ADVERTISEMENT

കേരളത്തിലെ വഞ്ചിവീടുകൾ ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെട്ടവയാണ്. എന്നാൽ വിദേശരാജ്യങ്ങളിലും അതിനെ വെല്ലുന്ന വമ്പൻ ഹൗസ്ബോട്ടുകളുണ്ട് എന്നറിയാമോ? 2700 ചതുരശ്രഅടി വിസ്തീർണത്തിൽ ആഡംബര സൗകര്യങ്ങളുമായി ശ്രദ്ധ നേടുകയാണ് മയാമിയിലെ ഒഴുകിനടക്കുന്ന ഈ ബംഗ്ലാവ്. ഈ ആഡംബര ഹൗസ്ബോട്ടിൽ ഒരു രാത്രി തങ്ങുന്നതിന് 2500 ഡോളർ ആണ് വാടക. എന്നുവച്ചാൽ ഏകദേശം 1.85 ലക്ഷം രൂപ!

floating-boat-aerial

75 അടിയാണ് ഹൗസ് ബോട്ടിന്റെ ആകെ നീളം. ഹൗസ് ബോട്ടിന്റെ പ്രവർത്തനത്തിന് വേണ്ട വൈദ്യുതിയും ശുദ്ധജലവും ഉത്പാദിപ്പിക്കാനുള്ള മാർഗ്ഗങ്ങളും ഇതിനുള്ളിൽ തന്നെ ഒരുക്കിയിരിക്കുന്നു. 2300 ചതുരശ്ര അടി വിസ്തീർണ്ണം വരുന്ന മേൽക്കൂരയിൽ ഉടനീളം സോളാർപാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമേ മഴവെള്ളം സംഭരിക്കാനുള്ള ടാങ്കുകളും സജ്ജീകരിച്ചിരിക്കുന്നു. കാറ്റഗറി 4,5 ഇനത്തിൽപ്പെട്ട ചുഴലികാറ്റുകളെ അതിജീവിക്കാനുള്ള കരുത്തും ആഡംബര ഹൗസ്ബോട്ടിനുണ്ട് .

floating-mansion-pillar

പുറംമോടി വർദ്ധിപ്പിക്കുന്നതിനായി വെള്ളനിറത്തിൽ മൃദുവായ വുഡ് പാനലിംഗാണ് നൽകിയിരിക്കുന്നത്. ആവശ്യാനുസരണം ഉള്ളിലേക്ക് വലിച്ചുനീക്കാവുന്ന തരത്തിൽ ഔട്ട്ഡോർ ഏരിയയും, സഞ്ചാരികൾക്ക് വെള്ളത്തിലേക്ക് ഇറങ്ങാൻ സാധിക്കുന്ന വിധം താഴ്ചയുള്ള ഒരു പ്ലാറ്റ്ഫോമും പുറംഭാഗത്ത് ക്രമീകരിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ ഓപ്പൺ ലിവിങ് റൂമും ഡൈനിങ് റൂമും ഒരുക്കിയിരിക്കുന്നു. ഔട്ട്ഡോർ ഏരിയയിലെ കാഴ്ചകൾ കാണാവുന്ന വിധത്തിലാണ് ഓപ്പൺ കിച്ചൺ ക്രമീകരിച്ചിരിക്കുന്നത്.

floating-mansion-kitchen

ലിവിങ് റൂമിൽ ബ്രസീലിയൻ ശൈലിയിലുള്ള ഫർണിച്ചറുകളും വലിയ ടെലിവിഷനും ഒരുക്കിയിരിക്കുന്നു. ആധുനിക ഹാങ്ങിങ് ലൈറ്റുകളും വൃത്താകൃതിയിലുള്ള മേശയുമാണ് ഡൈനിങ് ഏരിയയുടെ പ്രത്യേകത. ക്യാപ്റ്റനുള്ള ക്വാർട്ടേഴ്സും ഹൗസ്ബോട്ടിന്റെ താഴത്തെ നിലയിലാണ് ഒരുക്കിയിരിക്കുന്നത്.

floating-mansion-deck

മുകൾനിലയിലാണ് പ്രധാന കിടപ്പ് മുറി. ഒരു ഹോട്ട് ടബും പ്രത്യേക ടെറസ്സും ഈ സ്യൂട്ടിനോട് അനുബന്ധമായി ഒരുക്കിയിട്ടുണ്ട്. ഇതേ സൗകര്യങ്ങളുള്ള ഒരു വിഐപി സ്യൂട്ടും ഹൗസ് ബോട്ടിൽ ഉണ്ട്. എല്ലാ കിടപ്പുമുറികളിലും പുറത്തെ കാഴ്ചകൾ പൂർണമായി ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിൽ തറയിൽ നിന്നും സീലിംഗ് വരെ എത്തുന്ന ജനാലകളാണ് നൽകിയിട്ടുള്ളത്.  

floating-mansion-inside

നാലു കിടപ്പുമുറികളും ബാത്ത്റൂമുകളും 1500 അടി വിസ്തീർണത്തിൽ ടെറസുകളുമുള്ള ബംഗ്ലാവ് 5.5 മില്യൺ ഡോളർ ചിലവിട്ടാൽ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഹൗസ് ബോട്ട് കൈമാറ്റം ചെയ്യുകയാണെങ്കിൽ ഫർണിച്ചറുകൾ നീക്കം ചെയ്യുമെന്നും ഉടമസ്ഥർ അറിയിക്കുന്നു. ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർകുപ് എന്ന കമ്പനിയാണ് ഹൗസ് ബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

English Summary- Floating Mansion Miami; House Boat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com