ADVERTISEMENT

നൂറ്റാണ്ടുകളായി ചരിത്രാന്വേഷകർക്കും ഗവേഷകർക്കും പിടിനൽകാതെ ഒരു അദ്ഭുതമായി തുടരുകയായിരുന്നു ഇംഗ്ലണ്ടിലെ വിൽറ്റ്ഷയറിലുള്ള സ്റ്റോൺഹെൻജ് എന്ന നിർമാണവിസ്മയം.. 30 ടൺ ഭാരവും 7 മീറ്റർ നീളവുമുള്ള സാർസൻ കല്ലുകൾ വൃത്താകൃതിയിൽ കുത്തനെ നിർത്തിയാണ് സ്റ്റോൺഹെൻജ് നിർമ്മിച്ചിരിക്കുന്നത്. പുരാതന മഹാത്ഭുതങ്ങളുടെ പട്ടികയിലും ഈ നിർമിതി ഇടംപിടിച്ചിരുന്നു. 5,000ലേറെ വർഷങ്ങൾ പഴക്കമുള്ള സ്മാരകം 1986 വേൾഡ് ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിക്കപ്പെട്ടു.

stonehenge

തൊട്ടടുത്ത് പർവ്വതങ്ങളും മലനിരകളും ഒന്നുമില്ലാത്ത ഒരു പ്രദേശത്ത് ഇത്രവലിയ കല്ലുകൾ എവിടെ നിന്നും ഏതു വിധത്തിൽ എത്തിച്ചു എന്നത് കണ്ടെത്താനാവാതെ ആശയക്കുഴപ്പത്തിലായിരുന്നു ഗവേഷകർ. എന്നാലിപ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ രഹസ്യത്തിന്റെ ചുരുളഴിഞ്ഞിരിക്കുകയാണ്. സ്റ്റോൺഹെഞ്ചിലെ ശിലകളുടെ ഉറവിടം കണ്ടെത്തിയതായി സ്മാരകത്തിന്റെ മേൽനോട്ട ചുമതലയുള്ള ഇംഗ്ലീഷ് ഹെറിറ്റേജ് എന്ന സംഘടന അറിയിച്ചു.

stonehenge-tourist

കഴിഞ്ഞവർഷമാണ് സുപ്രധാനമായ കണ്ടെത്തലിലേക്ക് വെളിച്ചം വീശുന്ന തെളിവ് ഗവേഷകർക്ക് ലഭിച്ചത്. 1958 ൽ പര്യവേഷണ സംഘത്തിലുണ്ടായിരുന്ന ഒരു ജോലിക്കാരൻ സ്റ്റോൺഹെഞ്ചിൽ നിന്നും നീക്കം ചെയ്ത സാർസൻ ശിലയുടെ കേന്ദ്രഭാഗം തന്റെ കൈയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. 90ാം പിറന്നാൾ ദിനത്തിൽ അദ്ദേഹം അത് മടക്കി നൽകിയതോടെ ഗവേഷകർ തിരികെ ലഭിച്ച ഭാഗവും മറ്റു ശിലകളും താരതമ്യം ചെയ്യാനുള്ള പഠനങ്ങൾ ആരംഭിച്ചു. ഇതിലൂടെയാണ് എല്ലാ ശിലകളും ഒരേ പ്രദേശത്തു നിന്നും വന്നവയാണെന്ന് തിരിച്ചറിഞ്ഞത്. 

സ്റ്റോൺഹെഞ്ചിൽ നിന്നും 24 കിലോമീറ്റർ അകലെയുള്ള മാൽബറോയിലെ വെസ്റ്റ് വുഡ്സാണ് സാർസൻ കല്ലുകളുടെ ഉത്ഭവസ്ഥാനം എന്ന് ഗവേഷകർ പറയുന്നു. നവീന ശിലായുഗത്തിൽ നിർമ്മിക്കപ്പെട്ടു എന്ന് കരുതുന്ന ഈ സ്മാരകത്തിൽ പ്രധാനമായും രണ്ട് തരത്തിലുള്ള കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവയിലെ ബ്ലൂസ്റ്റോൺസ് എന്നറിയപ്പെടുന്ന ചെറിയ സ്ലാബുകൾ തെക്കു പടിഞ്ഞാറൻ വെയിൽസിലെ പ്രസേലി ഹിൽസിൽ നിന്നും കൊണ്ടുവന്നതാണെന്നാണ് കണക്കാക്കപ്പെടുന്നത്. കുത്തനെ നിർത്തിയിരിക്കുന്ന മെഗാലിത്തിക് എന്നറിയപ്പെടുന്ന സാർസൻ കല്ലുകളുടെ ഉറവിടം മാൽബറോ ആകാമെന്ന് അനുമാനമുണ്ടായിരുന്നെങ്കിലും ഇതുവരെ തെളിയിക്കാനായിരുന്നില്ല.ഒടുവിൽ സ്റ്റോൺഹെഞ്ചിലെ ശിലകളുടെ കെമിക്കൽ കോമ്പോസിഷനുമായി ഏറ്റവും ചേർന്നു നിൽക്കുന്നത് വെസ്റ്റ് വുഡ്സാണെന്ന് കണ്ടെത്തുകയായിരുന്നു.

സയൻസ് അസ്വാൻസസ് എന്ന ജേർണലിലാണ് പഠന വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വെസ്റ്റ് വുഡ്സിൽ നിന്നും കല്ലുകൾ വെട്ടിയെടുത്ത കൃത്യമായ സ്ഥാനവും അവ സ്റ്റോൺഹെഞ്ച് നിർമ്മിച്ചിരിക്കുന്നിടത്തേക്ക് കൊണ്ടുവരാൻ ഉപയോഗിച്ച വഴിയും കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ഗവേഷകർ.

English Summary- Stonehenge Stone Source Revealed; Architcture Wonder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com