കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് പ്രകൃതിവീടുകൾ നിർമിക്കാനിറങ്ങി; ഇന്ന് അവയെല്ലാം പഠനവിഷയം; പ്രചോദനം

eco-homes-man
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

കെട്ടിടനിർമ്മാണത്തിന് ത്രീഡി പ്രിന്റിംഗ് അടക്കം അത്യാധുനിക സംവിധാനങ്ങൾ ഏറെയാണ്. അതിനനുസരിച്ച് നിർമ്മാണസാമഗ്രികളിലും ഏറെ മാറ്റങ്ങൾ വന്നുകഴിഞ്ഞു. എന്നാൽ ഇതിനിടെ തദ്ദേശീയമായ വാസ്തുവിദ്യ പ്രകാരം കെട്ടിടങ്ങൾ നിർമിച്ച് വ്യത്യസ്തനാവുകയാണ് ആന്റണി രാജ് എന്ന് തമിഴ്നാട് സ്വദേശി. കോർപ്പറേറ്റ് രംഗത്തെ ഉയർന്ന ജോലി ഉപേക്ഷിച്ചാണ് പ്രകൃതിയോടിണങ്ങി നിൽക്കുന്ന കെട്ടിടങ്ങൾ നിർമിക്കുന്നതിനായി ആന്റണി ഇറങ്ങിത്തിരിച്ചത്.

ചെന്നൈയ്ക്ക് സമീപം മുതലിയാർക്കൂപ്പം എന്ന സ്ഥലത്ത് കുടുംബത്തിനായി ഒരു ഫാംഹൗസ് നിർമ്മിക്കാനുള്ള തീരുമാനമായിരുന്നു ആന്റണിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ആ പ്രദേശത്തിന്റെ പ്രകൃതിഭംഗിയോട് ഇണങ്ങുന്ന വിധത്തിൽ തദ്ദേശീയമായ നിർമാണ സാമഗ്രികളും വാസ്തുവിദ്യയും ഉപയോഗിച്ച് വീട് നിർമ്മിക്കാനായിരുന്നു പദ്ധതി. പ്രകൃതിസൗഹൃദപരവും ചെലവുകുറഞ്ഞതുമായ വാസ്തുവിദ്യകളെ പറ്റി വിദഗ്ധരിൽനിന്നും അറിവു നേടിയശേഷമാണ് അരുൾവില്ലെ എന്ന പേര് നൽകിയിരിക്കുന്ന ഫാംഹൗസ് അദ്ദേഹം നിർമ്മിച്ചത്. ഇന്ന് ഈ വീട് സുസ്ഥിരതയുള്ള വാസ്തുവിദ്യാശൈലിയുടെ മാതൃകയായാണ് കണക്കാക്കപ്പെടുന്നത്. വാസ്തുവിദ്യയെ കുറിച്ച് പഠിക്കുന്ന വിദ്യാർഥികൾക്ക് ഗവേഷണത്തിനുള്ള കേന്ദ്രമായി അരുൾവില്ലെ മാറി കഴിഞ്ഞു. 

eco-homes-building

തദ്ദേശീയമായ കെട്ടിട നിർമ്മാണ രീതിയോട് തോന്നിയ ഇഷ്ടത്തെ തുടർന്ന് പിന്നീട് ശ്രീറാം ഗ്രൂപ്പിലെ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന പദവി ഉപേക്ഷിച്ച് സെന്റർ ഫോർ ഇൻഡജെനസ് ആർക്കിടെക്ചർ എന്ന സ്ഥാപനം അദ്ദേഹം ആരംഭിച്ചു. ഓരോ പ്രദേശത്തെയും പ്രത്യേകതകൾക്ക് അനുയോജ്യമായ രീതിയിൽ തദ്ദേശീയമായ വസ്തുക്കൾ ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമിക്കുന്ന സ്ഥാപനം ഇന്ന് ഏറെ പ്രശസ്തമാണ്. 

സിമന്റ്, സ്റ്റീൽ, പെയിന്റ് എന്നിവയുടെ ഉപയോഗം പരമാവധി പരിമിതപ്പെടുത്തിയാണ് കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. വൈദ്യുതിയുടെ ഉപയോഗം കൂടാതെ തന്നെ മുറികൾക്കുള്ളിൽ ചൂടു കുറയ്ക്കാൻ ഈ വാസ്തുവിദ്യ സഹായിക്കുന്നു. ഇതിനായി തടിക്ക് മുകളിൽ പല അടുക്കുകളായി കട്ടകൾ നിരത്തുന്ന മദ്രാസ് ടെറസ് റൂഫിംഗ് രീതിയും മണ്ണുകൊണ്ട് നിർമ്മിച്ച ഭിത്തികളും കളിമണ്ണിൽ നിർമ്മിച്ച ടൈലുകളുമാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. റേഡിയേഷൻ ചെറുക്കുന്നതിനും ചൂട് കുറയ്ക്കുന്നതിനും ഈ രീതികൾ ഏറെ സഹായകരമാണ്. ഇതിനുപുറമേ വീടിന്റെ ഭിത്തികളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ വീതിയേറിയ വരാന്തകളും ഉൾപ്പെടുത്തുന്നു.

eco-homes-building-vie

ഒരു സമയം ഒരു കെട്ടിടത്തിന്റെ നിർമ്മാണം മാത്രമേ സെന്റർ ഫോർ ഇൻഡജനസ് ആർക്കിടെക്ചർ ഏറ്റെടുക്കാറുള്ളൂ. അതാത് പ്രദേശത്തെ സവിശേഷതകൾ മനസ്സിലാക്കി കെട്ടിടം രൂപകൽപ്പന ചെയ്യാനും നിർമ്മാണസാമഗ്രികൾ തെരഞ്ഞെടുക്കാനും അതുവഴി നിർമ്മാണത്തിൽ കൃത്യത ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഇത്. 

കാഴ്ചയിലുള്ള ഭംഗിക്ക് പുറമേ വീടുകൾക്കുള്ളിൽ ജീവിക്കുന്നവരുടെ ആരോഗ്യവും നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും കണക്കിലെടുക്കാറുണ്ട്. വായു സഞ്ചാരം ഉറപ്പുവരുത്തി കൊണ്ടാണ് നിർമ്മാണം . പ്രകൃതിക്ക് ഇണങ്ങുന്ന വിധത്തിൽ വാസ്തുവിദ്യാശൈലികൾ വികസിപ്പിച്ചെടുക്കാൻ വിദ്യാർഥികളെ പര്യാപ്തരാക്കുക എന്നതാണ് തന്റെ സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് ആന്റണി പറയുന്നു. 

English summary- Man quit corporate job to build Ecofriendly house

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA