ADVERTISEMENT

ഒാരോ സർക്കാരും അധികാരമേൽക്കുമ്പോൾ പതിവുള്ള പുതുക്കിപ്പണി മാമാങ്കത്തിനു രണ്ടാം പിണറായി സർക്കാരിനു കീഴിലും തുടക്കമായി. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വളപ്പിൽ 98 ലക്ഷം രൂപ മുടക്കിയുള്ള അറ്റകുറ്റപ്പണിയാണ് ആദ്യം. ക്ലിഫ് ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥർ, ഡ്രൈവർമാർ, ഗൺമാൻ, വീട്ടു ജോലികൾ ചെയ്യുന്നവർ തുടങ്ങിയവർക്കുള്ള വിശ്രമമുറികളാണ്  98 ലക്ഷം രൂപ മുടക്കി നവീകരിക്കുന്നത്. 

ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഒാപറേറ്റീവ് സൊസൈറ്റി തയാറാക്കിയ എസ്റ്റിമേറ്റ് ടൂറിസം വകുപ്പ് പൊതുമരാമത്തു വകുപ്പിനു കൈമാറി. ടെൻഡറില്ലാതെ കരാർ ഉൗരാളുങ്കൽ സൊസൈറ്റിക്കു കൈമാറാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനവുമെടുത്തു.  പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ മന്ത്രിമാർ അവരുടെ ഒൗദ്യോഗിക വസതികളിലും ഒാഫിസുകളിലും അറ്റകുറ്റപ്പണിയും മാറ്റങ്ങളും നിർദേശിക്കാറുണ്ട്. ഇതനുസരിച്ച് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നൽകും. 

അടിയന്തരമായി ചെയ്യേണ്ട ജോലികൾ ആയതിനാൽ ടെൻഡർ വിളിക്കാതെ സർക്കാരിന്റെ അക്രഡിറ്റഡ് കരാറുകാർക്ക് നിർമാണച്ചുമതല കൈമാറുകയാണു പതിവ്. എന്നാൽ സർക്കാർ ഏറ്റവുമധികം വിമർശനത്തിനു വിധേയമാകുന്നതും ഇത്തരം അറ്റകുറ്റപ്പണികളുടെയും  മോടിപിടിപ്പിക്കലിന്റെയും പേരിലാണ്. ക്ലിഫ് ഹൗസിൽ നീന്തൽക്കുളം നിർമിച്ചതായിരുന്നു മുഖ്യമന്ത്രിയായിരിക്കെ കെ.കരുണാകരനെ വേട്ടയാടിയ മുഖ്യ വിമർശനങ്ങളിൽ ഒന്ന്. 

വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് വൻ തുക മുടക്കി മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിച്ചതു വിവാദമായതോടെ അന്നു മന്ത്രിമാരായിരുന്ന കോടിയേരി ബാലകൃഷ്ണനും സി.ദിവാകരനും കൂടുതൽ ആരോപണങ്ങൾ ഒഴിവാക്കാൻ ഒൗദ്യോഗിക വസതി വിട്ട് സ്വന്തം വീടുകളിലേയ്ക്കു മാറിയിരുന്നു. കോടിയേരി 17 ലക്ഷവും ദിവാകരൻ 11 ലക്ഷവുമാണ് അന്നു നവീകരണത്തിനായി ചെലവിട്ടത്.  നവീകരണം അന്വേഷിക്കാൻ സർക്കാർ വിജിലൻസിനെ നിയോഗിച്ചു. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് നിർദേശിച്ച പ്രകാരമായിരുന്നു അറ്റകുറ്റപ്പണിയെന്നായിരുന്നു രേഖ സഹിതം പൊതുമരാമത്ത് ഉദ്യോഗസ്ഥർ വിജിലൻസിനെ അറിയിച്ചത്. എന്നാൽ പറയാത്തതിൽ കൂടുതൽ പണി ചെയ്തു എന്നു ചൂണ്ടിക്കാട്ടി പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡു ചെയ്തു. 

ഉമ്മൻചാണ്ടി സർക്കാർ 4.3 കോടി രൂപയാണ് ഭരണമേറ്റപ്പോൾ മന്ത്രി മന്ദിരങ്ങൾ നവീകരിക്കാൻ ചെവാക്കിയത്. ഒന്നാം പിണറായി സർക്കാർ മന്ത്രി മന്ദിരങ്ങൾ നവീകരിക്കാൻ ആകെ ചെലവാക്കിയ തുക 90 ലക്ഷമെന്നായിരുന്നു 2018ൽ വിവരാവകാശ നിയമ പ്രകാരം പുറത്തുവിട്ട കണക്ക്. മന്ത്രിമാർക്കായി ഇന്നോവ ക്രിസ്റ്റ കാറുകളും അന്നു വാങ്ങിയിരുന്നു. എന്നാൽ, ഇപ്പോൾ മന്ത്രിമാർക്കു പഴയ കാർ മതിയെന്ന മാതൃകാപരമായ നിലപാടിലാണ് ഇതുവരെ സർക്കാർ. കൂടുതൽ മന്ത്രിമാർ തങ്ങളുടെ വസതികൾ ലക്ഷങ്ങൾ ചെലവിട്ട് അറ്റകുറ്റപ്പണി ചെയ്യുമോ എന്നു കാത്തിരുന്നു കാണാം.

English Summary- Cliff House Undergo Renovation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com