ADVERTISEMENT

എത്ര മലവെള്ളപ്പാച്ചിൽ വന്നാലും തരിമ്പും തകരാതെ നെഞ്ചുവിരിച്ചു നിൽക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ കാവൽമാടമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. ഉദ്‌ഘാടനം ചെയ്തശേഷം ദിവസങ്ങൾക്കുള്ളിൽ പൊളിയുന്ന പാലവും, സിമന്റും കമ്പിയും കണികാണാത്ത കെട്ടിടങ്ങളും നിർമിക്കുന്നവർ ഇത് കണ്ട് നമിക്കണം എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

ഷെഡിന്റെ നിർമ്മാണം നടന്നിട്ട് പത്ത് വർഷത്തിലധികമായി. വെയിലും മഴയുമേൽക്കാതെ കാവൽ ജോലിക്കാർക്ക് വിശ്രമിക്കുന്നതിനുവേണ്ടിയാണ് ഇത് നിർമിച്ചത്. അതിരപ്പിള്ളി വനസംരക്ഷണ സമിതിയുടെ പ്രസിഡന്റായ പി.കെ.സഹജന്റെ നേതൃത്വത്തിലുള്ള അ‍ഞ്ച് പേരുടെ പ്രയത്ന ഫലമാണ് ഈ ഹട്ട്. സഹജൻ, ടിപി ഷാജു, എംസി ശിവൻ ഉണ്ണി, സി വി രാജൻ, കെ.എം സുരേന്ദ്രൻ എന്നിവർ ചേർന്നായിരുന്നു നിർമ്മാണം നടത്തിയത്. പാറപ്പുറത്തെ നിർമ്മാണം വളരെ ദുഷ്കരമാണ്. പാറകൾ പൊട്ടിക്കുവാനോ ഇളക്കുവാനോ സാധിക്കുകയില്ല. പകരം പാറകൾക്കിടയിലെ വിടവുകൾ കണ്ടെത്തി വേണം അവിടേക്ക് തൂണുകൾ ഉറപ്പിക്കാൻ. ഈ ബലത്തിലാണ് മുഴുവൻ ഹട്ടും നിൽക്കുന്നത്.

സിമന്‍റ്, കമ്പി, പൈപ്പുകൾ തുടങ്ങിയ നിർമ്മാണ വസ്തുക്കളൊന്നും ഈ ഷെഡിൽ ഉപയോഗിച്ചിട്ടില്ല. മുള, ഈറ്റ, തടിക്കഷ്ണങ്ങൾ എന്നിവ കൊണ്ടാണ് മേൽക്കൂരയും ബേസ്മെന്റും ഉൾപ്പെടെ നിർമ്മിച്ചിരിക്കുന്നത്. കാട്ടുമുളകളാണ് തൂണുകളായി ഉപയോഗിച്ചിരിക്കുന്നത്. ഇതിന് നാട്ടിലെ മുളകളെക്കാൾ ബലവും ഭംഗിയുമുണ്ട്.  ഈറ്റയും ഈറ്റയുടെ ഇലയും തടിയും ഉപയോഗിച്ചാണ് ബാക്കി ഭാഗങ്ങളെല്ലാം നിർമ്മിച്ചിരിക്കുന്നത്. ഇതിൽ ഈറ്റ ഇല മാത്രം മൂന്നുവർഷം കൂടുമ്പോൾ മാറ്റി വിരിക്കണം. ഇത്തരത്തിൽ പത്തോളം ഹട്ടുകൾ സഞ്ചാരികൾക്ക് വിശ്രമിക്കാനായി ഇവർ തന്നെ നിർമ്മിച്ചിട്ടുണ്ട്

എന്തായാലും മഹാ പ്രളയത്തിൽ പോലും ഷെഡിന്റെ മുകളിൽ വരെ വെള്ളമെത്തിയെന്നല്ലാതെ ഉറപ്പിന് യാതൊരു തകരാറും സംഭവിച്ചിട്ടില്ല ച്ചില്ല എന്നത് നിർമാണത്തിലെ മികവിന്റെ അടയാളമായി കാണാം. 'ഇതെന്താ വെൽഡ് ചെയ്തു വച്ചിരിക്കുകയാണോ', 'നീ ഷെഡ്ഡല്ല, പാമ്പൻ പാലമാടാ'..തുടങ്ങി രസകരമായ കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. 

English Summary-  Athirappilly Waterfall shed become Viral in Social Media; Architecture News

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com