ADVERTISEMENT

തിരക്കേറിയ നഗരങ്ങളിൽ മാനസികോല്ലാസത്തിനും വിശ്രമവേളകൾ ചെലവിടുന്നതിനുമായി പാർക്കുകൾ  നിർമിക്കുന്നത് പുതുമയല്ല. എന്നാൽ ന്യൂയോർക്കിലെ മാൻഹട്ടൻ നഗരത്തിൽ ഏറ്റവും ഒടുവിൽ നിർമ്മാണം പൂർത്തിയായ പാർക്കിനെ ഒരു ചെറുദ്വീപ് എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. കാരണം ഹഡ്സൺ നദിക്ക് മുകളിലായി ഉയർന്നുനിൽക്കുന്ന ഒരു ദ്വീപിന്റെ മാതൃകയിലാണ് ഈ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. പാർക്കിന്റെ പേരും ലിറ്റിൽ ഐലൻഡ് എന്നാണ്. 

floating-island-view

ലണ്ടനിലെ പ്രശസ്ത ഡിസൈനറായ തോമസ് ഹെതർവികാണ് ലിറ്റിൽ ഐലൻഡിന് രൂപം നൽകിയിരിക്കുന്നത്. നഗരത്തിന്റെ ഒരു ഭാഗം നദിയിലേക്ക് ഉന്തിനിൽക്കുന്ന മാതൃകയിലാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള കടൽപാലങ്ങളുടെ തൂണുകൾക്ക് മുകളിലായാണ് 2.4 ഏക്കർ വിസ്തൃതമായ പാർക്ക് സ്ഥിതി ചെയ്യുന്നത്. സാധാരണ പാർക്കുകളിൽ നിന്നും ഏറെ വ്യത്യാസങ്ങൾ ലിറ്റിൽ ഐലൻഡിനുണ്ട്. തിരക്കേറിയ ഹൈവേയിൽ നിന്നും നേരിട്ട് പാർക്കിന്റെ മധ്യഭാഗത്തേക്ക് എത്താവുന്ന രീതിയിലാണ് ക്രമീകരണം. കാഴ്ചയിൽ പുതുമ നൽകുന്നതിനും സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവം നൽകുന്നതിനുമായി ഒരു ഭാഗം ഉയർന്ന നിലയിലും മറുഭാഗം താഴ്ന്ന നിലയിലുമാണ് ഐലൻഡ് ഒരുക്കിയിരിക്കുന്നത്. 

floating-island-aerial

പാർക്കിംഗ് സൗകര്യങ്ങൾക്കു പുറമേ കലാപരിപാടികൾ നടത്തുന്നതിനായി 687 സീറ്റുകളുള്ള ഒരു ഓഡിറ്റോറിയം, ചെറിയ പരിപാടികൾക്കായി 200 ആളുകളെ ഉൾക്കൊള്ളാവുന്ന  മറ്റൊരു സ്റ്റേജ് എന്നിവ ലിറ്റിൽ ഐലൻഡിലുണ്ട്. 400 ഇനങ്ങളിൽപ്പെട്ട വൃക്ഷങ്ങളും ചെടികളും പാർക്കിൽ വച്ചുപിടിപ്പിച്ചിരിക്കുന്നു. ഇതിനു പുറമേ വ്യത്യസ്ത തരം പുല്ലുകളും കുറ്റിച്ചെടികളും പാർക്ക് അലങ്കരിക്കാനായി ഉപയോഗിച്ചിട്ടുണ്ട്. തടിയിൽ നിർമ്മിച്ച പടവുകളും പാർക്കിന്റെ മാറ്റ് കൂട്ടുന്നുണ്ട്. 260 മില്യൺ ഡോളറാണ് (1800 കോടി രൂപ) പാർക്കിന്റെ നിർമാണത്തിനായി ചെലവഴിച്ചത്. നഗരത്തിന്റെ ഭാഗമായിത്തന്നെ നിർമ്മിക്കപ്പെട്ടതാണങ്കിലും തിരക്കുകൾ ഒന്നും ബാധിക്കാത്ത തരത്തിൽ നദിയുടെ സൗന്ദര്യവും പ്രകൃതിഭംഗിയും ആസ്വദിച്ച് ജനങ്ങൾക്ക് ഒത്തുകൂടാനുള്ള ഇടമായിരിക്കും ലിറ്റിൽ ഐലൻഡ് എന്ന് നിർമ്മാതാക്കൾ പറയുന്നു.

English Summary- Floating Park Newyork

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com