ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഇന്ത്യയിലാണ്! ഇത് 'ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം'

mawlynnong-megahalaya
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

കരിയില പോലുമില്ലാത്ത നിരത്തുകളും പച്ചപ്പുനിറഞ്ഞ പ്രകൃതിഭംഗിയും മനോഹരമായ കാലാവസ്ഥയും എല്ലാമുള്ള ഒരു ഗ്രാമം എന്ന് കേൾക്കുമ്പോൾ ഇത് യാഥാർത്ഥ്യമാണോ എന്നാവും പലരുടെയും ചിന്ത. എന്നാൽ മേഘാലയയിലെ ഈസ്റ്റ് ഖാസി ജില്ലയിലുള്ള മൗലിനോംഗ് എന്ന കൊച്ചുഗ്രാമം ഇതിനുമപ്പുറം പ്രത്യേകതകൾ നിറഞ്ഞതാണ്. വൃത്തി എന്നത് ജീവിതശൈലിയാക്കി മാറ്റിയ ഈ ഗ്രാമത്തിന്റെ വിളിപ്പേര് 'ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം' എന്നാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന പദവിയും മൗലിനോംഗിന് സ്വന്തമാണ്.

നൂറിൽ താഴെ മാത്രം കുടുംബങ്ങളുള്ള ഈ ഗ്രാമത്തിൽ ഓരോ വീട്ടിൽ നിന്നും തുടങ്ങുന്നതാണ് വൃത്തി. ഒരോ വീട്ടുകാരും വീടിന്റെ അകത്തളവും പരിസരവും വൃത്തിയാക്കിയിടണം എന്നത് ഇവിടുത്തെ അലിഖിത നിയമമാണ്. മുളയും തടിയും കൊണ്ട് നിർമ്മിച്ച പ്രകൃതിസൗഹൃദ വീടുകളാണ് ഏറെയും. വീടിന്റെ അകത്തളം പോലെ തന്നെ ദിവസവും ഗ്രാമത്തിലെ ഓരോ വഴിയും വൃത്തിയാക്കുകയാണ് ഇവിടെയുള്ളവർ.   

mawlynnong-village

മാലിന്യങ്ങൾ വഴികളിൽ ഉപേക്ഷിക്കാതെ നിക്ഷേപിക്കുന്നതിനായി ഗ്രാമത്തിന്റെ പലഭാഗങ്ങളിൽ മുളകൊണ്ട് നിർമിച്ച വേസ്റ്റ് ബാസ്ക്കറ്റുകൾ ഒരുക്കിയിരിക്കുന്നു. പ്രദേശവാസികൾ നട്ടുപിടിപ്പിച്ചവയും സ്വാഭാവികമായ വളർന്നതും അടക്കം അനേകം മരങ്ങളാണ് ഗ്രാമത്തിലുള്ളത്. എന്നാൽ ഇവയിൽ നിന്നും വഴികളിലേക്ക് കൊഴിഞ്ഞു വീഴുന്ന കരിയിലകൾ പോലും തൂത്തുവാരി വേസ്റ്റ് ബാസ്കറ്റുകളിൽ ഇടുകയാണ് പതിവ്. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗവും പുകവലിയും എല്ലാം നിരോധിച്ചിട്ടുണ്ട്.

mawlynnong-bridge

ജൈവമാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കി മാറ്റുന്നു. ഗ്രാമത്തിലെ നിയമങ്ങൾ തെറ്റിക്കുന്നതായി കണ്ടെത്തിയാൽ വൻ പിഴ അടയ്ക്കേണ്ടി വരുമെന്നതിനാൽ ഓരോ ഗ്രാമവാസികളും വീടും നാടും ശുചിയായി സൂക്ഷിക്കാൻ എപ്പോഴും ശ്രദ്ധിക്കുന്നു. ഇതുകൊണ്ടും തീർന്നില്ല മൗലിനോംഗിന്റെ പ്രത്യേകതകൾ. മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി വർഷത്തിൽ ഉടനീളം സുഖകരമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. ഗ്രാമത്തിലെ നദിക്കു കുറുകെയായി മരങ്ങളുടെ വേരുകൾ സ്വയം കെട്ടുപിണഞ്ഞുണ്ടായ സ്വാഭാവിക പാലമാണ് മറ്റൊരാകർഷണം. വർഷങ്ങളെടുത്ത് നിർമ്മിതമായ ഈ പാലത്തിൽ ഒരേസമയം 70 പേർക്ക് വരെ നിൽക്കാൻ സാധിക്കും. പൂർണ്ണമായും മുളകൊണ്ട് നിർമ്മിച്ച 85 അടി ഉയരത്തിലുള്ള ഒരു സ്കൈ വ്യൂ ടവറും മൗലിനോംഗിലുണ്ട്.  

സ്ത്രീശാക്തീകരണത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഈ ഗ്രാമത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ പേരുകൾക്കൊപ്പം അമ്മമാരുടെ പേരുകളാണ് ചേർക്കുന്നത്. നൂറ് ശതമാനം സാക്ഷരത നേടിയ ഗ്രാമം കൂടിയാണ് ഇത്. വനത്തിന്റെ സാമീപ്യവും മൗലിനോംഗ് വെള്ളച്ചാട്ടവുമെല്ലാംകൊണ്ട് സ്വർഗ്ഗതുല്യമായ അനുഭവമാണ് ഇവിടെയെത്തുന്നവർക്ക് ലഭിക്കുക.

English Summary- mawlynnong- cleanest village in Asia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA