ADVERTISEMENT

വലിയ പ്രതീക്ഷയോടെ ആരംഭിക്കുന്ന പദ്ധതികളിൽ പലതും കൃത്യമായ പ്ലാനിങ് ഇല്ലാത്തതുമൂലം പൂട്ടിപ്പോകുന്നത് നമ്മുടെ നാട്ടിൽ പതിവാണ്. എന്നാൽ മറ്റു വികസിത രാജ്യങ്ങളിലും ഇങ്ങനെ സംഭവിക്കാറുണ്ട്. ലണ്ടനിലെ ഓക്സ്ഫോർഡ് സ്ട്രീറ്റിൽ പണി തീർത്ത ഒരു പൊതുഉല്ലാസകേന്ദ്രത്തിനും ഉണ്ടായത്. നഗരത്തിൽ അത്യാവശ്യം പച്ചപ്പും ഹരിതാഭയും നിറയ്ക്കുക എന്നതായിരുന്നു പണിയുമ്പോൾ ഉദ്ദേശ്യം. പക്ഷേ പണികഴിഞ്ഞു തുറന്നു സന്ദർശകർക്കായി കൊടുത്തപ്പോൾ പച്ചപ്പ് മൂടിയ പ്രദേശത്തിനു പകരം ഉണങ്ങിയ നിലയിലുള്ള ഒരു കുന്നാണ് ഉണ്ടായിരുന്നത്. അങ്ങനെ പ്രതിഷേധം മൂലം തുറന്ന് രണ്ടു ദിവസത്തിനുള്ളിൽ തന്നെ പൂട്ടേണ്ട അവസ്ഥയിൽ എത്തുകയായിരുന്നു. 

marble-arch-expectation-reality
പ്രതീക്ഷിച്ച രൂപരേഖ (ഇടത്), സംഭവിച്ചത് (വലത്)

കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിരിക്കുന്നതിനാൽ നഗരത്തിൽ പച്ചത്തുരുത്തുകൾ ഉണ്ടാകേണ്ടതിന്റെ ആവശ്യം എടുത്തു കാണിക്കുക, സമീപമുള്ള ഹൈഡ് പാർക്ക് എന്നിവ വ്യത്യസ്തമായ രീതിയിൽ കണ്ടനുഭവിക്കാൻ അവസരമൊരുക്കുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളോടെയാണ്, 25 മീറ്റർ ഉയരത്തിൽ താത്കാലികമായ കൃത്രിമ കുന്ന് നിർമ്മിച്ചത്.  

marble-arch-view

ഒടുവിൽ തുറന്നപ്പോൾ,ആവശ്യത്തിനുള്ള ഉയരം കുന്നിന് ഇല്ലാത്തതിനാൽ ഹൈഡ് പാർക്ക് കാണാൻപോലും സഞ്ചാരികൾക്ക് സാധിച്ചില്ല. പകരം നഗരത്തിലെ ചവറ്റുകൂനകളാണ് കൃത്യമായി ദൃശ്യമായത്.  നഗരത്തിലെ തിരക്കിന് നടുവിൽ പച്ചപ്പുനിറഞ്ഞ മനോഹരമായ പ്രദേശം പ്രതീക്ഷിച്ച് എത്തിയവർ ഇതോടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം അറിയിച്ചു തുടങ്ങി. 

2 മില്യൻ പൗണ്ടാണ് (20 കോടി രൂപ)  കൃത്രിമ കുന്നിന്റെ നിർമാണത്തിനായി ചെലവാക്കിയത്. നിർമ്മാണസമയത്ത് കാലാവസ്ഥ പ്രതികൂലമായതിനാലാണ് ഇലച്ചെടികൾ നിറഞ്ഞ ടർഫ് ഉണങ്ങി തവിട്ടുനിറത്തിൽ കാണപ്പെട്ടത് എന്നാണ് അധികൃതരുടെ വിശദീകരണം. മാർബിൾ ആർച്ചിനേക്കാൾ ഉയരത്തിൽ കുന്നു നിർമിച്ചാൽ അത് കെട്ടിടത്തിന് ദോഷം ചെയ്യുമോ എന്ന് ഭയന്നാണ് ഉയരം കുറച്ചത്. സന്ദർശകർക്കായി കഫേ, എക്സിബിഷൻ സ്പേസ് എന്നിവ പദ്ധതിയിട്ടിരുന്നെങ്കിലും ഉദ്ഘാടന ദിവസം ആയപ്പോഴേക്കും പണി പൂർത്തിയാകാത്തതും തിരിച്ചടിയായി.  ഇവിടം സന്ദർശിക്കാനായി ബുക്ക് ചെയ്തവർക്കെല്ലാം പണം തിരികെ നൽകിയിട്ടുണ്ട്.  അല്പംകൂടി സമയമെടുത്ത് സന്ദർശകരുടെ പരാതികൾ പരിഹരിച്ച് ഉദ്ദേശിച്ച രീതിയിൽ തന്നെ ഭംഗിയായി കുന്ന് ഒരുക്കിയെടുക്കാനാണ് അധികൃതരുടെ  പദ്ധതി.

English Summary- The Marble Arch Mound Closes Two Days After Opening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com