അനായാസം വൻതുക ലാഭം; കേരളത്തിൽ ഹിറ്റായി സെക്കൻഡ് ഹാൻഡ് വീട് വിപണി; എങ്ങനെ നേടാം?

HIGHLIGHTS
  • സെക്കൻഡ് ഹാൻഡ് വീടാവുമ്പോൾ ഉടമയല്ല വാങ്ങുന്ന വ്യക്‌തിയാണു വില നിശ്‌ചയിക്കുന്നത്..
second-hand-home
Shutterstock By Event Horizon
SHARE

‘യൂസ്‌ഡ് കാർ’  വിപണി പോലെ പാർപ്പിട മേഖലയിലും ദ്വിതീയ വിപണി (സെക്കൻഡ് ഹാൻഡ്) സജീവമായിരിക്കുന്നു. പുതിയ പുതിയ പാർപ്പിട പദ്ധതികൾ സംബന്ധിച്ച പ്രഖ്യാപനമുണ്ടായാലും പണി തീർന്നു വീടു സ്വന്തമാകാൻ ഏറെ സമയമെടുക്കുന്നതുകൊണ്ടും പുതിയ വീടിനു മുടക്കേണ്ടിവരുന്ന പണം കൂടുതലാണെന്നതുകൊണ്ടുമൊക്കെയാണു ദ്വിതീയ വിപണി സജീവമായിരിക്കുന്നത്. ‘യൂസ്‌ഡ് കാർ’ വിപണിയിലെന്നപോലെ ‘സെക്കൻഡ് ഹാൻഡ്’ വീടുകളുടെ വിപണിയിലെയും ഏറ്റവും വലിയ നേട്ടം വിലക്കുറവു തന്നെ. സെക്കൻഡ് ഹാൻഡ് വീടിന്റെ തനിപ്പകർപ്പിലൊരു പുതിയ വീടു വയ്‌ക്കാൻ വേണ്ടിവരുന്ന ചെലവു കണക്കാക്കിനോക്കിയാലറിയാം നേട്ടത്തിന്റെ തോത്. പുതിയ വീടു വാങ്ങുന്നതിനുള്ള ചെലവിനെക്കാൾ വളരെ ആദായകരമായ വിലയേ സെക്കൻഡ് ഹാൻഡ് വീടിനു നൽകേണ്ടിവരുന്നുള്ളൂ. 20–35 ശതമാനം കിഴിവു ലഭിക്കുന്നതു ചില്ലറ കാര്യമല്ലല്ലോ.

പ്രാഥമിക വിപണിയിൽ വിലപേശലൊക്കെയുണ്ടെങ്കിലും അത് ഒരു പരിധിയിലൊതുങ്ങും. ആത്യന്തികമായി നിർമാതാവാണു വില നിശ്‌ചയിക്കുന്നത്. അതേസമയം, സെക്കൻഡ് ഹാൻഡ് വീടാവുമ്പോൾ വിലപേശലിലൂടെ പരമാവധി കിഴിവുകൾ നേടിയെടുക്കാനാവും. ഉടമയല്ല വാങ്ങുന്ന വ്യക്‌തിയാണു വില നിശ്‌ചയിക്കുന്നതെന്നു പറയാം. ഇതും ദ്വിതീയ വിപണിയെ ആകർഷകമാക്കുന്ന ഘടകമാണ്. ഒരു ദിവസം പോലും ആരും താമസിച്ചിട്ടില്ലാത്ത വീടുകൾ വരെ ധാരാളമെന്നോണം വിൽപനയ്‌ക്കുണ്ട്. കൂടിയ വിലയ്‌ക്കു വിൽക്കാമെന്നു കണക്കുകൂട്ടി വാങ്ങിയവർ നീണ്ട കാത്തിരിപ്പിനു ശേഷം നിരാശരായി വിൽക്കുന്ന വീടുകളാണ് അവ. സാങ്കേതികമായി അവ സെക്കൻഡ് ഹാൻഡ് വീടുകളാണെങ്കിലും പുതുമ നഷ്‌ടപ്പെട്ടിട്ടില്ലാത്തവതന്നെയായിരിക്കും. നേരിട്ടു കയറി താമസം തുടങ്ങാമെന്ന നേട്ടവുമുണ്ട്.

ശ്രദ്ധിക്കാനേറെ...

നേട്ടങ്ങൾ ഇങ്ങനെ പലതുണ്ടെങ്കിലും സെക്കൻഡ് ഹാൻഡ് വീടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാനും ഏറെയുണ്ടെന്നു റിയൽ എസ്‌റ്റേറ്റ് വിപണിയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ഭൂമി സംബന്ധമായോ വീടു സംബന്ധമായോ ബാധ്യതകളൊന്നുമില്ലെന്ന്  ഉറപ്പു വരുത്തുകയാണു പ്രധാനം. നിയമപ്രശ്‌നങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സ്വത്തല്ല എന്നും ഉറപ്പു വരുത്തേണ്ടതുണ്ട്. കെട്ടിടത്തിന്റെ ആരോഗ്യമാണു പരിഗണിക്കേണ്ട മറ്റൊരു വസ്‌തുത. ചുമരുകളും മേൽക്കൂരയും മറ്റും ഉറപ്പോടെ നിർമിച്ചതാണോ എന്ന കാര്യത്തിൽ വിദഗ്‌ധാഭിപ്രായം ആരായണം. ചോർച്ച പോലുള്ള പ്രശ്‌നങ്ങളുണ്ടോ എന്നു കണ്ടെത്തുകയും വേണം. അപാർട്ട്‌മെന്റാണെങ്കിൽ പ്രസ്‌തുത യൂണിറ്റിന്റെ മാത്രം ഉറപ്പു പരിശോധിച്ചാൽ മതിയാവില്ല. അനുബന്ധ യൂണിറ്റുകളുടെ ഭദ്രത കൂടി പരിശോധിക്കുന്നതായിരിക്കും അഭികാമ്യം.

സെക്കൻഡ് ഹാൻഡ് വീടാണെങ്കിലും ബാങ്കുകളിൽനിന്നോ ഭവന വായ്‌പാ ഏജൻസികളിൽനിന്നോ വായ്‌പ ലഭിക്കും. എന്നാൽ പുത്തൻവീടിന്റെ കാര്യത്തിലെന്നപോലെ അത്ര എളുപ്പമായിരിക്കില്ലെന്നു മാത്രം. പഴയ വീടു വാങ്ങുന്നതിനു മുൻപു വായ്‌പാ ഏജൻസിയുമായി ബന്ധപ്പെടുന്നതാണു നല്ലത്. വെള്ളക്കെട്ടും മലിനീകരണവും മറ്റുമില്ലാത്ത സ്‌ഥലത്താണു വീടു നിൽക്കുന്നതെന്നു നിരീക്ഷണത്തിലൂടെയും വേണ്ടത്ര അന്വേഷണത്തിലൂടെയും ബോധ്യപ്പെടുന്നതും നന്നായിരിക്കും. സെക്കൻഡ് ഹാൻഡ് വീടുകളോടു താൽപര്യമില്ലാത്തവർക്കു പുതിയ വീട് എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാനും ഇപ്പോഴത്തെപ്പോലെ അനുകൂലമായ അവസ്‌ഥയില്ലെന്നതാണു യാഥാർഥ്യം.

അനുകൂല ഘടകങ്ങൾ പലതാണ്: 

∙ സ്‌ഥലവില മുൻപത്തെപ്പോലെ അനഭിലഷണീയമായ തോതിൽ ഉയരുന്നില്ല.

∙ ആദായ നികുതിയുടെ കാര്യത്തിൽ കാര്യമായ ഇളവുകൾ പ്ര്യാപിക്കപ്പെട്ടിരിക്കുന്നതു മൂലം ശമ്പളക്കാരുടെ സമ്പാദ്യശേഷി വർധിച്ചിരിക്കുന്നു.

∙ ബാങ്കുകളും ഭവന വായ്‌പ ഏജൻസികളും ഭവന വായ്‌പയുടെ പലിശയിൽ വരുത്തിയിരിക്കുന്ന കുറവ്. എക്കാലത്തേക്കാളും കുറഞ്ഞ നിരക്കുകളാണ് ഇപ്പോൾ നിലവിലുള്ളത്.

കോവിഡൊക്കെ പഴങ്കഥയായി മാറുന്നതോടെ പാർപ്പിട മേലയിൽ ആവശ്യക്കാരുടെ എണ്ണം കൂടുക മാത്രമല്ല വിലയും പലിശ നിരക്കുമൊക്കെ വർധിക്കുകയും ചെയ്യും. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർത്തിയായി വരുന്നതും ആസൂത്രണം ചെയ്‌തിട്ടുള്ളതുമായ പദ്ധതികൾ അന്നത്തെ ആവശ്യത്തിന്റെ ഒരംശം മാത്രമേ നിറവേറ്റുകയുള്ളൂവെന്നാണ് അനുമാനം. കോവിഡിന്റെ സാഹചര്യം മാറുന്നതോടെ സംസ്‌ഥാനത്തെ ഭവന നിർമാണ മേലയിൽ വലിയ നിക്ഷേപമാണു പ്രതീക്ഷിക്കുന്നത്. കൊച്ചി, തിരുവനന്തപുരം മേഖലകളിലായിരിക്കും കൂടുതൽ നിക്ഷേപമുണ്ടാകുക. കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും പാർപ്പിട പദ്ധതികളോട് ആഭിമുഖ്യം ഏറാനുള്ള സാധ്യത ബിൽഡർമാർ കാണുന്നുണ്ട്. 

മുൻപൊക്കെ വിദേശ ഇന്ത്യക്കാരായിരുന്നു പാർപ്പിട യൂണിറ്റുകളുടെ ആവശ്യക്കാരിൽ ഭൂരിപക്ഷമെങ്കിൽ ഇനി പ്രാദേശിക ഡിമാൻഡായിരിക്കുമത്രേ വർധിക്കുക. പാർപ്പിട യൂണിറ്റുകൾ സ്വന്തമാക്കുന്ന വിദേശ ഇന്ത്യക്കാരുടെയും തദ്ദേശവാസികളുടെയും അനുപാതം അതോടെ ഏറെക്കുറെ 50: 50 ആയിരിക്കും. ഫ്‌ളാറ്റുകളും വില്ലകളും മറ്റും സ്വന്തമാക്കുന്നവരുടെ ശരാശരി പ്രായം 30– 38 മാത്രമാണെന്നാണു പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. ഫ്‌ളാറ്റുകളും വില്ലകളും മറ്റും സ്വന്തമാക്കുന്നവരുടെ ശരാശരി പ്രായം നേരത്തെ 50– 58 ആയിരുന്നു. ശരാശരി പ്രായത്തിൽ ഇപ്പോൾ 20 വർഷത്തെ കുറവാണുണ്ടായിരിക്കുന്നത്.

യുവതലമുറയുടെ വർധിച്ച പ്രാതിനിധ്യത്തിനുള്ള കാരണങ്ങളിൽ പ്രധാനം വരുമാന വർധനയാണ്. മുൻപു തസ്‌തികകളുടെ പല കടമ്പകൾ പിന്നിടുമ്പോൾ മാത്രം കിട്ടുമായിരുന്ന വലിയ വേതനവും ആനുകൂല്യങ്ങളും ഇപ്പോൾ തുടക്കക്കാർക്കുതന്നെ കിട്ടുന്ന അവസ്‌ഥ. ധനസമാഹരണത്തിനുള്ള സ്രോതസുകൾ പെരുകിയതും യുവതലമുറയ്‌ക്കു കരുത്തായി. ബാങ്കുകൾ ഉൾപ്പെടെ ഭവന വായ്‌പ നൽകുന്ന ഏജൻസികളുടെ എണ്ണം വർധിച്ചു. വായ്‌പ ലഭിക്കുന്നതിനുള്ള ഔപചാരികതകൾ ലഘൂകരിക്കപ്പെടുകയും കാലതാമസം ഇല്ലാതാകുകയും ചെയ്‌തു.

വാടക നിരക്കുകളിലെ വൻ വർധന, ഇഷ്‌ടപ്പെട്ടതും സൗകര്യപ്രദവുമായ വാടക വീടുകളുടെ അഭാവം തുടങ്ങിയ കാരണങ്ങളും സ്വന്തം വീട് എന്ന സ്വപ്‌നം എത്രയും വേഗം യാഥാർഥ്യമാക്കാൻ യുവതലമുറയ്‌ക്കു പ്രേരണകളായി. ആദായകരമായ നിക്ഷേപങ്ങളുടെ ഗണത്തിൽ റിയൽ എസ്‌റ്റേറ്റ് മേലയ്‌ക്കുള്ള പ്രാമുഖ്യം ഓഹരി വിപണിയിലെയും മറ്റും അനുഭവ പാഠങ്ങൾ ആവർത്തിച്ചു ബോധ്യപ്പെടുത്തുന്നുമുണ്ട്. ഇതൊക്കെ നൽകുന്ന ഉൾക്കാഴ്‌ച വ്യക്‌തം: വീട് എന്ന സ്വപ്‌നമുണ്ടെങ്കിൽ അതു സാക്ഷാത്‌കരിക്കുവാനുള്ള ശ്രമം എത്ര നേരത്തേ ആരംഭിക്കുന്നുവോ അത്രയും നന്ന്. പ്രാഥമിക വിപണിയായാലും ദ്വിതീയ വിപണിയായാലും ഇപ്പോഴത്തെ അനുകൂല കാലാവസ്‌ഥ പിന്നീടുണ്ടാവണമെന്നില്ല. പാർപ്പിട മേലയിലും സമയത്തിനുമുണ്ടു വലിയ വില.

English Summary: 'Second Hand' House Properties Demand Increasing in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA