പ്ലാസ്റ്റിക് കുപ്പികളും റബറും കൊണ്ടുമാത്രം നിർമിച്ച ഒരു റിസോര്‍ട്ട് .. ഇത്തരത്തിലൊന്ന് കാണണമെങ്കില്‍ ആൻഡമാൻദ്വീപുകളിലെ ഔട്ട്‌ബാക്ക് ഹാവലോക് എന്ന റിസോർട്ടിൽ എത്താം. ഏതാണ്ട് അഞ്ചു ലക്ഷം പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടാണ് ഈ റിസോര്‍ട്ട് നിര്‍മ്മിച്ചത്.
ഇത്തരത്തില്‍ പ്ലാസ്റ്റിക് കൊണ്ടൊരു നിര്‍മിതി എന്നതിലേക്ക് ഇവര്‍ എത്തുന്നതിനു പിന്നിലൊരു കഥ കൂടിയുണ്ട്. ഒരു ഡൈവിംഗ് ഇന്‍സ്ട്രകറ്റര്‍ ആയി ദ്വീപില്‍ പ്രവര്‍ത്തിച്ചിരുന്ന സരോവര്‍ ദ്വീപില്‍ എത്തുന്ന സഞ്ചാരികളെയും കൊണ്ട് ദ്വീപ് മുഴുവന്‍ യാത്ര ചെയ്യുമായിരുന്നു. സഞ്ചാരികള്‍ കൂടിയതോടെ ദ്വീപിലാകെ നിറഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ സരോവറിനെ വല്ലാതെ ആലോസരപ്പെടുത്തിയിരുന്നു. ആ സമയത്താണ് നല്ലൊരു റിസോര്‍ട്ട് എന്ത് കൊണ്ട് തനിക്കും സ്വന്തമായി നടത്തികൂടാ എന്ന് സരോവര്‍ ആലോചിക്കുന്നത്. അങ്ങനെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഔട്ട്‌ബാക്ക് ഹാവലോക് എന്ന ആശയത്തിലേക്ക് സരോവര്‍ എത്തുന്നത്.

580 ദ്വീപുകള്‍ ഉള്ള ആൻഡമാനിൽ ശരിയായ പ്ലാസ്റ്റിക് റിസൈക്കിളിങ് ഇല്ല. അതുകൊണ്ട് തന്നെ സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഇവിടെ വല്ലാത്ത പരിസരമലിനീകരണം ഉണ്ടാക്കുന്നുണ്ട്. അങ്ങനെയാണ് പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് റിസോര്‍ട്ട് നിര്‍മ്മിക്കാം എന്ന് സരോവര്‍ തീരുമാനിക്കുന്നത്. അഞ്ചു ലക്ഷം കുപ്പികള്‍ ആണ് ഇത്തരത്തില്‍ ഇവര്‍ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. പ്ലാസ്റ്റിക് കുപ്പികളില്‍ മണ്ണും പൊടിയും ചേര്‍ത്തു ഉറപ്പോടെ നിര്‍മ്മിക്കുന്ന ഫ്രഞ്ച് ശൈലിയാണ് ഇവര്‍ പിന്തുടര്‍ന്നത്. സാധാരണ കട്ടകളെ അപേക്ഷിച്ച് പത്തിരട്ടി ഉറപ്പുള്ളതാണ് ഇതെന്ന് സരോവര്‍ പറയുന്നു. കുപ്പികള്‍ കൂടാതെ 500 കിലോ റബ്ബറും ഇവര്‍ നിര്‍മ്മാണത്തിനു ഉപയോഗിച്ചിരുന്നു.

എട്ടു ജംഗിള്‍ വ്യൂ ലക്ഷ്വറി മുറികള്‍ , കഫെ എന്നിവ അടങ്ങിയതാണ് ഈ റിസോര്‍ട്ട്. കൊറോണ കാലത്തിനു മുൻപായി ദിവസവും എണ്‍പതോളം സഞ്ചാരികള്‍ ഇവിടെ എത്തുമായിരുന്നു എന്ന് സരോവര്‍ പറയുന്നു. നിറയെ വാഴത്തോട്ടങ്ങളും തെങ്ങിന്‍തോപ്പുകളും അടങ്ങിയതാണ് ഈ റിസോർട്ടിന്റെ പരിസരം. ഇതും സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്ന ഘടകമാണ്. പോര്‍ട്ട് ബ്ലെയറില്‍ നിന്നും രണ്ടു മണിക്കൂര്‍ ദൂരമാണ് ഈ റിസോര്‍ട്ടിലേക്ക്.
English Summary- Resort made of Plastic and Rubber