ADVERTISEMENT

മലിനജല പൈപ്പിനുള്ളിൽ എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ ഒരു വീട്. കേൾക്കുമ്പോൾ അതിശയോക്തി തോന്നുമെങ്കിലും ഭവനരഹിതർക്ക് പ്രതീക്ഷ നൽകിക്കൊണ്ട് ഇത്തരം ഒരു ആശയം യാഥാർഥ്യമാക്കിയെടുത്തിരിക്കുകയാണ് തെലുങ്കാന സ്വദേശിനിയായ മാനസ റെഡ്ഡി എന്ന സിവിൽ എഞ്ചിനീയർ. ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയിംസ് ലോ സൈബർടക്ച്ചർ എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത ആശയമാണ് മാനസ ഇന്ത്യയിൽ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. 'ഒപോഡ്‌ ട്യൂബ് ഹൗസസ്' എന്നാണ് പൈപ്പ് വീടുകൾക്ക് സ്ഥാപനം നൽകിയിരിക്കുന്ന പേര്.

2019ലെ പഠനങ്ങളിൽ ഇന്ത്യയിലെ 63 ദശലക്ഷത്തിൽപരം ആളുകൾക്ക് ഇപ്പോഴും മതിയായ താമസസൗകര്യം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് വലിയ പൈപ്പിനുള്ളിൽ വീടുകൾ നിർമ്മിക്കാമെന്ന ആശയത്തിലേക്ക് മാനസ എത്തിയത്. സിമന്റ് കൊണ്ട് മലിനജല പൈപ്പുകൾ നിർമ്മിക്കുന്ന ഒരു സ്ഥാപനത്തെ ഇതിനായി സമീപിച്ചു. ആവശ്യാനുസരണം അളവിൽ മാറ്റം വരുത്തിയാണ് പൈപ്പ് നിർമ്മിച്ചു വാങ്ങിയത്.

pipe-house-telengana-view

അമ്മ നൽകിയ അഞ്ചു ലക്ഷം രൂപ ഉപയോഗിച്ചാണ് പൈപ്പും വീടിന് ആവശ്യമായ വാതിലുകളും ജനാലകളും ബാത്റൂമിലേക്ക് വേണ്ട വസ്തുക്കളും ഇലക്ട്രിക്കൽ ഫിറ്റിങ്ങുകളും വാങ്ങിയത്. ആദ്യ പൈപ്പ് വീടിന്റെ നിർമാണത്തിന് 24 ദിവസം വേണ്ടി വന്നു. ചെറിയ ലിവിങ് റൂം, ബാത്റൂം, സിങ്ക് പിടിപ്പിച്ച അടുക്കള, ക്വീൻ സൈസ് ബെഡ് ഇടാവുന്ന ഒരു കിടപ്പുമുറി എന്നിവ ഉൾപ്പെടുന്ന വീടാണ് നിർമ്മിച്ചത്. വീടിനുള്ളിലെ ചൂടു കുറയ്ക്കുന്നതിനായി പൈപ്പിന് പുറത്ത് വെള്ള നിറം പെയിന്റ് ചെയ്തു.

വീട്ടിലെ സൗകര്യങ്ങൾ പര്യാപ്തമാണോ എന്ന് അറിയുന്നതിന് വേണ്ടി ഒരു അന്യസംസ്ഥാന തൊഴിലാളിയെ ഏഴുദിവസം ഇവിടെ താമസിപ്പിച്ചു. അങ്ങനെ വീട്ടിൽ താമസിക്കാൻ എത്തുന്നവർക്ക് ഇനിയും എന്തൊക്കെ ആവശ്യങ്ങൾ വേണ്ടിവരും എന്ന് മനസ്സിലാക്കി. പൈപ്പ് വീട് പദ്ധതി ആരംഭിച്ച ദിവസം തന്നെ സാമ്നവി കൺസ്ട്രക്ഷൻസ് എന്ന ഒരു സ്ഥാപനത്തിനും മാനസ തുടക്കം കുറിച്ചു. 

താമസിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് ഒരാൾക്ക് നിൽക്കാനാവുന്ന വിധത്തിൽ പ്രത്യേക വലുപ്പത്തിലാണ് പൈപ്പുകൾ നിർമ്മിച്ചു വാങ്ങുന്നത്. ചുരുങ്ങിയ സ്ഥലത്ത് ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാനാകും എന്നതാണ് പൈപ്പ് വീടുകളുടെ പ്രധാന സവിശേഷത. നിലവിൽ ഒന്നിൽ കൂടുതൽ കിടപ്പുമുറികൾ ഉൾക്കൊള്ളിച്ചുകൊണ്ട് പൈപ്പ് വീടുകൾ നിർമ്മിക്കാനുള്ള രൂപകല്പന നടത്തുകയാണ് മാനസ. ഇതിനോടകം കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്നായി പൈപ്പ് വീട് നിർമിക്കാനുള്ള ഇരുന്നൂറിൽപ്പരം ഓർഡറുകൾ ലഭിച്ചതായി മാനസ പറയുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ച ശേഷം നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കും.

English Summary- Opod House in Sewage Pipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com