ADVERTISEMENT

വനത്തിനു നടുവിൽ മലനിരകളുടെ കാഴ്ച ആസ്വദിക്കാനാവുന്ന വിധത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള വീട്. ഒറ്റനോട്ടത്തിൽ ഏതോ അനിമേഷൻ ചിത്രത്തിലേത് എന്നതുപോലെ തോന്നിക്കുന്ന ഈ വീട് അനിൽ - അതിഥി ദമ്പതികളുടെ സ്വപ്നത്തിൽ പിറന്നതാണ്. ജോലിയുമായി ബന്ധപ്പെട്ട് ഡൽഹി നഗരത്തിൽ ജീവിച്ചിരുന്ന ഇരുവരും 2018 ലാണ് ഉത്തരാഖണ്ഡിലെ കുമയൂൺ താഴ്‌വരയിൽ സുസ്ഥിരത ഉറപ്പാക്കിക്കൊണ്ട് ഫഗുനിയാ ഫാംസ്റ്റേ എന്ന മനോഹരമായ വീട് പണിതുയർത്തിയത്. 

പരമ്പരാഗതമായ കുമയൂൺ വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച മൂന്നു നിലകളുള്ള ഈ വീട് ഭൂകമ്പത്തെ ചെറുത്തുനിൽക്കാൻ കഴിയുന്നതും പരിസ്ഥിതിയോട് ഇണങ്ങി നിൽക്കുന്നതുമാണ്. തടിയും കല്ലുമാണ് വീടിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അടിത്തറ ഒരുക്കുന്നതിന് മാത്രമാണ് സിമന്റ് ഉപയോഗിച്ചത്. പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ ഒരു നൂറ്റാണ്ടിലധികം നിലനിൽക്കാനുള്ള കഴിവും വീടിനുണ്ട്. ഭൂമിയുടെ കിടപ്പനുസരിച്ചാണ് നിർമ്മാണം. വീട് നിർമ്മിക്കുന്നതിനായി ഒരു മരം പോലും മുറിച്ചു മാറ്റുകയോ മണ്ണ് ഇടിക്കുകയോ ചെയ്തിട്ടില്ല.

green-homestay-couple

തിരക്കിൽ നിന്നുംമാറി പ്രകൃതി സുന്ദരമായ സ്ഥലത്ത് വീട് വയ്ക്കണമെന്ന ആഗ്രഹത്തിലാണ് ഈ സ്ഥലംവാങ്ങിയത്. രൂപകൽപനയ്ക്കായി ഇതേ പ്രദേശത്തുള്ള കൽപ്പണിക്കാരുടെ സഹായവും തേടി. സ്ഥലം വാങ്ങിക്കുമ്പോൾ തന്നെ ഇവിടെ ഒരു ചെറിയ വീട് ഉണ്ടായിരുന്നു. അതിലെ തടി ഉരുപ്പടികളും പുതിയ വീടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചു. 

green-homestay-view

രണ്ടടി ഘനത്തിലാണ് കൽഭിത്തികൾ നിർമിച്ചിരിക്കുന്നത്. മാറിവരുന്ന കാലാവസ്ഥകളിലും വീടിനുള്ളിൽ ചൂടും തണുപ്പും അധികമാകാതെ നിലനിർത്താൻ ഇത് സഹായിക്കുന്നു. സ്വാഭാവിക വെളിച്ചം ധാരാളമായി വീടിനുള്ളിലേക്ക് ലഭിക്കുന്ന രീതിയിലാണ് ജനാലകൾ നൽകിയിരിക്കുന്നത്. ദിനവും അഞ്ചു മുതൽ എട്ടു യൂണിറ്റ് വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള സോളർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ബാത്റൂമുകളിലേക്ക് ചൂടുവെള്ളം ലഭിക്കുന്നതിനും സൗരോർജ്ജത്തെയാണ് ആശ്രയിക്കുന്നത്.

മഞ്ഞൾ, ഇഞ്ചി, വെള്ളരി, ക്യാപ്സിക്കം, വഴുതന എന്നിവയടക്കം ധാരാളം പച്ചക്കറികളും വീടിന് പരിസരത്തായി കൃഷി ചെയ്തിരിക്കുന്നു. ജൈവമാലിന്യങ്ങൾ വളമാക്കി മാറ്റിയാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. പ്രകൃതിഭംഗി ആസ്വദിക്കാനാവുന്ന തരത്തിൽ പുൽത്തകിടിയും ഇരിപ്പിടങ്ങളും മുറ്റത്ത് ഒരുക്കിയിട്ടുണ്ട്. 

English summary- Eco friendly Homestay built by couples

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com