വായ്പയെടുത്ത് ആഡംബരവീട് വാങ്ങി; തിരിച്ചടയ്ക്കാതെ കബളിപ്പിച്ചത് 23 കൊല്ലം! ഒടുവിൽ...

HIGHLIGHTS
  • നിയമത്തിന്റെ പഴുതുകൾ വിദഗ്ധമായി ഉപയോഗിച്ചാണ് കുടിയൊഴിപ്പിക്കലിൽനിന്ന് പലതവണ രക്ഷപ്പെട്ടത്.
hanspal-realestate-scam
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

നമ്മുടെ നാട്ടിൽ സാധാരണക്കാരായ മലയാളികൾ മിക്കവരും തങ്ങളുടെ സ്വപ്നഭവനം പണിയുന്നത് ബാങ്ക് ലോൺ എടുത്താകും. ആധാരം പണയം വച്ചാകും പാവപ്പെട്ടവർ വായ്‌പ എടുത്തിട്ടുണ്ടാവുക. അവസാനം കൃത്യമായി വായ്പ തിരിച്ചടയ്ക്കാനാകാതെ വരുന്നവരുടെ വീടും സ്ഥലവും ജപ്തി ചെയ്യുന്ന അനവധി സംഭവങ്ങൾ നാം വായിച്ചിട്ടുള്ളതാണ്. എന്നാൽ അതുക്കും  മേലെ ഒരു സംഭവമാണ് ഇത്.

ഇന്ത്യൻ വംശജനും അമേരിക്കൻ പൗരനുമായ ഗുരമൃത് ഹൻസ്പാൽ 23 കൊല്ലമാണ് വായ്പ തിരിച്ചടയ്ക്കാതെ ലോങ്ങ് ഐലൻഡിലുള്ള  വീട്ടിൽ കഴിഞ്ഞത്. തന്നെ ഇറക്കിവിടാതിരിക്കാനുള്ള  നിയമത്തിന്റെ പഴുതുകൾ വിദഗ്ധമായി ഉപയോഗിച്ചാണ് ഗുരമൃത് കുടിയൊഴിപ്പിക്കലിൽനിന്ന് പലതവണ രക്ഷപ്പെട്ടത്. ഇദ്ദേഹം വലിയ തുക വായ്പയെടുത്ത് ആഡംബരവീട് വാങ്ങുന്നത് 1998 ലാണ്. അന്ന് 290,000 ഡോളറിനാണ് ( 1 കോടി 19 ലക്ഷം രൂപ) മൂന്നു കിടപ്പുമുറികളുള്ള  ഇരുനില വീട് ഇദ്ദേഹം സ്വന്തമാക്കിയത്. വാഷിങ്ടൺ മ്യൂച്വൽ എന്ന പണമിടപാട് സ്ഥാപനത്തിൽ നിന്നുമാണ് ഈ തുക വായ്പയായി എടുത്തത്. എന്നാൽ അതിനുശേഷം ഒരേയൊരു തവണ മാത്രമാണ് ഗുരമൃത് പണം തിരികെ അടച്ചത്. തിരിച്ചടവ് കൃത്യമാകാതെ വന്നതോടെ രണ്ടായിരത്തിൽ വീട് ജപ്തി ചെയ്യാൻ ഉത്തരവായിരുന്നു. 

Guramit-Hanspal-house

എന്നാൽ വാഷിങ്ടൺ മ്യൂച്ചൽ എന്ന സ്ഥാപനത്തിന്റെ പ്രവർത്തനം ഏതാനും വർഷങ്ങൾക്കുള്ളിൽ നിലച്ചു. പിന്നീട് രണ്ടു ബാങ്കുകളും ഒരു റിയൽഎസ്റ്റേറ്റ് കമ്പനിയും പിന്നീട് പല കാലങ്ങളിലായി 2081 ചതുരശ്രഅടി വിസ്തീർണ്ണമുള്ള വീടിന്റെ  ഉടമസ്ഥത ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഉടമസ്ഥർ മാറിമാറി വന്നിട്ടും ഗുരമൃത് വായ്പ തിരിച്ചടയ്ക്കാതെ അവിടുത്തെ താമസക്കാരനായി തുടർന്നു.   

hanspal-home-view

അമേരിക്കൻ നിയമപ്രകാരം കടബാധ്യതയുള്ളവർ പാപ്പരാവുകയാണെങ്കിൽ അവർക്ക് ജപ്തിയും കുടിയൊഴിക്കൽ നടപടികളും അടക്കമുള്ളവയിൽനിന്ന് താൽക്കാലികമായി രക്ഷനേടാം. ഏഴു തവണയാണ് പാപ്പരാണെന്ന അവകാശവാദമുയർത്തി ഗുരമൃത് ഈ സാധ്യത പ്രയോജനപ്പെടുത്തിയത്. ഇതിനു പുറമെ നാല് കേസുകൾ കൂടി ഫയൽ ചെയ്തതോടെ ഒരുരൂപ പോലും പോലും തിരിച്ചടവില്ലാതെ വീട്ടിലെ താമസക്കാരനായി ഇക്കാലമത്രയും ഇയാൾ കഴിയുകയായിരുന്നു. വീടിന്റെ ഉടമസ്ഥാവകാശം നഷ്ടപ്പെട്ടിരുന്നുവെങ്കിലും ഇടയ്ക്ക് ഒരു സുഹൃത്തിന് ആധാരം കൈമാറ്റം ചെയ്യുകയും ചെയ്തു. 

hanspal-house-inside

ഒടുവിൽ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കുടിയൊഴുപ്പിക്കലിൽ നിന്ന് രക്ഷനേടാൻ ഗുരമൃത് ശ്രമിച്ചുവെങ്കിലും ആ ശ്രമം പരാജയപ്പെടുകയായിരുന്നു. വീടിന്റെ നിയമപരമായ അവകാശി അല്ല എന്നിരിക്കെ അവിടെ തുടരാൻ ഗുരമൃതിന് കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി കോടതി ഉത്തരവിറക്കി. ഇതോടെ നിലവിൽ വീടിന്റെ  ഉടമസ്ഥരായ ഡയമണ്ട് റിഡ്ജ് പാർട്നേഴ്സ് എന്ന കമ്പനിക്ക് ഗുരമൃതിനെ വീട്ടിൽ നിന്നും കുടിയൊഴിപ്പിക്കാൻ സാധിക്കും. ഇതിനിടെ വീടിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. സാധനങ്ങൾ  പലയിടത്തായി  ചിതറിക്കിടക്കുന്ന നിലയിൽ ഏറ്റവും വൃത്തിഹീനമായാണ് ഗുരമൃത് വീട് ഉപയോഗിച്ചിരുന്നത് എന്ന് ഈ ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.

English Summary- Man Dodges Eviction from House for 23 Years; Real Estate Homeloan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA