അമ്പരപ്പിക്കുന്ന നിർമാണം, സൗകര്യങ്ങൾ; ലോകത്തിലെ ഏറ്റവും ചെലവേറിയ ഹോട്ടലുകൾ ഇവയാണ്

top-hotels-world
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

സങ്കൽപങ്ങൾക്കും അപ്പുറത്തുള്ള നിർമാണവൈഭവത്തിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ ചില ഹോട്ടലുകളുണ്ട്. ആർക്കിടെക്ചർ വൈഭവത്തോടൊപ്പം സമാനതകളില്ലാത്ത സൗകര്യങ്ങൾ കൊണ്ടും ഈ കെട്ടിടങ്ങൾ തലയുയർത്തി നിൽക്കുന്നു. ആയിരക്കണക്കിന് കോടികൾ മുടക്കി നിർമ്മിച്ച, ലോകത്തിലെ ഏറ്റവും വിലമതിപ്പുള്ള ചില ഹോട്ടലുകൾ പരിചയപ്പെടാം.

അബ്രാജ് അൽ ബൈത്ത്

abraj-albaik

ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം ദേവാലയവും തീർഥാടനകേന്ദ്രവുമായ മക്കയ്ക്ക് മീറ്ററുകൾ മാത്രമകലെയാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഉയരത്തിന്റെ കാര്യത്തിൽ, നിലവിൽ ലോകത്ത് അഞ്ചാമനാണ് ഈ കെട്ടിടം. ചെലവിന്റെ കാര്യത്തിൽ, നിലവിൽ പൂർത്തിയായ കെട്ടിടങ്ങളിൽ മൂന്നാം സ്ഥാനവും. സൗദി അറേബ്യയിലെ ഏറ്റവും വലിയ കെട്ടിടവും ഇതാണ്. വ്യത്യസ്ത പേരുകളുള്ള ഏഴു ടവറുകൾ ചേർന്ന നിർമ്മിതിയാണിത്. ഇതിലെ പ്രധാന ടവറായ മക്ക റോയൽ ക്ലോക്ക് ടവറിലാണ് ലോകത്തിലെ ഏറ്റവും വലിയ ഘടികാരമുള്ളത്. ഒരു ലക്ഷത്തിപതിനായിരം കോടി രൂപയാണ് അബ്രാജ് അൽ ബൈത്തിന്റെ നിർമ്മാണത്തിനായി ചിലവിട്ടത്.

മറീന ബേ സാൻഡ്സ്

617882378

സിംഗപ്പൂരിൽ ലാസ് വെഗാസ് സാൻഡ്സ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മറീന ബേ സാൻഡ്സ് നിർമ്മാണച്ചെലവ് കൊണ്ട് മാത്രമല്ല അതിന്റെ രൂപകൽപന കൊണ്ടുകൂടിയാണ് ശ്രദ്ധനേടുന്നത്. മൂന്നു ടവറുകളുള്ള ഹോട്ടൽ സമുച്ചയത്തെ ബന്ധിപ്പിക്കുന്ന കപ്പലിന്റെ ആകൃതിയിലുള്ള സ്കൈ പാർക്കാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇവിടെയുള്ള റൂഫ്‌ടോപ് സ്വിമ്മിങ് പൂൾ മറ്റൊരു ഹൈലൈറ്റാണ്. 55 നിലകളുള്ള കെട്ടിട സമുച്ചയത്തിൽ 2560 മുറികളും സ്യൂട്ടുകളുമാണുള്ളത്. 41,000 കോടി രൂപ ചെലവിട്ടാണ് ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്.

റിസോർട്ട്സ് വേൾഡ് സെന്റോസ

sentosa

സിംഗപ്പൂരിലെ സെന്റോസ ദ്വീപിലാണ് റിസോർട്ട്സ് വേൾഡ് സെന്റോസ എന്ന ഏഷ്യയിലെ പ്രീമിയം ലൈഫ്സ്റ്റൈൽ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം, ഡോൾഫിൻ ഐലൻഡ്, വാട്ടർ പാർക്ക്, കാസിനോ എന്നിങ്ങനെ എണ്ണമറ്റ അത്യാഡംബര സൗകര്യങ്ങളൊരുക്കിയാണ് ഈ റിസോർട്ട് അതിഥികളെ സ്വാഗതം ചെയ്യുന്നത്. ആറ് ആഡംബര ഹോട്ടലുകൾ കൂടി ചേർന്നതാണ് ഈ റിസോർട്ട് . 49 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന റിസോർട്ടിന്റെ നിർമാണ ചെലവ് 36,000 കോടിയാണ്.

വിൻ പാലസ്

wyn-palace

28 നിലകളിലായി രാജകീയ സൗകര്യങ്ങളുള്ള 1706 ആഡംബര മുറികളാണ് ചൈനയിലെ മക്കാവോയിലുള്ള വിൻ പാലസ് റിസോർട്ടിലുള്ളത്. 31,000 കോടി മുടക്കിയാണ് ഈ വമ്പൻ ഹോട്ടൽ നിർമ്മിച്ചത്. മക്കാവോയിലെ ഏറ്റവും വലിയ സ്പാ, രുചി വൈഭവം കൊണ്ട് ശ്രദ്ധനേടിയ റസ്റ്ററന്റുകൾ, വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം നൽകുന്ന വിശാലമായി ചില്ലറ വില്പന കേന്ദ്രം എന്നിങ്ങനെ നിർമാണവൈഭവം കൊണ്ട് കണ്ണും മനസ്സും കവരുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

ദ കോസ്മോപോളിറ്റൻ 

Cosmopolitan-LasVegas

184 മീറ്റർ ഉയരമുള്ള രണ്ട് ഹൈ റൈസ് ടവറുകളാണ് റിസോർട്ടിന്റെ മുഖ്യ ആകർഷണം. നഗരക്കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ പ്രൈവറ്റ് ടെറസുകളോടു കൂടിയാണ് റിസോർട്ടിലെ ആഡംബര മുറികൾ ഒരുക്കിയിരിക്കുന്നത്. കാസിനോ , നൈറ്റ് ക്ലബ്, വിശാലമായ മൂന്ന് പൂളുകൾ എന്നിങ്ങനെ അതിഥികൾക്കായി നിരവധി സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ആഡംബര റിസോർട്ടിന്റെ നിർമാണച്ചെലവ് 30,000 കോടി രൂപയാണ്.

എമിറേറ്റ്സ് പാലസ്

emirate-palace-abudabi

അറേബ്യൻ വാസ്തുവിദ്യയുടെയുടെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് അബുദാബിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ എമിറേറ്റ്സ് പാലസ്. സർക്കാർ തലത്തിലെയും പൊതുമേഖലയിലെയും ഉന്നതതല സമ്മേളനങ്ങൾക്ക് എമിറേറ്റ്സ് പാലസ് സ്ഥിരം വേദിയാകാറുണ്ട്. 1.3 കിലോമീറ്ററിൽ പരന്നുകിടക്കുന്ന ഈ ആഡംബര ഹോട്ടലിന് പ്രൈവറ്റ് ബീച്ചുമുണ്ട്. 394 ഗസ്റ്റ് റൂമുകളാണ് ഇവിടെയുള്ളത് . 22,000 കോടിയാണ് റിസോർട്ടിന്റെ നിർമാണച്ചെലവ്.

English summary- worlds top hotels in the world

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA