ADVERTISEMENT

50 ആളുകൾക്ക് ഒന്നിച്ച് സിനിമ കാണാവുന്ന തിയറ്റർ, ഒരേസമയം 50 കാറുകൾ പാർക്ക് ചെയ്യാവുന്ന ഗ്യാരേജ്. ഇതൊക്കെ കേട്ടിട്ട് ഏതോ ഷോപ്പിങ് മാളിന്റെ സൗകര്യങ്ങളെക്കുറിച്ചാണെന്ന് കരുതിയെങ്കിൽ തെറ്റി. ലൊസാഞ്ചലസിലെ ബെൽ എയറിൽ നിർമ്മിച്ചിരിക്കുന്ന ഒരു പടുകൂറ്റൻ ബംഗ്ലാവിലെ എണ്ണിയാലൊടുങ്ങാത്ത സൗകര്യങ്ങളിൽ ചിലത് മാത്രമാണ് ഇവ. 500 മില്യൺ ഡോളറിന് ( 3683 കോടി രൂപ) വിൽപന നടക്കേണ്ടിയിരുന്ന ' ദ വൺ' എന്നു പേരുള്ള ഈ ആഡംബരസൗധം ഇപ്പോൾ റിസീവർ ഭരണത്തിനു കീഴിലാണ്. പൊങ്ങച്ചവീടുകൾ കെട്ടാൻ മനക്കോട്ട കെട്ടുന്ന മലയാളികൾക്ക് ഗുണപാഠമാകേണ്ടതാണ് ഈ വീടിന്റെ ദുരന്തകഥ.

the-one-aerial

നൈൽ നിയാമി എന്ന വ്യക്തി 2012 ലാണ് 'ദ് വൺ' സ്വന്തമാക്കിയത്. ലോകത്തിലെതന്നെ ഏറ്റവും വിലപിടിപ്പുള്ള വീടുകളിൽ മുൻനിരയിൽ നിൽക്കുന്ന തരത്തിലേക്ക് ബംഗ്ലാവിനെ മാറ്റാനായിരുന്നു നൈലിന്റെ ശ്രമം. അതിനുവേണ്ടി അവിശ്വസനീയമായ ആഡംബര സൗകര്യങ്ങളാണ് വീട്ടിൽ ഉൾപ്പെടുത്തിയത്. 10,5000 ചതുരശ്രയടിയാണ് വിസ്തീർണ്ണം . ദ് വണ്ണിലെ പ്രധാന കിടപ്പുമുറി മാത്രം 4000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു വമ്പൻ സ്യൂട്ടാണ്. ഒമ്പതു കിടപ്പുമുറികളും ഒന്നിലധികം അടുക്കളകളും ഒരു നൈറ്റ് ക്ലബ്ബും എല്ലാം ഇവിടെയുണ്ട്. നാലു വരികളുള്ള ബൗളിംഗ് കേന്ദ്രം, സലൂൺ, ജിം, റണ്ണിങ് ട്രാക്ക് , സ്വിമ്മിംഗ് പൂളുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള ബംഗ്ലാവിൽ കാർ പാർക്കിങ്ങിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്  ഭൂമിക്കടിയിലാണ്. 

bel-air-mansion-owner

കലിഫോർണിയയിൽ ബംഗ്ലാവുകൾക്ക് ഏറെ ഡിമാൻഡുണ്ടായിരുന്ന സമയത്താണ് ബംഗ്ലാവ് പരിഷ്കരിച്ച് വില്പനയ്ക്ക് വയ്ക്കാൻ നൈൽ തീരുമാനിച്ചത്. എന്നാൽ ആഡംബര ബംഗ്ലാവുകളുടെ എണ്ണം വർദ്ധിച്ചതോടെ വിലയിലും ഇടിവു വന്നു. എങ്കിലും നൈൽ ബംഗ്ലാവിന്റെ പണികളുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതിനായി പലയിടങ്ങളിൽ നിന്നായി 165 മില്യൻ ഡോളറാണ് (1200 കോടി രൂപ) നൈൽ വായ്പയായി വാങ്ങിയത്. ശതകോടീശ്വരനായ ഡോൺ ഹാങ്കിയിൽ നിന്നും 115 മില്യൺ ഡോളർ (846 കോടി രൂപ) കൈപ്പറ്റി. 

the-one-inside

2017 ൽ 500 മില്യൺ ഡോളറിന് വില്പന നടത്താനായിരുന്നു പദ്ധതിയെങ്കിലും അത് നടക്കാതെ വന്നതോടെ നൈൽ കടക്കെണിയിലായി. വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഡോൺ ഹാങ്കി നൈലിനെതിരെ കോടതിയെ സമീപിച്ചു. ഒടുവിൽ കോടതി ബംഗ്ലാവ് റിസീവർ ഭരണത്തിലാക്കി. ഉടമസ്ഥാവകാശമില്ലെങ്കിലും  ശേഷിക്കുന്ന നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയശേഷം ബംഗ്ലാവ് വിൽപനയ്ക്കുവച്ച് കടം നൽകിയവർക്ക് പണം തിരികെകൊടുക്കാനുള്ള ഉത്തരവാദിത്വം റിസീവറെ ഏൽപിച്ചു. എന്നാൽ വീടിന്റെ അവസാന വില നിലവിൽ നിശ്ചയിച്ചിട്ടില്ല. 

English Summary- Most Expensive House in America fall into Debt Trap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com