ADVERTISEMENT

ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ വെള്ളം കണ്ടെത്താനുള്ള പരിഹാരമായി ഏവരും കണ്ടെത്തുന്നത് കുഴൽകിണറുകളാണ്. ഏറെ ആഴത്തിൽ കുഴിയെടുത്ത് നിർമ്മിക്കുന്ന കുഴൽകിണറുകൾ ഭൂഗർഭജലത്തെ ഊറ്റിയെടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ ഭൂമിയെ ചൂഷണം ചെയ്യാതെ ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ വെള്ളം കണ്ടെത്തുന്നതിനുള്ള സുസ്ഥിരവും പരമ്പരാഗതവുമായ മാർഗമാണ് സുരങ്കകൾ.

കേരളത്തിലെ വടക്കൻ ജില്ലകളിൽ സുരങ്കകൾ നിർമ്മിക്കുന്ന കുഞ്ഞമ്പു എന്ന വ്യക്തിയെക്കുറിച്ചുള്ള വാർത്തകൾ അടുത്തകാലത്ത്  പുറത്തു വന്നതോടെ ഈ ജലസംഭരണ മാർഗം കൂടുതൽ പ്രചാരം നേടി തുടങ്ങിയിട്ടുണ്ട്. 50 വർഷം കൊണ്ട് 1000-ലേറെ സുരങ്കകൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. സാധാരണ കിണറുകൾ പോലെ ആഴങ്ങളിലേക്ക് കുഴിക്കാതെ ഭൂമിക്ക് തിരശ്ചീനമായി നിർമ്മിക്കുന്ന തുരങ്കങ്ങളാണ് സുരങ്കകൾ. തുരങ്കം എന്ന വാക്കിന്റെ കന്നട പദമാണ് സുരങ്ക.

കാസർഗോഡ്‌, കണ്ണൂർ, കർണാടകയുടെ തെക്കൻ മേഖലകൾ എന്നിവിടങ്ങളിലാണ് സുരങ്കകൾ സാധാരണയായി നിർമിക്കപ്പെടുന്നത്. മലമ്പ്രദേശങ്ങളിലെ ഉള്ളറകളിലുള്ള ഉറവകൾ ചാലുകളാക്കി പുറത്തേക്ക് എത്തിക്കുന്ന രീതിയാണിത്. തുറന്ന കിണറുകൾ പ്രായോഗികമല്ലാത്ത മേഖലകളിലാണ് ഇവ പൊതുവേ നിർമിക്കപ്പെടുന്നത്. 

മണ്ണിന് ഉറപ്പുള്ള സ്ഥലങ്ങളാണ് സുരങ്കകളുടെ നിർമ്മാണത്തിനായി തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ ഇവയുടെ നിർമ്മാണം അല്പം ആയാസമേറിയ പ്രവൃത്തിയാണ്. ഉറവയുള്ള സ്ഥലം കണ്ടെത്തുകയാണ് ആദ്യ പടി. പിന്നീട് ചെരിവിൽ നിന്നും ഈ സ്ഥാനം വരെ രണ്ട് മീറ്റർ ഉയരത്തിലും അര മീറ്റർ വീതിയിലും മണ്ണ് മാന്തിയെടുക്കും. ഓരോ തുരങ്കത്തിനും 30 മുതൽ 40 മീറ്റർ വരെ നീളം ഉണ്ടാവും. ഉറവയിൽ നിന്നുള്ള ജലം തുരങ്കത്തിലൂടെ ഒഴുക്കിവിട്ട് സംഭരണികളിലേക്ക് ശേഖരിച്ച് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ചിലയിടങ്ങളിൽ ഉറവയിൽ നിന്ന് നേരിട്ട് പൈപ്പ് വഴി ജലം സംഭരണിയിലേക്ക് എത്തിക്കുന്നു. തുറന്നു കിണറുകൾക്കുള്ളിൽ വശങ്ങളിലേക്കും സുരങ്കകൾ നിർമ്മിക്കാറുണ്ട്.

കുഴൽക്കിണറുകൾ പ്രകൃതിക്ക് വലിയ ആഘാതം ഏല്പിച്ചുകൊണ്ട് ഭൂഗർഭജലം അപ്പാടെ ഊറ്റിയെടുക്കുമ്പോൾ പ്രകൃതിക്ക് യാതൊരു കോട്ടവും തട്ടാതെ ജലം ശേഖരിക്കാൻ സഹായിക്കുന്ന മാർഗ്ഗമാണ് സുരങ്ക നിർമ്മാണം. സുരങ്കകളിൽ നിന്നും ശേഖരിക്കുന്ന ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതാണ് എന്ന പ്രത്യേകതയുമുണ്ട്.

English Summary- suranga cave wells water harvesting system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com