ADVERTISEMENT

കാലങ്ങളായി താമസിച്ചിരുന്ന വീട്ടിൽ ഡസൻ കണക്കിന് ഭൂഗർഭ ടണലുകൾ കണ്ടെത്തിയതിന്റെ അമ്പരപ്പിലാണ് ഇഗ്ലണ്ടിലെ സസ്സെക്സ് സ്വദേശിയായ ഫ്രെഡി ഗുഡോൾ എന്ന 23-കാരൻ. 500-ലേറെ വർഷങ്ങൾ പഴക്കംചെന്ന തന്റെ കുടുംബ വീടിനുള്ളിലാണ് ഒരേസമയം അദ്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ ഭൂഗർഭ ഇടനാഴികളും മുറികളും ഫ്രെഡി കണ്ടെത്തിയത്. 

യാദൃശ്ചികമായി വീടിന്റെ പഴയ ചിത്രങ്ങൾ പരിശോധിക്കുന്നതിനിടെയാണ് അതിലെ ലൈബ്രറി റൂമിലുള്ള ഒരു വാതിൽ ഇപ്പോൾ കാണാനില്ല എന്ന് തിരിച്ചറിഞ്ഞത്. ലൈബ്രറി റൂമിലെത്തി ചിത്രത്തിൽ വാതിൽ കണ്ട ഭാഗത്തുള്ള ഷെൽഫിൽ നിന്നും പുസ്തകങ്ങൾ നീക്കിയപ്പോൾ സ്ക്രൂ ചെയ്ത് ഉറപ്പിച്ചിരിക്കുന്ന തടി കൊണ്ടുള്ള പാനൽ കണ്ടെത്തി. പാനൽ നീക്കം ചെയ്തപ്പോൾ കണ്ടത് വലിയ ഒരു മുറിയാണ്. ആ മുറിയുടെ തറയിൽ ഭൂമിക്കടിയിലേക്ക് തുറക്കുന്ന തരത്തിൽ മറ്റൊരു വാതിലും കണ്ടെത്തി. 

tunnel-home-boy

കൗതുകം അടക്കാനാവാതെ താഴേയ്ക്ക് ഇറങ്ങിയ ഫ്രഡി ആ കാഴ്ചകൾ കണ്ടമ്പരന്നു. പല ഭാഗങ്ങളിലേക്കായി നീളുന്ന ഡസൻ കണക്കിന് ഇടനാഴികളും അവയുടെ വശങ്ങളിലായി ധാരാളം മുറികളുമാണ് കണ്ടെത്തിയത്. ഒരു ഭാഗത്ത് മുകളിലേക്ക് കയറാൻ വലിയ ഒരു ഗോവണിയും സ്ഥാപിച്ചിരിന്നു. അത് കയറി എത്തുന്നത് ഇരുട്ട് നിറഞ്ഞ ചിലന്തിവലകൾ മൂടിയ ഒരു മുറിയിലേക്കാണ്. അതിനോട് ചേർന്ന മറ്റൊരു മുറിയിൽ നിന്നും വീണ്ടും ബേസ്മെന്റിലേക്ക് എത്താനായി ഒരു ഇടനാഴിയും നിർമ്മിച്ചിരുന്നു. 

ഭൂഗർഭ ടണലിന്റെ ഭിത്തികളിൽ പലതും ഇഷ്ടിക കൊണ്ട് നിർമ്മിച്ചവയാണ്. ഇവയിൽ ചില ഭാഗത്ത് ചോക്കുകൊണ്ട്  പേരുകളും മറ്റും എഴുതി വച്ചിട്ടുണ്ട്. ഇടനാഴികളിലൂടെ നടന്നുനീങ്ങുന്നതിനിടെ നൂറ്റാണ്ടുകളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ഇരുമ്പ് പെട്ടിയും കണ്ടെത്തി. വീടിരിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും കത്തുകളുമാണ് അതിനുള്ളിൽ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യകാലങ്ങളിൽ വീട് ഒരു വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ പ്രവർത്തിച്ചിരുന്നു എന്നാണ് വിവരം. ഇത് ശരിവയ്ക്കുന്ന തരത്തിൽ പഴയ സ്കൂൾ ബുക്കുകളും ഡെസ്കുകളും  ഇടനാഴികളിലൊന്നിൽ നിന്നും ഫ്രഡിക്ക് ലഭിച്ചു. 

tunnel-view
പഴയ വീടിന്റെ ചിത്രം

ബംഗ്ലാവിലെ ജോലിക്കാർ അവരുടെ ക്വാർട്ടേഴ്സിൽ നിന്നും ആരുടെയും ശ്രദ്ധയിൽപ്പെടാതെ ബംഗ്ലാവിലേക്ക് എത്താനായി ഉപയോഗിച്ചിരുന്ന വഴികളാവാം ഇതെന്നാണ് കരുതുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രമാണ് ഭൂഗർഭ ഇടനാഴിയിലെ ഓരോ മുറിയിലുമുള്ളത് എന്ന് ഫ്രഡി വിശ്വസിക്കുന്നു. അതിനാൽ  അവയ്ക്ക് ഒരു മാറ്റവും കൂടാതെ സൂക്ഷിക്കാനാണ് തീരുമാനം. ടിക്ടോക്കിലൂടെ ഭൂഗർഭ ഇടനാഴികളിലൂടെ ദൃശ്യങ്ങൾ ഫ്രഡി പങ്കുവെച്ചിട്ടുണ്ട്. ദൃശ്യങ്ങൾ കാണുമ്പോൾ തന്നെ ഏറെ ഭയം തോന്നുന്നതായും തനിച്ച് അവിടെ താമസിക്കരുത് എന്ന് തരത്തിലുമാണ് പലരുടെയും പ്രതികരണങ്ങൾ.

English Summary- England Home found secret tunnels inside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com