വൃത്തിയിലും പൗരബോധത്തിലും നമ്പർ 1; മലയാളികൾ കണ്ടുപഠിക്കണം ഈ നാടിനെ

HIGHLIGHTS
  • വേർതിരിവുകളില്ലാതെ ഇവിടുത്തെ ജനങ്ങൾ തന്നെയാണ് നിരത്തുകൾ വൃത്തിയാക്കുന്നത്.
biate-town-mizoram
SHARE

'ഇവിടെ മാലിന്യം ഇടരുത്' എന്നെഴുതിയ ബോർഡിന്റെ താഴെത്തന്നെ കൊണ്ട് മാലിന്യമിടുക, രാത്രി ആളനക്കം ഇല്ലാത്ത സ്ഥലത്ത് കൊണ്ട് മാലിന്യം വലിച്ചെറിഞ്ഞിട്ട് മുങ്ങുക തുടങ്ങിയ കലാപരിപാടികൾ നമ്മൾ മലയാളികൾക്ക് സുപരിചിതമാണ്. അങ്ങനെയുള്ളവർ പരിസരശുചിത്വത്തിന്റെയും പൗരബോധത്തിന്റെയും മാതൃക കണ്ടുപഠിക്കേണ്ട ഒരു സ്ഥലമുണ്ട് ഇന്ത്യയിൽ. മിസോറാമിലെ 'ബിയാറ്റെ' എന്ന ചെറുടൗൺ. 'സ്വച്ഛ് ഭാരത്' ഉദ്യമമൊക്കെ ജനിക്കുംമുമ്പേ നിരത്തുകൾ വൃത്തിയായി സൂക്ഷിക്കുന്നത് ജീവിതത്തിന്റെ ഭാഗമായി കരുതുന്നവരാണ് ഈ നഗരത്തിലുള്ളവർ. 

biate

2500ൽ താഴെ ആളുകൾ മാത്രം വസിക്കുന്ന ഈ മലയോര നഗരം മിസോറാമിലെ തന്നെ ഏറ്റവും വൃത്തിയുള്ള പ്രദേശമാണ്. പാവപ്പെട്ടവരെന്നോ സമ്പന്നരെന്നോ ഉള്ള വേർതിരിവുകളില്ലാതെ ഇവിടുത്തെ ജനങ്ങൾ തന്നെയാണ് നിരത്തുകൾ വൃത്തിയാക്കുന്നത്. നടന്നു തുടങ്ങുന്ന പ്രായം മുതൽ ബിയാറ്റെയിലെ കുട്ടികളും ഈ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി തുടങ്ങും. 

biate-mizoram

1800കളിലാണ് നഗരത്തിന്റെ മുഖച്ഛായ മാറിത്തുടങ്ങിയത്. അക്കാലത്ത് ബിയാറ്റെയിലുണ്ടായിരുന്ന നഗരമുഖ്യൻ പ്രദേശം എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചു. നഗരത്തിലെ ഒരോ വീടും പരിസരവും വീട്ടുപകരണങ്ങൾ അടക്കം വൃത്തിയായി തന്നെ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല. വൃത്തിഹീനമായി വീടും പരിസരവും കിടന്നാൽ പിഴയും ചുമത്തിയിരുന്നു. നഗരമുഖ്യനെ നിയമിക്കുന്ന സംവിധാനം നിർത്തലാക്കിയ ശേഷവും ബിയാറ്റെയിലെ മുതിർന്നവരുടെ മേൽനോട്ടത്തിൽ  വൃത്തിയാക്കൽ ജോലികൾ പഴയതുപോലെ തന്നെ തുടർന്നു. 

biate-view

യുവാക്കളുടെ സംഘടനയായ യങ്ങ് മിസോ അസോസിയേഷനും അതിനു കീഴിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ സംഘടനയായ മിസോ ചിൽഡ്രൻസ് അസോസിയേഷനുമാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വിദ്യാർത്ഥികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ ഇതിനായി നീക്കിവെക്കുന്നു. ഇവർക്കു പുറമേ ഓരോ വീട്ടുകാരും പ്രാദേശിക ഭരണകൂടവും നഗരത്തിലെ മുക്കും മൂലയും വൃത്തിയായി തന്നെയിരിക്കുന്നു എന്ന് നിരന്തരം ഉറപ്പു വരുന്നുണ്ട്. നഗരത്തിലെ പല ഭാഗങ്ങളായി വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിരിക്കുന്നു. 

biate-streets

മാലിന്യങ്ങൾ ശേഖരിക്കാൻ ദിനംപ്രതി നാല് ട്രക്കുകളാണ് നഗരത്തിലേക്ക് എത്തുന്നത്. ജൈവമാലിന്യങ്ങൾ ഖരമാലിന്യങ്ങൾ എന്നിങ്ങനെ  വേർതിരിച്ചാണ് നിർമാർജനത്തിനായി കൊണ്ടുപോകുന്നത്. മണ്ണിരകമ്പോസ്റ്റ് പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനായി കേരള സർക്കാരിനു കീഴിൽ പ്രത്യേക പരിശീലനം നേടിയ വ്യക്തികളും ഇവിടെയുണ്ട്. നനവുള്ള തരം മാലിന്യങ്ങൾ ഇത്തരത്തിലാണ്  കൈകാര്യം ചെയ്യുന്നത്. 

മാലിന്യം കൊണ്ടുപോകാനുള്ള ട്രക്കുകൾക്ക് നൽകാനുള്ള പണം പ്രദേശവാസികളിൽ നിന്നുതന്നെ പിരിച്ചെടുക്കുന്നു. ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ  നഗരവാസികൾക്കായി ഇടക്കിടെ ക്യാംപെയ്നുകളും കൗൺസിലിംഗും സംഘടിപ്പിക്കാറുണ്ട്. ഈ പരിശ്രമങ്ങളുടെയെല്ലാം ഫലമായി 2018 ൽ നടന്ന സ്വച്ഛ് സർവേക്ഷൺ സർവ്വേയിൽ വടക്കു കിഴക്കൻ മേഖലയിലെ മികച്ച നഗരത്തിനുള്ള  അവാർഡ് ബിയാറ്റെ നേടിയെടുത്തിരുന്നു.

English Summary- Biate- Cleanest Village in Mizoram- Model of Town Planning

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA