ADVERTISEMENT

പൂർണ്ണമായും ത്രീഡി പ്രിന്റിങ്ങിലൂടെ നിർമ്മിച്ച യൂറോപ്പിലെ ആദ്യ വീട്ടിൽ താമസക്കാരെത്തി. നെതർലാൻഡ്സിലെ ഐൻഡ്ഹോവന്നിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. എലിസെ ലട്സ്, ഹാരി ഡക്കർ എന്നീ ദമ്പതികളാണ് ഇവിടുത്തെ താമസക്കാർ.

3d-printed-home-owner

ഒറ്റനോട്ടത്തിൽ ജനാലകളും വാതിലുകളുമുള്ള വലിയ ഒരു ഉരുളൻപാറ ആണെന്നേ വീടുകണ്ടാൽ തോന്നു. 1011 ചതുരശ്രയടിയാണ് ആകെ വിസ്തീർണ്ണം. രണ്ട് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. പുറമേ നിന്ന് നോക്കുമ്പോൾ സാധാരണ വീടുകളുമായി വ്യത്യാസമുണ്ടെങ്കിലും ഉള്ളിലെ സൗകര്യങ്ങൾ മറ്റേതൊരു വീട്ടിലെയും പോലെ തന്നെയാണ്.

ഒന്നിനു മേലെ ഒന്ന് എന്ന നിലയിൽ പല അടുക്കുകളായി പ്രിന്റിങ് ഉപകരണം ഉപയോഗിച്ച് കോൺക്രീറ്റ് നിറയ്ക്കുകയാണ് ചെയ്യുന്നത്. നിർമ്മാണ സമയവും ചെലവും കുറയ്ക്കാനാകും എന്നതാണ് ത്രീഡി പ്രിന്റഡ് വീടുകളുടെ പ്രധാന സവിശേഷത. മെഷീൻ ഉപയോഗിച്ച് നിർമ്മിക്കുന്നതിനാൽ കോൺക്രീറ്റ് ഒട്ടും പാഴായി പോവുകയുമില്ല. നെതർലൻഡ്സിലെ ജനസംഖ്യാ പെരുപ്പം കണക്കിലെടുക്കുമ്പോൾ ആയിരക്കണക്കിന് വീടുകൾ ഒരു പതിറ്റാണ്ടിനുള്ളിൽ വേണ്ടിവരുമെന്നാണ് നിഗമനം. ഈ സാഹചര്യത്തിൽ ത്രീഡി പ്രിന്റഡ് വീടുകൾക്ക് സാധ്യതയേറെയാണ്. 

3d-printed-home-inside

വീടിനുള്ളിലെയും പുറംഭാഗത്തെയും ഭിത്തികൾക്ക് പരുപരുത്ത ടെക്സ്ചറാണുള്ളത്. 120 മണിക്കൂർ മാത്രമേ വീടിന്റെ നിർമ്മാണത്തിനായി ആകെ വേണ്ടിവന്നുള്ളൂ എന്ന് നിർമാണ കമ്പനി അവകാശപ്പെടുന്നു.

3d-printed-home-view

നിലവിൽ ഒറ്റ നിലയുള്ള വീടുകൾ മാത്രമാണ് ത്രീഡി പ്രിൻറിംഗിലൂടെ നിർമ്മിക്കുന്നത്. എന്നാൽ വരുംകാലങ്ങളിൽ ഒന്നിലധികം നിലകളുള്ള വീടുകൾ നിർമ്മിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ. ആറുമാസകാലത്തേക്കാണ് എലീസെയും ഹാരിയും വീട് വാടകയ്ക്ക് എടുത്തിരിക്കുന്നത്. 72 ലക്ഷം രൂപയാണ് പ്രതിമാസ വാടക.

English Summary- First 3D Printed House in Europe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com