പറക്കുംവീട്, ചൊവ്വാവീട്, ലോകാവസാന വീട്!...ഇതാകും ഭാവിയിലെ വീടുകൾ

HIGHLIGHTS
  • ആകാശത്തും വെള്ളത്തിലും എന്തിനേറെ ചൊവ്വാഗ്രഹത്തിലടക്കം നിർമിക്കാവുന്ന വീടുകൾ...
mars-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

കണ്ണടച്ചുതുറക്കുന്ന നേരം കൊണ്ട് ലോകം മാറുകയാണ്. കുറച്ചു വർഷങ്ങൾക്കു മുൻപ്  അതിശയോക്തിയായി പറഞ്ഞിരുന്ന പലതും സാങ്കേതികവിദ്യയുടെ വളർച്ചയോടെ യാഥാർഥ്യമായി കഴിഞ്ഞു. നാളെ വരാനിരിക്കുന്ന മാറ്റം എന്ത് എന്ന് അദ്ഭുതത്തോടെ കാത്തിരിക്കുകയാണ് ലോകം. ഇതിനിടെ ഭാവിയിലെ വീടുകൾ എങ്ങനെയാവും എന്നതിനെക്കുറിച്ച് കൃത്യമായ ഒരു രൂപരേഖ ഉണ്ടാക്കിയെടുത്തിരിക്കുകയാണ് ആർക്കിടെക്റ്റായ ക്രിസ് ലോസൺ. ആകാശത്തും വെള്ളത്തിലും എന്തിനേറെ ചൊവ്വാഗ്രഹം അടക്കം വ്യത്യസ്ത പരിതസ്ഥിതികളിൽ നിർമ്മിക്കപ്പെടുന്ന വീടുകളുടെ രൂപമാണ് ഇദ്ദേഹം വിഭാവനം ചെയ്തിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനിയായ ഗുഡ്മൂവുമായി ചേർന്നാണ് ഈ വ്യത്യസ്ത വീടുകളുടെ 3D മാതൃക നിർമ്മിച്ചിരിക്കുന്നത്. 

ചൊവ്വയിലെ വീട് 

mars-home

ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ചൊവ്വയിൽ മനുഷ്യനെ എത്തിച്ച് കോളനികൾ തുടങ്ങാനാവും എന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ചൊവ്വയിൽ എത്തുന്ന മനുഷ്യർക്ക് ജീവിക്കാനാവുന്ന വീടുകളുടെ മാതൃകയാണ് ആദ്യത്തേത്. പകുതിഭാഗം മുകളിലും പകുതിഭാഗം മണ്ണിനടിയിലുമായുള്ള  മാതൃകയാണ് നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ  ഉറപ്പിനും പുറത്തെ കാലാവസ്ഥയിൽ നിന്നും രക്ഷ നേടുന്നതിനും വെളിച്ചത്തിന്റെ ആധിക്യം കുറയ്ക്കുന്നതിനും എല്ലാം ഇത് സഹായിക്കും. ഗോളാകൃതിയിലുള്ള പല ഭാഗങ്ങൾ ചേർന്ന വീടിന്റെ ഉള്ളിൽ കൃഷി നടത്താനും പുറംഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന സോളാർ പാനലുകൾ വഴി ഊർജ്ജം ഉൽപാദിപ്പിക്കാനുമാവുന്ന തരത്തിലാണ് രൂപകൽപന. 

ആകാശ വീട് 

flying-home

അരപതിറ്റാണ്ടിനുള്ളിൽ പറക്കും കാറുകൾ യാഥാർഥ്യമാകുമെന്ന് കരുതുന്നതിനിടെ ഒരുപടികൂടി കടന്നു ചിന്തിക്കുകയാണ് ലോസൺ. ആകാശത്ത് സ്വയം നിലനിൽക്കാനാവുന്ന ഒരു വീടാണ് അദ്ദേഹത്തിന്റെ സങ്കല്പം. ഡ്രോണുകളുടെ ആകൃതിയിലുള്ള വീടാവും ഇത്. തുടർച്ചയായി കറങ്ങിക്കൊണ്ടിരിക്കുന്ന പ്രൊപ്പല്ലറുകൾ വായുസഞ്ചാരം നിയന്ത്രിച്ച് വീടിനെ ആകാശത്ത് തന്നെ നിൽക്കാൻ സഹായിക്കും. എല്ലാ ഭാഗത്തും തുല്യമായ ഭാരം ആയിരിക്കണം എന്നതാണ് വീടിന്റെ പ്രത്യേകത. മനോഹരമായ കാഴ്ചകൾ ആസ്വദിക്കുന്നതിനും വായുസഞ്ചാരം ഉറപ്പുവരുത്തുന്നതിനായി ധാരാളം ജനാലകൾ ഉൾപ്പെടുത്തും. അൾട്രാവയലറ്റ് രശ്മികളിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടി പ്രത്യേക ഷീൽഡും  വീടിനുണ്ടാവും. 

ലോകാവസാനത്തിൽ പിടിച്ചുനിൽക്കാൻ ഒരു വീട് 

mars-homes-view

ഒരു മഹാവിപത്തുണ്ടായാൽ അക്കാലത്ത് അതിനെ അതിജീവിക്കാനാവുന്ന ഒരു വീടും ലോസൺ വിഭാവനം ചെയ്തിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാനായി ഭൂമിക്കടിയിൽ സ്ഥിതിചെയ്യുന്ന നിലയിലാകും ഈ വിടുള്ളത്. വെളിച്ചവും വായുവും ലഭിക്കുന്നതിനായി  മലഞ്ചെരിവുകളുടെ ഒരുവശത്തേക്ക്  ജനാലകൾ സ്ഥാപിക്കാനാവുന്ന വിധത്തിലോ മേൽക്കൂരകൾക്ക് മുകളിൽ  വായു സഞ്ചാരത്തിന് സാധ്യമായ ചെറിയ വാതിലുകൾ ഉൾപ്പെടുത്തിയോ ആവും വീടുകൾ നിർമിക്കപ്പെടുക. കണ്ണാടികൾ ഉപയോഗിച്ച് വെളിച്ചം പ്രതിഫലിപ്പിച്ച് വീടിനുള്ളിൽ തന്നെ കൃഷി നടത്താനുള്ള സൗകര്യവും ഒരുക്കാം. 

വെള്ളത്തിലും ജീവിക്കാം 

marine-home

ഭൂമിയുടെ 71 ശതമാനവും വെള്ളമായതിനാൽ വെള്ളത്തിൽ  വീടുകൾ നിർമ്മിച്ച് ജീവിക്കുന്നത് ഒരു സാധ്യതയാണ്. ജലോപരിതലത്തിൽ  പൊങ്ങിക്കിടക്കുന്ന മാതൃകയിലുള്ള വീടുകളാണ് ലോസൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന് ഏറ്റവും ഉചിതം ഗോളാകൃതിയിലുള്ള മാതൃകയാണ്. വെള്ളത്തിൽ ഉയർന്നു തന്നെ കിടക്കാൻ സഹായിക്കുന്ന വിധം ഗ്ലാസോ പ്ലാസ്റ്റിക്കോ ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്ന വീടുകളുടെ മാതൃകയ്ക്കാണ് രൂപം നൽകിയിരിക്കുന്നത്.

English Summary- Future Homes Architectural Design

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA