ADVERTISEMENT

ഇൻഡോനേഷ്യയിലെ ജാവ ഐലൻഡിലെ മഗെലാങ് എന്ന സ്ഥലത്ത് വനത്തിനുള്ളിൽ ഒരു ആരാധനാലയമുണ്ട്. കാലങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ഈ ആരാധനാലയം അതിന്റെ രൂപം കൊണ്ടാണ് വ്യത്യസ്തമാകുന്നത്. വലിയ തലയും വാലും ചുണ്ടും ഒക്കെയായി ഒരു പക്ഷിയുടെ ആകൃതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പ്രദേശവാസികൾക്കിടയിൽ 'ചിക്കൻ ചർച്ച്' എന്ന പേരിലാണ് ഈ നിർമിതി അറിയപ്പെടുന്നത്.

chicken-church-java-aerial

ഡാനിയൽ അലമ്സ്ജാ എന്ന വ്യക്തിയാണ് ഈ കെട്ടിടത്തിന്റെ നിർമ്മാതാവ്. ഇത് വാസ്തവത്തിൽ ഒരു പള്ളിയോ കോഴിയുടെ ആകൃതിയോ അല്ല എന്നാണ് ഡാനിയേലിന്റെ വാദം. 1980കളിൽ ജക്കാർത്തയിൽ ജോലിചെയ്തിരുന്ന സമയത്ത് ഒരു പ്രത്യേക സ്ഥലം ഡാനിയേൽ സ്വപ്നത്തിൽ കണ്ടിരുന്നു. 1989ൽ മഗെലാങ്ങിലൂടെ സഞ്ചരിക്കുമ്പോൾ സ്വപ്നത്തിൽ കണ്ട അതേ സ്ഥലം ഡാനിയേൽ കണ്ടെത്തി. അവിടെയിരുന്ന് പ്രാർത്ഥിക്കുന്നതിനിടെ പ്രാവിന്റെ ആകൃതിയിൽ ഒരു പ്രാർത്ഥനാമുറി പണിയണമെന്ന വെളിപാട് ഉണ്ടാവുകയായിരുന്നു എന്ന് ഡാനിയൽ പറയുന്നു.

chicken-church-java-inside

ഭൂവുടമകൾക്ക് 20 ലക്ഷം രൂപ നൽകി അദ്ദേഹം ആ സ്ഥലം സ്വന്തമാക്കി. ക്രിസ്തുമതത്തിൽ വിശ്വസിക്കുന്ന വ്യക്തിയായതിനാൽ താൻ നിർമ്മിക്കുന്നത് ഒരു പള്ളിയാണ് എന്നാണ് ഏവരും കരുതിയത് എന്നും എന്നാൽ ദൈവത്തിൽ വിശ്വസിക്കുന്ന ആർക്കും പ്രാർത്ഥിക്കാനുള്ള ഒരു വലിയ മുറി മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും ഡാനിയേൽ പറയുന്നു. നിർമാണച്ചെലവ് കൂടുതലായതിനെ തുടർന്ന് 2000 ൽ ആരാധനാലയത്തിന്റെ പണി നിർത്തിവയ്ക്കുകയായിരുന്നു.

chicken-church-interior

നിലവിൽ എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന നിലയിലാണ് രണ്ടു നിലകളുള്ള കെട്ടിടം. മുകൾനിലയിൽ വിശാലമായ ഒരു ഹാളും താഴത്തെ നിലയിൽ 15 മുറികളുമാണ് ഉള്ളത്. ലഹരിക്ക് അടിമപ്പെട്ടവരെയും രോഗികളെയും പുനരധിവസിപ്പിക്കാനുള്ള സ്ഥലം എന്ന നിലയിലാണ് മുറികൾ നിർമ്മിച്ചത്.

chicken-church-aerial

പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായി കിടക്കുകയാണെങ്കിലും ഇപ്പോൾ ഈ സ്ഥലത്തക്കുറിച്ചു കേട്ടറിഞ്ഞ് നിരവധി സന്ദർശകർ ഇവിടെ എത്തുന്നുണ്ട്. അടച്ചുറപ്പോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രം കൂടിയാണ് ഇപ്പോൾ ഈ സ്ഥലം.

English Summary- Chicken Church of Java; Architecture News malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com