ഈ വീടിന് ഒരുലക്ഷംരൂപ വാടക ചോദിച്ച് പരസ്യം; ഒടുവിൽ കള്ളത്തരം കയ്യോടെ പൊക്കി

HIGHLIGHTS
  • ഫുള്ളി ഫർണിഷ്ഡ് വീടാണ് എന്ന് പരസ്യത്തിൽ. ശരിക്കും അവസ്ഥ പരിതാപകരം.
rent-scam
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

വാടകയ്ക്ക് വീടുകൾ കിട്ടാൻ ഏറെ പ്രയാസമുള്ള ഒരു സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വീട്, ഉയർന്ന വാടകയ്ക്കാണെങ്കിലും ലഭിക്കുമെന്ന് കണ്ടാൽ വിട്ടുകളയാൻ ആരുമൊന്നു മടിക്കും. അത് കൃത്യമായി മനസ്സിലാക്കിയ ഒരു വീട്ടുടമസ്ഥൻ ജനങ്ങളെ കബളിപ്പിക്കാൻ കാണിച്ച കള്ളത്തരം കയ്യോടെ പൊക്കി വെളിച്ചത്തുകൊണ്ടു വന്നിരിക്കുകയാണ് കാമറൂൺ ഹേസ്റ്റിംഗ്സ് എന്ന വ്യക്തി. സ്കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോയിലുള്ള ഒരു വീടിന്റെ അവസ്ഥയാണ് അദ്ദേഹം പുറത്തുകൊണ്ടുവന്നത്. 

ഫുള്ളി ഫർണിഷ്ഡ് വീടാണ്  എന്ന് ഉടമസ്ഥൻ ഓൺലൈൻ പരസ്യത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരു കട്ടിലോ കസേരയോ പോലുമില്ലാത്ത നിലയിലാണ് വീടുള്ളത്. വിശാലമായ സ്റ്റോറേജ് സ്പേസ്  ഉണ്ടെന്ന് പരസ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും  ഡ്രോയറുകൾ പോലുമില്ലാത്ത ഏതാനും ക്യാബിനുകളാണ് വീടിന്റെ പലഭാഗങ്ങളിലും ഉള്ളത്. അടുക്കളയിലാകട്ടെ ഭക്ഷണം പാകം ചെയ്യുന്നതിനായി വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും  ഉൾപ്പെടുത്തിയിട്ടില്ല. ആകെ ഒരു ഫ്രിഡ്ജ് മാത്രമാണ് ഉള്ളത്.  

rent-scam-flat

കിടപ്പുമുറികളിൽ അലമാരകളോ കട്ടിലുകളോ ഇല്ല. പകരം ഒരു മുറിയിൽ സിങ്കുകളും കാർഡ്‌ബോർഡുകളും മൂലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇട്ടിരിക്കുന്നതായും കാമറൂൺ പകർത്തിയ ചിത്രങ്ങളിൽ കാണാം. എന്നാൽ പുതിയ ഫർണിച്ചറുകൾ ഉൾപ്പെടുത്തിയ വീട് എന്നാണ് പരസ്യത്തിൽ പറഞ്ഞിട്ടുള്ളത്. തിങ്ങിഞെരുങ്ങി പോകാവുന്ന ഇടുങ്ങിയ സ്റ്റെയർകേസാണ് മുകൾനിലയിലുള്ള വീട്ടിലേക്ക് കയറാൻ ഉപയോഗിക്കേണ്ടത്. ഇതിനെല്ലാം പുറമേ വീടിന്റെ ഭിത്തികളിലാകെ പാടുകളും നനവും പടർന്ന നിലയിലാണ്. 

image

950 പൗണ്ടാണ് (97,549 രൂപ) വീടിന്റെ മാസവാടകയായി ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടിലെ മുറികളുടെ എണ്ണം വർധിപ്പിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാൽ വാടക ഇരട്ടിയായി ഉയർത്തുമെന്നും പരസ്യത്തിൽ പറയുന്നു. പരസ്യം കണ്ട് ആരെങ്കിലും വീട് വാടകയ്ക്ക് എടുത്താൽ അത് താമസയോഗ്യമാക്കിയെടുക്കാൻ വൻ തുക ചെലവഴിക്കേണ്ടി വരുമെന്ന് ഉറപ്പ്. പരിതാപകരമായ നിലയിലുള്ള വീടിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം അറിയിക്കുന്നത്. വീടുകൾ കൈമാറ്റം ചെയ്യുമ്പോൾ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങൾ പോലും  പാലിക്കപ്പെട്ടിട്ടില്ല എന്നും അതിനാൽ വീട്ടുടമസ്ഥന്റെ ചതിയെക്കുറിച്ച് ഉടൻതന്നെ അധികൃതർക്ക് റിപ്പോർട്ട് ചെയ്യണമെന്നുമാണ്  ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. 

English Summary- Owner Demanded hefty Rent Scam Exposed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA