ആദായവിൽപന; വെറും 87 രൂപയ്ക്ക് വീടുകൾ വിൽക്കുന്ന സ്ഥലം! പിന്നിൽ കൗതുകമുള്ള കാരണം

HIGHLIGHTS
  • ഇവിടെ വിൽപനയ്ക്കു വച്ചിരിക്കുന്ന വീടുകൾ സ്വന്തമാക്കാൻ 87 രൂപ മാത്രം നൽകിയാൽ മതി
maenza-town-rome
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

സ്വന്തമായി ഒരു വീട്. അതും 100 രൂപ പോലും ചെലവില്ലാതെ! എത്ര നല്ല നടക്കാത്ത സ്വപ്നം എന്ന് പറയാൻ വരട്ടെ. അങ്ങനെ ഒരു വീട് സ്വന്തമാക്കാനുള്ള അവസരം തുറന്നിട്ടിരിക്കുകയാണ് ഇറ്റലിയിലെ ഒരു നഗരം. ഇവിടെ വിൽപനയ്ക്കു വച്ചിരിക്കുന്ന വീടുകൾ സ്വന്തമാക്കാനായി ഒരു യൂറോ (87 രൂപ) മാത്രം വിലയായി നൽകിയാൽ മതിയാകും. 

ഇറ്റലിയുടെ വൺ യൂറോ ഹൗസസ് ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പ്രൊജക്റ്റുമായി ചേർന്നാണ് മയെൻസ നഗരത്തിലെ വീടുകൾ കൈമാറ്റം ചെയ്യപ്പെടുന്നത്. ജനസംഖ്യ കുറഞ്ഞതോ  പ്രായമായവർ ഏറെയുള്ളതോ ആയ പ്രദേശങ്ങളെ സജീവമാക്കുന്നതിനായി ഇവിടങ്ങളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനാണ് ഒരു യൂറോയ്ക്ക് വീടുകൾ വിൽക്കുന്ന പദ്ധതിക്ക് ഇറ്റലി രൂപം നൽകിയത്. നിലവിൽ താമസക്കാർ കുറഞ്ഞ മയെൻസ നഗരത്തിന് പുത്തനുണർവ് നൽകുന്നതിനായാണ് നഗരത്തിലെ വീടുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയത് എന്ന് മേയറായ ക്ലൗഡിയോ സ്പെർടുറ്റി പറയുന്നു. 

maenza-town-houses

ഉപയോഗശൂന്യമായി കിടക്കുന്ന നൂറോളം  വീടുകളാണ് മയെൻസയിൽ ഒരു യൂറോ നൽകാൻ തയ്യാറായ പുതിയ ഉടമസ്ഥരെ കാത്തിരിക്കുന്നത്. നിലവിലെ ഉടമസ്ഥർ വീടുകൾ നഗര ഭരണകൂടത്തിന് കൈമാറും. പിന്നീട് ഭരണകൂടത്തിന്റെ വെബ്സൈറ്റിൽ പബ്ലിക് നോട്ടീസിലൂടെയാണ്  വീടുകൾ പരസ്യപ്പെടുത്തുന്നത്. റോമിൽ നിന്ന് 70 കിലോമീറ്റർ മാത്രം അകലെയാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 

maenza

പുതിയ ഉടമസ്ഥർ വീടുകൾ എത്രയും വേഗം വാസയോഗ്യമായ നിലയിലേക്ക് മാറ്റണം എന്നതാണ് ഭരണകൂടം ആവശ്യപ്പെടുന്നത്. ഇത് ഉറപ്പുവരുത്താൻ  ഒരു നിബന്ധനയും മുൻപോട്ടു വയ്ക്കുന്നുണ്ട്. വിൽപന നടന്നു കഴിഞ്ഞാൽ വാങ്ങുന്നവർ 5000 യൂറോ (4,35,406 രൂപ) ഗ്യാരന്റിയായി ഡെപ്പോസിറ്റ് ചെയ്യണം. നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായാൽ ഉടൻ ഈ പണം തിരികെ ഉടമസ്ഥർക്ക് തന്നെ കൈമാറും. വാങ്ങിക്കുന്നവർക്ക് വീട് താമസിക്കുന്നതിനായോ കച്ചവട കേന്ദ്രമായോ ഒക്കെ മാറ്റാൻ അനുവാദമുണ്ട്. 

meanza

പുതിയ ഉടമസ്ഥർ നഗരത്തിൽ തന്നെ താമസിക്കണമെന്ന് നിർബന്ധമില്ലെങ്കിലും  കൂടുതൽ പരിഗണന നൽകുന്നത് കുട്ടികളുമൊത്ത് നഗരത്തിൽ തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കാണ് എന്നു മേയർ വ്യക്തമാക്കി. ഒരുകാലത്ത്  ആടുമേയ്ക്കൽ പ്രധാന തൊഴിലായി  ഏറ്റെടുത്ത് ജീവിച്ചിരുന്ന ഒരു വിഭാഗം ആളുകൾ ജീവിച്ച പ്രദേശമാണ് മയെൻസ. എന്നാൽ കാലക്രമേണ ഇവിടെ നിന്നും ആളുകൾ സൗകര്യം കണക്കിലെടുത്ത് മറ്റിടങ്ങളിലേക്ക് താമസം മാറ്റി തുടങ്ങി. ഇതോടെ ഉപയോഗശൂന്യമായ പല വീടുകളും  തകർന്നടിയുന്ന നിലയിലാണ് ഇപ്പോഴുള്ളത്. പുതിയ ഉടമസ്ഥർക്ക് വീടുകൾ വാസയോഗ്യമാക്കി എടുക്കാൻ മൂന്നുവർഷം വരെ സമയം നൽകാനാണ്  നഗര ഭരണകൂടത്തിന്റെ തീരുമാനം.

വിവരങ്ങൾക്ക് കടപ്പാട്- സിഎൻഎൻ 

English Summary- Own a Home in Rome for less than 1 Euro

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA