അവിശ്വസനീയം; യഥാർഥ കൺജറിങ് വീട്ടിലെ രക്തം മരവിക്കുന്ന അനുഭവം വിവരിച്ച് വീട്ടുകാർ

conjuring-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ അമേരിക്കൻ ഹൊറർ ചിത്രമാണ് 'ദി കൺജറിങ്. കൺജറിങ് സീരീസുകൾ കണ്ട് ഭയപ്പെടുന്നവരിൽ ഏറെയും സ്വയം സമാധാനിക്കുന്നത് അത് യഥാർത്ഥ സംഭവമല്ലല്ലോ എന്നു കരുതിയാണ്. എന്നാൽ കൺജറിങ്ങിലെ കഥ യഥാർത്ഥത്തിൽ നടന്ന വീട്ടിൽ താമസിക്കേണ്ടി വന്നാലോ. ആ അനുഭവമാണ് മാഡിസൺ ഹൈൻസൻ എന്ന യുവതി പങ്കുവയ്ക്കുന്നത്. മാഡിസണും കുടുംബവും ഇപ്പോൾ താമസിക്കുന്നത് കൺജറിങ്ങിലെ കഥയ്ക്ക് ആധാരമായ സംഭവങ്ങൾ നടന്ന വീട്ടിലാണ്.

മാഡിസണിന്റെ മാതാപിതാക്കളായ കോറിയും ജനിഫറും പാരാനോർമൽ ആക്ടിവിറ്റികളെ കുറിച്ച് പഠനം നടത്തുന്നവരാണ്. ഇതുമൂലമാണ് പാരാനോർമൽ ആക്ടിവിറ്റികൾക്ക് പേരുകേട്ട റോഡ് ഐലൻഡിലെ ഹാരിസ്വില്ലെയിലുള്ള ഓൾഡ് ആർനോൾഡ് എസ്റ്റേറ്റ് 2019 ൽ ഇവർ സ്വന്തമാക്കിയത്. എസ്റ്റേറ്റിനുള്ളിൽ 1736 ൽ നിർമ്മിച്ച ഫാംഹൗസിൽ പ്രേതബാധയുള്ളതായി പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ കണ്ടെത്തിയിരുന്നു.1970ൽ ഈ വീട്ടിൽ താമസിക്കാനെത്തിയ പെറോൺ കുടുംബത്തിനുണ്ടായ അനുഭവങ്ങളാണ് കൺജറിങ്ങ് എന്ന ചലച്ചിത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. കൊലപാതകങ്ങളും ആത്മഹത്യകളും ഒക്കെ നടന്ന ചരിത്രം മറച്ചുവച്ചുകൊണ്ടാണ് അന്നത്തെ ഉടമസ്ഥർ കുടുംബത്തിന് വീട് കൈമാറിയത്. രാത്രികാലങ്ങളിൽ വീടിനുള്ളിലെ ലൈറ്റുകൾ അണയ്ക്കരുത് എന്ന നിർദ്ദേശം മാത്രമായിരുന്നു ഇവർക്ക് നൽകിയത്. 

the-conjuring-house

പിന്നീടങ്ങോട്ട് ഭയപ്പെടുത്തുന്ന നിരവധി സംഭവങ്ങളാണ് പെറോൺ കുടുംബത്തിന് നേരിടേണ്ടിവന്നത്. കിടക്കകൾ തനിയെ അനങ്ങുന്നതും അഴുകിയ മാംസത്തിന്റെ ദുർഗന്ധം പരക്കുന്നതും ചൂല് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് തനിയെ നീങ്ങുന്നതും തുടച്ചു വൃത്തിയാക്കിയ തറയിൽ പൊടികൾ കൂനയായി പ്രത്യക്ഷപ്പെടുന്നതുമെല്ലാം ഇവിടെ നിത്യസംഭവങ്ങളായിരുന്നു. ഈ വീട്ടിൽ താമസമാക്കിയ ശേഷം ഇതിനു സമാനമായ പല അനുഭവങ്ങളും തനിക്കും ഉണ്ടായതായി മാഡിസൺ പറയുന്നു. വാതിലുകൾ തനിയെ തുറന്ന് അടയുകയും ആളുകൾ നടന്നുനീങ്ങുന്നതിന്റെയും വാതിലിൽ ഉച്ചത്തിൽ മുട്ടുന്നതിന്റെയും ശബ്ദങ്ങൾ കേൾക്കുകയും ചെയ്യാറുണ്ട്. ഒരിക്കൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ശിരോവസ്ത്രവും വിടർന്ന പാവാടയും ധരിച്ച ഒരു രൂപം സെക്കൻഡുകൾക്കുള്ളിൽ സമീപത്തുകൂടി കടന്നു പോകുന്നത് താൻ നേരിൽ കണ്ടതായി മാഡിസൺ പറയുന്നു.

perron-family-girls
ഈ വീട്ടിൽ പണ്ട് താമസിച്ചിരുന്ന പെറോൺ കുടുംബം

ഇതേക്കുറിച്ച് അച്ഛനമ്മമാരുമായി സംസാരിച്ചപ്പോൾ വിവാഹവസ്ത്രം ധരിച്ച ഒരു ആത്മാവിന്റെ രൂപം മുൻപ് പലരും ഇവിടെ കണ്ടിരുന്നതായാണ് അറിയാൻ കഴിഞ്ഞത്. നാലു കിടപ്പുമുറികളും രണ്ട് ബാത്ത്റൂമുകളും ഉള്ള ഫാംഹൗസ് മൂന്നു കോടി രൂപയ്ക്കാണ് കുടുംബം സ്വന്തമാക്കിയത്. എട്ടര ഏക്കർ എസ്റ്റേറ്റിന് നടുവിലാണ് ഫാംഹൗസ് സ്ഥിതി ചെയ്യുന്നത്. പാരാനോർമൽ ആക്റ്റിവിറ്റികൾ ദിനംപ്രതി സംഭവിക്കുന്നുണ്ടെങ്കിലും കുടുംബത്തിലുള്ളവർക്ക് ഇന്നോളം ആപത്തുകൾ ഒന്നും സംഭവിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലൂടെ മാഡിസൺ പങ്കുവയ്ക്കുന്ന കൺജറിങ്ങ് വീടിന്റെ ദൃശ്യങ്ങൾക്ക് ആരാധകർ ഏറെയാണ്.

English Summary- Real Life Conjuring House Experience

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA