ADVERTISEMENT

മധ്യതിരുവതാംകൂറിലെ വീട്ടിലോ ഷാപ്പിലോ ഹോട്ടലിലോ കുടംപുളിയില്ലാതെ മീൻകറി നല്ല മൺചട്ടിയിൽ കിടന്നു തിളയ്ക്കില്ല എന്ന് നിസംശയം പറയാം. കുടംപുളിയാണ് നല്ല എരിവുള്ള ചുവപ്പൻ മീൻ കറിവച്ചതിന്റെ മാജിക് കൂട്ട്. അപ്പോൾ ഒരു വീടു പണിക്കുള്ള അത്യാവശ്യഘടകങ്ങളായ മേസ്തിരി, ആശാരി, എൻജിനീയർ, കല്ല്, മണ്ണ്, സിമന്റ് എന്നിവയൊന്നും ചേർക്കാതെ ഒരു വീട് എന്നത് ചിന്തിക്കാൻ പോലും ആകില്ല. പക്ഷേ മല്ലപ്പള്ളി വരെ വന്നാൽ ഇതൊന്നുമില്ലാതെ പണി പൂർത്തിയാകുന്ന ഒരു വീടു കാണാം. വെറും വീടല്ല ഇത്.. കോട്ടയം പ്രദീപിന്റെ സംസാര രീതിയിൽ പറഞ്ഞാൽ ഇൗ വീട്ടിൽ പ്ലെയിനുണ്ട്...ട്രെയിനുണ്ട്...കപ്പലുണ്ട്!! 

ഒരേ സമയം വിമാനത്തിലും ട്രെയിനിലും കപ്പലിലും കയറണമെന്നുണ്ടെങ്കിൽ ഒരു വഴിയേ ഉള്ളൂ, മല്ലപ്പള്ളി നിന്നും നെല്ലിമൂടിനു പോകുന്ന വഴി. പടുവേൽകുന്നിനു സമീപം എത്തുമ്പോൾ ആരോടും ചോദിക്കാതെ തന്നെ തലച്ചിറയ്ക്കൽ ടി.ടി തോമസിന്റെ വീടു കണ്ടുപിടിക്കാം. പ്ലെയിനും ട്രെയിനും കപ്പലും കൂടിച്ചേർന്ന ഒരു കിടിലൻ വീട്. വീടുപണി അവസാന ഘട്ടത്തിലാണ്. ഒരു വീടു നിറയെ കൗതുകങ്ങൾ ഒളിപ്പിച്ചാണ് തോമസ് ഇൗ വീട് പണിയുന്നത്.

ഒരുതരിപോലും തടി ഉപയോഗിക്കാത്ത വീട്. വീടിന്റെ ഫൗണ്ടേഷൻ പണിയാനായി ഉപയോഗിച്ച സിമന്റിന്റെ അളവ് 25 ചാക്കുമാത്രം! അങ്ങനെ സിമന്റും മണലും എംസാൻും തടിയും കല്ലും ഒന്നും ഉപയോഗിക്കാത്ത വീട് പൂർണമായും സ്റ്റീലിലാണ് നിർമിച്ചിട്ടുള്ളത്. ഇന്റീരിയർ ജോലിക്കു അലുമിനിയവും വിബോർഡും ആണ് ഉപയോഗിച്ചിരിക്കുന്നത്. വീടുപണിക്കുള്ള സാധനങ്ങൾ പലതും കേരളത്തിൽ കിട്ടാത്തതിനൽ കോയമ്പത്തൂരിൽ നിന്നും പൂണെയിൽ നിന്നുമൊക്കെയാണ് പലതും എത്തിച്ചത്.

train-plan-house-kerala

ടി.ടി തോമസ് ബഹ്റനിലാണ് ജോലിചെയ്യുന്നത്. അവിടെ സ്റ്റീൽ സ്ട്രച്ചർ വർക്കാണ് അദ്ദേഹത്തിന്റെ ജോലി മേഖല, അതിൽനിന്നും പ്രചോദനവും ധൈര്യവും ഉൾകൊണ്ടാണ് ഇങ്ങനെ ഒരു വീടിന്റെ നിർമാണത്തിലേക്ക് എത്തിയത്. 2200 ചതുരശ്രഅടിയിലുള്ള വീടിനുള്ളിൽ വലിയ സ്ലൈഡിങ് ഡോറുകളാണ് ഉള്ളത്. അവ വലിച്ചു നീക്കിക്കഴിഞ്ഞാൽ വീടൊരു വലിയ ഹാളായി മാറും. വീടിന്റെ റൂഫിങ്ങിനുപയോഗിച്ചിരിക്കുന്നത് സാൻവിജ് പാനലുപയോഗിച്ചാണ്, അതു കൊണ്ട് ചൂടിന്റെ പ്രശ്നമേ ഉണ്ടാവില്ല. മൂന്നു ബെഡ്റൂമുകളും ഡൈനിങ് റൂമും സിറ്റിങ് റൂമും നാലു വാഷ്റൂമുകളും വലിയ കിച്ചണും ഉൾപെട്ടതാണ് തോമസിന്റ അദ്ഭുതവീട്. വീടു പൂർണമായി സോളർ എനർജിയിലാണ് വീട് വർക്കു ചെയ്യുന്നത്. ഇതാണ് ആദ്യം പറഞ്ഞത് ഇൗ വീടു പണിയാൻ ആശാരിയും, മേസ്തിരിയും ഒന്നും ഇല്ലായിരുന്നു എന്ന്. വീടിന്റെ ആശയവും ഡിസൈനും ഉടമ തന്നെയാണ് നിർവഹിച്ചത്.

ബംഗ്ലാദേശ്കാരനും ബഹ്റിനിൽ തോമസിന്റെ കൂടെ ഉള്ള ആളുമായ സോഫിയെ ഇവിടെ എത്തിച്ചാണ് സ്റ്റീൽ സ്ട്രച്ചറൽ ജോലികൾ നടത്തിയത്.സ്റ്റീൽ ഫേബ്രിക്കേഷൻ ജോലികൾ ചെയ്തത് മത്തായി, മൈക്കിൾ എന്ന സഹോദരങ്ങൾ. ഇലട്രിക്കൽ വർക്കിനായി ജെഫിനും ടീമും, ജിപ്സം സീലിങ്  സജി, അലുമിനിയം ഫേബ്രിക്കേഷൻ രാജേഷ്, അർട്ട് വർക്കും പെയിന്റിങും ഹരി, ഡിസൈനിങ്ങിൽ സഹായിച്ചത് പ്രമിള എല്ലാത്തിനും ഒരു സൂപ്പർവൈസറെ പോലെ ഒപ്പമുള്ളത് പഞ്ചായത്ത് അംഗം കൂടിയായ ബിജു പൊറുത്തൂടൻ, ഇതാണ് സ്റ്റീൽ വീടിന്റെ ടീം.

ബഹ്റിൻ ആണ് തനിക്ക് എല്ലാം തന്നത് എന്നതു കൊണ്ടു തന്നെ ബഹ്റിനെ ഒരിക്കലും മറക്കാൻ സാധിക്കില്ല എന്നു പറയുന്ന തോമസ് അതിനൊരു വഴി തന്റെ വീട്ടിലൊരുക്കി. ബഹ്റിൻ പതാകയുടെ ഡിസൈനാണ് വീടിന്റെ വിമാനഭാഗത്തിനു നൽകിയിരിക്കുന്നത്. തോമസിന്റെ ഭാര്യ ബെറ്റിയും ഇളയ മകൻ ജിമ്മിയും ഇപ്പോൾ ബഹ്റിനാലാണ് ഉള്ളത്, വീടിനു തറക്കല്ലിട്ടിട്ട ശേഷം ബഹ്റിനിലേയ്ക്ക് പോയതാണ്. ഇപ്പോഴും വീടിന്റെ കുറച്ചു ഫോട്ടോകൾ മാത്രമാണ് ബെറ്റി കണ്ടിരിക്കുന്നത്. ലോക്ഡൗണിനു ശേഷം പുത്തൻവീട്ടിലേക്ക് താമസിക്കാൻ എത്തുമ്പോൾ മാത്രമാണ് തോമസിന്റെ അത്ഭുതവീടിന്റെ  ശരിക്കുള്ള മാജിക് ബെറ്റി കാണുക. മനസിൽ തോന്നുമ്പോൾ വിമാനത്തിലോ ട്രെയിനിലോ കപ്പലിലോ കയറാവുന്ന വീടിന്റെ മാജിക്.

English Summary- Rare House in Kerala- House in the shape of Train, Plane, Ship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com