അവിശ്വസനീയം! ചുഴലിക്കാറ്റും തോറ്റു മടങ്ങി ഈ മൺകുടിലുകൾക്ക് മുന്നിൽ

HIGHLIGHTS
  • വൃത്താകൃതിയിലാണ് ഈ മൺവീടുകളുടെ നിർമ്മാണം. പ്രാദേശിക ഭാഷയിൽ 'ചുറ്റില്ലു' എന്നറിയപ്പെടുന്നു.
mud-house-ap
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

മനുഷ്യന്റെ ഏതു പ്രശ്നത്തിനും പ്രകൃതിയിൽ പരിഹാരമുണ്ട് എന്നത് കേട്ടുപഴകിയ ചൊല്ലാണ്. പക്ഷേ പലരും ഇതിനു ചെവി കൊടുക്കാറില്ല എന്ന് മാത്രം. എന്നാൽ ആന്ധ്രപ്രദേശിലെ തീരദേശത്തുള്ള മത്സ്യത്തൊഴിലാളികളുടെ കാര്യം അങ്ങനെയല്ല. പരിമിതമായ സാഹചര്യങ്ങളിലും തികച്ചും പ്രകൃതിദത്തമായ രീതിയിൽ ഏതു ചുഴലിക്കാറ്റിനെയും ചെറുത്ത് നിൽക്കാവുന്ന മൺകുടിലുകളാണ് ഇവർ നിർമ്മിച്ചെടുക്കുന്നത്.  

സാധാരണയിൽ നിന്നും വ്യത്യസ്തമായി വൃത്താകൃതിയിലാണ് ഈ മൺവീടുകളുടെ നിർമ്മാണം. പ്രാദേശിക ഭാഷയിൽ 'ചുറ്റില്ലു' എന്ന് ഇവ അറിയപ്പെടുന്നു. തീരദേശ മേഖലകൾക്ക് എപ്പോഴും ചുഴലികാറ്റുകൾ ഭീഷണിയാവുന്നതിനാൽ ഈ പ്രദേശത്തുള്ളവരിൽ ഏറിയപങ്കും ചുറ്റില്ലുകളിലാണ് ജീവിക്കുന്നത്. 

നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ മണ്ണ്, വെള്ളം, കച്ചി എന്നിവ കൃത്യമായ രീതിയിൽ കുഴച്ച് പരുവപ്പെടുത്തിയെടുക്കുന്നു. പിന്നീട് ഇവ ഗോളാകൃതിയിൽ  ഉരുട്ടിയെടുത്ത് പല അടുക്കുകളായി നിരത്തിയാണ് ഭിത്തി നിർമ്മിക്കുന്നത്. ആദ്യം രണ്ടടി ഉയരത്തിൽ ഭിത്തി നിർമ്മിക്കും. ഒരു ദിവസം വെയിലുകൊണ്ട് മണ്ണ് ഉണങ്ങിയ ശേഷമാണ് അടുത്ത അടുക്കിന്റെ നിർമ്മാണം. ഭിത്തിയുടെ നിർമ്മാണം പൂർത്തിയായ ശേഷം ലൈംവാഷ് ചെയ്യുന്നു. 

mud-house-ap-view

പനമരത്തിൽ നിന്നുമാണ് കഴുക്കോൽ നിർമ്മിക്കുന്നത്. പനയോലകൾകൊണ്ട് മേൽക്കൂരകളും നിർമ്മിക്കുന്നു. സാധാരണ ഓലമേഞ്ഞ കുടിലുകളിൽ നിന്നും വ്യത്യസ്തമായി മേൽക്കൂരയിൽ ഉപയോഗിച്ചിരിക്കുന്ന ഓലകൾ പുറത്ത് തറയിൽ മുട്ടുന്ന രീതിയിലാണ് നിരത്തുന്നത്. മോശം കാലാവസ്ഥയിൽ നിന്നും മൺഭിത്തിക്ക് സംരക്ഷണം നൽകുന്നതിന് വേണ്ടിയാണിത്. വെള്ളം ഉള്ളിലേക്ക് കടക്കുന്നില്ല എന്ന് ഉറപ്പു വരുത്താൻ 45 ഡിഗ്രി ചെരിവിലാണ് മേൽക്കൂരയുടെ നിർമ്മാണം. കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി ഓലമേഞ്ഞ മേൽക്കൂരയ്ക്കു താഴെ തടികൊണ്ടോ മണ്ണുകൊണ്ടോ പരന്ന മേൽക്കൂരകൾ നിർമ്മിക്കുന്ന പതിവുമുണ്ട്. 

1975 മുതൽ ഇങ്ങോട്ട് ആന്ധ്രപ്രദേശിൽ 60 ചുഴലിക്കാറ്റുകളാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ തന്നെ 1977 ൽ ഉണ്ടായ ചുഴലിക്കാറ്റിൽ പതിനായിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ലക്ഷക്കണക്കിന് വീടുകൾ തകരുകയും ചെയ്തിരുന്നു. എന്നാൽ അപ്പോഴൊക്കെയും തീരദേശത്ത് പരമ്പരാഗതരീതിയിൽ നിർമ്മിച്ചെടുത്ത ഈ മൺവീടുകൾക്ക് യാതൊരു അപകടവും സംഭവിച്ചിരുന്നില്ല. ചതുരാകൃതിയിലോ ദീർഘചതുരാകൃതിയിലോ ഉള്ള നിർമ്മിതികളെയാണ് ചുഴലിക്കാറ്റ് സാരമായി ബാധിക്കുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി വൃത്താകൃതിയിലുള്ള നിർമ്മാണം  ചുഴലിക്കാറ്റിനെ ചെറുത്തുനിൽക്കാൻ ഈ വീടുകളെ സഹായിക്കുന്നതായി ആർക്കിടെക്റ്റായ ബെന്നി കുര്യാക്കോസ് പറയുന്നു. തമിഴ്നാട്ടിലെ ദക്ഷിണ ചിത്ര മ്യൂസിയത്തിൽ ചുറ്റില്ലുവിന്റെ ഒരു മാതൃക നിർമ്മിച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്- ബെറ്റർ ഇന്ത്യ 

English Summary- AndraPradesh Mud Houses that withstand Cyclone; Architecture News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA