീറ്റര്‍ വലുതായിരിക്കും പുതിയ പാര്‍ലമെന്റ് കെട്ടിടം. 64,500 ചതുരശ്ര മീറ്ററായിരിക്കും വിസ്തീര്‍ണം. ഒരേസമയം ഏതാണ്ട് 2000  പേരാകും മന്ദിരത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കെടുക്കുക. ഭൂമി കുലുക്കത്തെ പ്രതിരോധിക്കുന്നതായിരിക്കും കെട്ടിടം. എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കുള്ള ഓഫീസും മന്ദിരത്തോട് അനുബന്ധിച്ചുണ്ടാകും. പുതിയ മന്ദിരം പണി പൂര്‍ത്തിയാകുന്നതോടെ പഴയ കെട്ടിടം പുതുക്കി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്‌.

ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി വിശാലമായ ഒരു കോൺസ്റ്റിട്യൂഷൻ  ഹാൾ, എംപിമാർക്കായി ഒരു ലോഞ്ച്, ലൈബ്രറി, സമ്മേളനമുറികൾ, ഡൈനിങ് ഏരിയ, പാര്‍ക്കിംഗ് സൗകര്യം എന്നിവ ഇവിടെ സുസജ്ജമായിരിക്കും. 

പ്രശസ്ത വാസ്തുശിൽപികളായ സർ എഡ്വിൻ‌ ല്യുട്ടെൻസ്, സർ‌ ഹെബേർട്ട് ബേക്കർ എന്നിവരാണ് നിലവിലെ പാർലമെന്റ് മന്ദിരം രൂപകൽപന ചെയ്തത്. അന്ന് 83 ലക്ഷം രൂപയായിരുന്നു ചെലവ്. ആറു വർഷം   കൊണ്ട് പണി പൂർത്തിയായി  1927 ജനുവരി 18ന്  അന്നത്തെ ഗവര്‍ണ്ണര്‍  ജനറല്‍ ഇര്‍വിന്‍  പ്രഭുവാണ് പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിനു സമർപ്പിച്ചത്

English Summary- New Indian Parliament Building Proposed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA