ADVERTISEMENT

ഇന്ത്യയിലെ പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുന്നതുപോലെ ബുദ്ധിമുട്ടുള്ള മറ്റൊരു കാര്യവും ഉണ്ടാവില്ല. തിരക്കേറിയ നഗരങ്ങളിലാണെങ്കിൽ പറയുകയും വേണ്ട. വൃത്തിഹീനവും ദുർഗന്ധം വമിക്കുന്നതുമായ പൊതുശൗചാലയങ്ങൾ മാത്രം കണ്ടുശീലിച്ച ഇന്ത്യക്കാർക്ക് വ്യത്യസ്തമായ ആശയത്തിലൂടെ മാതൃക കാണിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ അഭിഷേക് നാഥ് .

ഹൈദരാബാദിന്റെ വിവിധഭാഗങ്ങളിലായി 200 പൊതു ശൗചാലയങ്ങളണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. വെറും ശൗചാലയങ്ങൾ അല്ല. ഇവ 'ലൂ കഫേ' കളാണ്. അതായത് വൃത്തിയുള്ള ടോയ്‌ലറ്റുകൾക്കൊപ്പം സ്നാക്സ് വിൽക്കുന്ന കഫേകളും കൂടിച്ചേർത്താണ് ഇത്തരമൊരു സ്റ്റാർട്ടപ്പിന് അഭിഷേക് രൂപം നൽകിയിരിക്കുന്നത്. ഇവ നിർമ്മിച്ചിരിക്കുന്നതാവട്ടെ രൂപമാറ്റം വരുത്തിയ ഷിപ്പിങ് കണ്ടെയ്നറുകളിലും.

ലൂ കഫേകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേകം ടോയ്‌ലറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. പൊതുജനങ്ങൾക്ക് തികച്ചും സൗജന്യമായി ഇവ ഉപയോഗിക്കാം. ടോയ്‌ലെറ്റുകളിൽ ദുർഗന്ധം ഇല്ല എന്ന് ഉറപ്പു വരുത്തുന്നതിനായി സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്. വാട്ടർ ടാങ്കിലെ ജലനിരപ്പ് താഴ്ന്നാൽ ഉടൻതന്നെ ഹൗസ്കീപ്പർക്ക് അറിയിപ്പ് ലഭിക്കാനുള്ള സാങ്കേതികവിദ്യയും ഒരുക്കിയിരിക്കുന്നു. ലൂ കഫേകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനായി ഒരു കണ്ട്രോൾ സെന്ററും പ്രവർത്തിക്കുന്നുണ്ട്.

loo-cafe-container

കഫേയിൽ നിന്നുള്ള വരുമാനത്തിലാണ് ഈ സംവിധാനങ്ങളെല്ലാം പ്രവർത്തിക്കുന്നത്. ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷന്റെ സഹായത്തോടെയാണ് ലൂ കഫേകൾ സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ദിനംപ്രതി 200നും 1500 നും ഇടയിൽ ആളുകൾ ഓരോ ലൂ കഫേയും ഉപയോഗിക്കുന്നതായാണ് കണക്ക്. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി പലയിടങ്ങളിലും സൗരോർജ്ജത്തിൽ നിന്നുള്ള വൈദ്യുതി ഉൽപാദനവും നടത്തിവരുന്നു. കഫേകളുടെ വശങ്ങളിലായി ചെറിയ ചെടികൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്.

ദീർഘദൂര യാത്രകൾക്കിടെ വൃത്തിയുള്ള പൊതു ശൗചാലയങ്ങൾ ഒരിടത്തും കാണാൻ സാധിക്കാത്തതാണ് ഇത്തരം ഇത്തരമൊരു സ്റ്റാർട്ടപ്പിലേക്ക് തന്നെ എത്തിച്ചത് എന്ന് അഭിഷേക് പറയുന്നു. ലൂ കഫേകളിലേക്ക് മഴവെള്ളം സംഭരിക്കുക, ജലത്തിന്റെ ആവശ്യമില്ലാത്ത ടോയ്‌ലറ്റുകൾ സ്ഥാപിക്കുക എന്നിങ്ങനെ ഇങ്ങനെ പല ആശയങ്ങളും ലൂ കഫേകളിൽ നടപ്പാക്കാൻ ഒരുങ്ങുകയാണ് അഭിഷേക്.

English Summary- Public Toilets Using Shipping Containers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com