ADVERTISEMENT

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിക്ക് നടുവിൽ എല്ലാം തികഞ്ഞ ഒരു നഗരം. ഒറ്റനോട്ടത്തിൽ സ്റ്റാർവാർസ് എന്ന ഹോളിവുഡ് സിനിമയിലെ ഹോം പ്ലാനറ്റ് പോലെ തോന്നിപ്പിക്കുന്ന കെട്ടിടങ്ങൾ. പക്ഷേ ഇത് ഹോളിവുഡ് സയൻസ് ഫിക്‌ഷൻ ചലച്ചിത്രങ്ങളുടെ സെറ്റ് ഒന്നുമല്ല. ഇറ്റാലിയൻ ആർക്കിടെക്റ്റായിരുന്ന പൗലോ സൊലേരി പതിറ്റാണ്ടുകൾക്കു മുൻപ് വിഭാവനം ചെയ്ത ഒരു മാതൃകാനഗരമാണ്. അർക്കോസാന്റി എന്നാണ് സൊലേരി ഈ നഗരത്തിന് പേര് നൽകിയിരിക്കുന്നത്.

 

arcosanti-view

1970ൽ ആരംഭിച്ച നഗരനിർമാണ പ്രവർത്തനങ്ങൾ ഇതുവരെ 5% മാത്രമേ പൂർത്തിയായിട്ടുള്ളൂ. പ്രകൃതിയോടിണങ്ങി നിൽക്കുന്നതും കാര്യക്ഷമവുമായ നിർമ്മിതികൾക്കും ജീവിതരീതിക്കും രൂപംനൽകുക എന്ന ലക്ഷ്യത്തിൽ അർക്കോളജി എന്നൊരു ആശയം തന്നെ അദ്ദേഹം വികസിപ്പിച്ചെടുത്തു. ഇത് അടിസ്ഥാനമാക്കിയാണ് നഗരനിർമ്മാണത്തിന് ആരംഭം കുറിച്ചത്. വൃത്താകൃതിയിൽ മേൽക്കൂരയും വളഞ്ഞ ആകൃതിയിൽ ഭിത്തികളുമുള്ള കെട്ടിടങ്ങളാണ് നഗരത്തിൽ ഏറെയും. സൂര്യപ്രകാശവും ചൂടും വ്യത്യസ്ത കാലാവസ്ഥകൾക്ക് അനുയോജ്യമായി ലഭിക്കത്തക്ക വിധത്തിലാണ് നഗരത്തിലെ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ശൈത്യകാലത്ത് മുറികൾക്കുള്ളിൽ  ധാരാളം സൂര്യവെളിച്ചം എത്തുകയും ചൂടുകാലത്ത് തണൽ ലഭിക്കുകയും ചെയ്യും.

arcosanti-interior

 

സൊലേരിയുടെ മരണശേഷവും നഗരനിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.നിലവിൽ 80 പേർ മാത്രമാണ് ഈ വ്യത്യസ്തമായ നഗരത്തിൽ ജീവിക്കുന്നത്. അമേരിക്കയിലെ പ്രശസ്തമായ നഗരങ്ങളിൽ പോലും  പകുതിയിലേറെ സ്ഥലവും  റോഡുകൾക്കായാണ് ഉപയോഗിക്കുന്നത്. എന്നാൽ റോഡുകൾ ഇല്ലാതെയാണ് അർക്കോസാന്റി  നിർമ്മിച്ചിരിക്കുന്നത്. 

 

വെങ്കല വസ്തുക്കൾ നിർമ്മിക്കുന്ന ഉരുക്കുശാലയാണ് നഗരത്തിലെ പ്രധാന ആകർഷണം എന്നു പറയാം. മിഡീവൽ യൂറോപ്പിയൻ വാസ്തുവിദ്യയിൽ നിർമ്മിച്ച കത്തീഡ്രലുകള അനുസ്മരിപ്പിക്കുന്ന വിധം അർദ്ധവൃത്താകൃതിയിലാണ് ഈ ഇടം നിർമ്മിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പ് ഉയരുന്നതുംമൂലം അധികം വൈകാതെ തീരദേശം വിട്ട് ജനങ്ങൾ ഉൾപ്രദേശങ്ങളിലേക്ക്  കുടിയേറി തുടങ്ങും. വ്യത്യസ്തമായ ഒരു ജീവിതരീതി അവലംബിക്കുന്നതിലൂടെ ഭൂമിയെ രക്ഷിക്കാൻ ആഗോളതലത്തിൽ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാവുകയാണ് അർക്കോസാന്റി എന്ന്  സ്റ്റീൻ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പ്രതിവർഷം അൻപതിനായിരത്തിൽപ്പരം ആളുകളാണ് ആർക്കോസാന്റി  സന്ദർശിക്കാനെത്തുന്നത്. സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള രൂപകൽപ്പനയും ജീവിതരീതിയും പഠിക്കാനായി  വിദ്യാർത്ഥികളും ധാരാളമായി എത്താറുണ്ട്.

 

English Summary- Arcosanti Utopian Desert City Arizona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com