ADVERTISEMENT

ജോലിയിൽ നിന്നു വിരമിച്ച് ഏറെ വർഷങ്ങൾ കഴിഞ്ഞാണ് എം.എസ്. തമ്പി (81) പുതിയൊരു പണി തുടങ്ങിയത്. പാഴ്‌വസ്തുക്കൾ കൊണ്ടു കരകൗശല വസ്തുക്കളുണ്ടാക്കുക. കടവന്ത്ര കു‍ഞ്ഞൻബാവ റോഡിലെ തമ്പിയുടെ വീടു നിറയെ ഇങ്ങനെയുണ്ടാക്കിയ കരകൗശല വസ്തുക്കളാണ്.

10– 12 വർഷങ്ങൾക്കു മുൻപ് ഒരു ദിവസം പിസ്ത കഴിക്കുന്നതിനിടയിലാണ് ഇങ്ങനെയൊരു ചിന്തയുടെ തുടക്കം. പിസ്തയുടെ തോടു കൊണ്ട് ഭാര്യ റേയ്ച്ചൽ ഒരു കമ്മലുണ്ടാക്കി. സംഗതി കൊള്ളാല്ലോ! പിസ്തത്തോടു കൊണ്ടു മറ്റെന്തെങ്കിലുമുണ്ടാക്കാമോയെന്നായി തമ്പിയുടെ ചിന്ത. അങ്ങനെ പിസ്ത തോടിൽ നിന്നു ചെടിയും പൂക്കളുമെല്ലാം പിറന്നു. അന്നു മുതൽ തമ്പി പാഴ്‌വസ്തുക്കളിൽ നിന്നു കരകൗശല വസ്തുക്കളുണ്ടാക്കാൻ തുടങ്ങി.

40 വർഷത്തോളം മുംബൈയിലായിരുന്നു തമ്പിയും കുടുംബവും. സ്വകാര്യ കമ്പനിയിലെ ചീഫ് ജനറൽ മാനേജരായി 2000ൽ വിരമിച്ചു. ഭാര്യ റേയ്ച്ചൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥയായിരുന്നു. 2008 മുതൽ കുഞ്ഞൻബാവ റോ‍ഡിലെ പാംഗ്രീൻ വില്ലയിലാണു താമസം. രണ്ടു മക്കളും യുഎസിൽ സ്ഥിര താമസം.വെറുതെ കളയുന്ന കടലാസ്, പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് അടപ്പുകൾ തുടങ്ങി കയ്യിൽ എന്തു കിട്ടിയാലും അതുകൊണ്ട് എന്തുണ്ടാക്കാമെന്നാണു ചിന്ത. ഇതു നമ്മുടെ ഊർജം കൂട്ടും. വെറുതെയിരിക്കുന്നുവെന്ന തോന്നലേ ഉണ്ടാകില്ല– തമ്പി പറയുന്നു. 

വീട്ടിലെത്തുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇടയ്ക്ക് ഇത്തരം കരകൗശല വസ്തുക്കൾ തമ്പിയും റേയ്ച്ചലും സമ്മാനമായി നൽകും. വെള്ളപ്പൊക്ക സമയത്ത് ധന സമാഹരണത്തിനായി സംഭാവനയായും ചിലതു നൽകി. കോവിഡ് കാലത്തിനു ശേഷം കരകൗശല വസ്തുക്കളെല്ലാം ചേർത്തു പ്രദർശനം നടത്തുന്ന കാര്യവും തമ്പിയുടെ മനസ്സിലുണ്ട്.

English Summary- House full of Art from Scrap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com