ADVERTISEMENT

118 കൊല്ലം മുമ്പ് നിർമ്മിക്കപ്പെട്ട പടുകൂറ്റൻ ബംഗ്ലാവ് വിൽപനയ്ക്ക്. ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ക്വീൻ ആനിയുടെ കാലത്തെ പ്രത്യേക വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നായ ഈ ബംഗ്ലാവ് പക്ഷേ ഇന്ന് പൊട്ടിപൊളിഞ്ഞ നിലയിലാണ്. 1954ൽ എലിസബത്ത് രാഞ്ജി അധികാരമേറ്റ കാലത്ത് പ്രിൻസ് ഫിലിപ്പിനൊപ്പം ഇവിടെ സന്ദർശനം നടത്തിയിരുന്നു. എന്നാൽ കാലക്രമേണ ബംഗ്ലാവിന്റെ പ്രൗഢി എല്ലാം നഷ്ടപ്പെട്ട് ഉപേക്ഷിക്കപ്പെട്ട സ്ഥലമായി മാറുകയായിരുന്നു.

വസ്ത്രവ്യാപാരിയായിരുന്ന ജോൺ ലാംബ് എന്ന വ്യക്തിക്കു വേണ്ടി 1903 ൽ ബ്രിട്ടീഷ് ആർക്കിടെക്ട് ആയിരുന്ന അലക്സാണ്ടർ ബി വിൽസണാണ് ബംഗ്ലാവ് നിർമിച്ചത്. ജോൺ ലാംബിന്റെ ചെറുമകളായ ജോയ് ലാംബാണ് ഇവിടെ ഏറ്റവുമൊടുവിൽ താമസിച്ചത്. 2015ൽ മുകൾനിലയിലുള്ള ബാത്റൂമിലെ തറ പൊളിഞ്ഞു നിലം പതിച്ചതോടെ ഇവർ ഇവിടെ നിന്നും താമസം മാറ്റുകയായിരുന്നു. നികുതി പണം കൃത്യമായി അടയ്ക്കാത്തതിനെ തുടർന്ന് പിന്നീട് സർക്കാർ എസ്റ്റേറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും വർഷങ്ങളായി ഇവിടം  സാമൂഹികവിരുദ്ധരുടെ വിഹാരകേന്ദ്രമാണ്. ബംഗ്ലാവിലെ ഭിത്തികളിലാകെ കുത്തിവരച്ചും ജനാലകളും കതകുകളും എറിഞ്ഞുടച്ചും വികൃതമാക്കിയ നിലയിലാണുള്ളത്. വള്ളിചെടികളും മറ്റും ഭിത്തികളിലും തൂണുകളിലും പടർന്നു വളരുന്നു. തടിപ്പണികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

brisbane-bungalow

ബ്രിസ്ബേൻ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ബംഗ്ലാവ്, നദിയുടെ രണ്ടു ഭാഗത്തുനിന്ന് നോക്കിയാലും മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.. ഇതിനു പുറമേ ബൊട്ടാണിക് ഗാർഡൻ, കംഗാരു പോയിന്റ് ക്ലിഫ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിനിന്നു നോക്കിയാലും എസ്റ്റേറ്റ് കാണാൻ സാധിക്കും. 

brisbane-bungalow-inside

രണ്ടു നിലകളുള്ള സൗധത്തിൽ ആറ് കിടപ്പുമുറികളും മൂന്ന് ബാത്ത്റൂമുകളുമാണ് ഉള്ളത്. തടികൊണ്ട് നിർമ്മിച്ച വിസ്തൃതമായ സ്റ്റെയർകെയ്സാണ് പ്രധാന ആകർഷണം. കൈവരികളും, ബാൽക്കണിയും സീലിങ്ങുകളുമെല്ലാം മനോഹരമായ തടിപ്പണികൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഏതു ഭാഗത്തു നിന്ന് നോക്കിയാലും ബ്രിസ്ബേൻ നദിയുടെ ഭംഗി ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിൽ വീടിനുചുറ്റും നിരവധി ബാൽക്കണികൾ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ നാലു ഭാഗത്തു നിന്നുമുള്ള കാഴ്ചകൾ ആസ്വദിക്കുന്നതിനായി രണ്ടാം നിലയിൽ നിന്നും കയറാനാവുന്ന വിധത്തിൽ ഒരു ഗോപുരവും നിർമ്മിച്ചിട്ടുണ്ട്. 

brisbane-bungalow-kitchen

73 കോടി രൂപയാണ് ബംഗ്ലാവിന് വില നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ വാങ്ങുന്നയാൾക്ക് കേടുപാടുകൾ എല്ലാം നികത്തി ബംഗ്ലാവ് വാസയോഗ്യമാക്കണമെങ്കിൽ 87 കോടിയോളം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

English Summary- Lamb House Brisbane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com