ഇത് ആഡംബരറിസോർട്ടല്ല; കൊടുംകുറ്റവാളികളുടെ താമസസ്ഥലം! ഇതുപോലെ മറ്റൊന്നില്ല

HIGHLIGHTS
  • 40 സെല്ലിൽ കൊടുംകുറ്റവാളികളെ പാർപ്പിക്കുന്നു. ബാക്കി 36 സെല്ലുകൾ തുറന്ന മാതൃകയിലാണ്.
anstalten-prison-greenland
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

മഞ്ഞു പുതച്ചു കിടക്കുന്ന ഗ്രീൻലാൻഡിന്റെ തലസ്ഥാനമായ നൂക്ക് എന്ന പ്രദേശത്ത് മലകളുടെ കാഴ്ച ആസ്വദിച്ച് ജീവിക്കാനാവുന്ന ഒരിടം. മനോഹരമായ ഒരു ഹിൽ റിസോർട്ടിന് സമാനമായ ഈ സ്ഥലത്ത് ജീവിക്കണമെങ്കിൽ പക്ഷേ കാര്യമായ എന്തെങ്കിലും കുറ്റകൃത്യം ചെയ്യേണ്ടിവരും. കാരണം ഇത് യഥാർത്ഥത്തിൽ ഒരു ജയിലാണ്. ജയിലുകളെക്കുറിച്ചുള്ള  ലോകത്തിന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിലാണ് അൻസ്റ്റാൾട്ടൻ എന്ന് പേരുള്ള ജയിൽ നിർമ്മിച്ചിരിക്കുന്നത്. 

anstalten-prison-view

കുന്നിനുമുകളിൽ നിർമ്മിച്ചെടുത്ത ഒരു ചെറിയ ഗ്രാമം എന്നുമാത്രമേ  ജയിൽ കണ്ടാൽ തോന്നുകയുള്ളൂ. 130 ചതുരശ്രയടി വിസ്തീർണ്ണമുള്ള  76 സെല്ലുകളാണ് ഇവിടെയുള്ളത്. ഇവയിൽ 40 എണ്ണത്തിൽ അപകടകാരികളായ കുറ്റവാളികളെ അടച്ചിട്ട് പാർപ്പിക്കുന്നുണ്ട്. എന്നാൽ ശേഷിക്കുന്ന 36 സെല്ലുകൾ തുറന്ന മാതൃകയിൽ നിർമിച്ചവയാണ്. ഇവയ്ക്ക് കമ്പിയഴികളില്ല. പകരം ചുറ്റുമുള്ള മനോഹരമായ മലഞ്ചെരിവുകളുടെ ഭംഗി ആവോളം ആസ്വദിക്കാൻ തക്കവിധത്തിൽ വലിയ ഗ്ലാസ് ജനാലകളാണ് നൽകിയിരിക്കുന്നത്. 86000 ചതുരശ്രയടിയാണ്  ജയിലിന്റെ ആകെ വിസ്തീർണ്ണം 

anstalten-prison-greenland-frost

താരതമ്യേന കുറഞ്ഞ കുറ്റം ചെയ്തവർക്ക് പ്രത്യേക ആനുകൂല്യങ്ങളും ഇവിടെയുണ്ട്. ഇവർക്ക് നഗരത്തിൽ പോയി ജോലി ചെയ്യാം. പക്ഷേ  വൈകുന്നേരമാകുമ്പോൾ കൃത്യമായി സെല്ലുകളിലേക്ക് തന്നെ  തിരിച്ചെത്തണം എന്നുമാത്രം. കുറ്റവാളികൾ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന സ്ഥിതിയിൽ നിന്നും മാറ്റമുണ്ടാക്കുന്നതിനായാണ് സാധാരണ ജീവിതവുമായി ചേർന്നുപോകുന്ന തരത്തിൽ ജയിൽ ഒരുക്കിയിരിക്കുന്നത്. 

anstalten-prison-greenland-playground

ജയിലിലെ അന്തേവാസികൾക്ക് പരസ്പരം ഇടപഴകി ജീവിക്കാനാവുന്ന വിധത്തിൽ ധാരാളം കാര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്പോർട്സ് സെന്റർ, ഹെൽത്ത് സെന്റർ, ലൈബ്രറി എന്തിനേറെ ഒരു പള്ളി വരെ ജയിൽപുള്ളികൾക്കായി  നിർമ്മിച്ചിരിക്കുന്നു. ജയിലിനുള്ളിലെ പൊതു ഇടങ്ങളിലെല്ലാം മനോഹരമായ  ചിത്രങ്ങളും വരച്ചു ചേർത്തിട്ടുണ്ട്. ജയിലിന് ചുറ്റുമായി അഞ്ച് മീറ്റർ ഉയരമുള്ള മതിൽ കൊണ്ടാണ്  സംരക്ഷണം ഒരുക്കിയിരിക്കുന്നത്. ഗ്രീൻലാൻഡിലെ പ്രശസ്ത  ചിത്രകാരനായ അക ഹോഗ് വരച്ച മൃഗങ്ങളുടെ ചിത്രങ്ങൾ കൊണ്ടാണ് ഈ സംരക്ഷണ മതിൽ അലങ്കരിച്ചിരിക്കുന്നത്. 

anstalten-prison-inside

2019 ലാണ് ഈ ജയിൽ പ്രവർത്തനം ആരംഭിച്ചത്. ഗ്രീൻലാൻഡിലെ ആദ്യത്തെ ജയിൽ കൂടിയാണ് ഇത്. മുൻകാലങ്ങളിൽ ഗ്രീൻലാൻഡിൽ ഗൗരവമേറിയ കുറ്റങ്ങൾ ചെയ്യുന്നവരെ 4000 കിലോമീറ്റർ അകലെയുള്ള ഡെൻമാർക്കിലെ ജയിലിലേക്കാണ് അയച്ചിരുന്നത്. 

English Summary- anstalten prison greenland like a hilly resort; World Architecture News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA