കണ്ടാൽ സാധാരണ വീട്; പക്ഷേ ഇത്തരമൊരു വീട് ഇന്ത്യയിൽ ആദ്യം!

HIGHLIGHTS
  • പൂർണമായും സൗരോർജ്ജത്തെ ആശ്രയിച്ചാണ് വീടും വീട്ടുപകരണങ്ങളും പ്രവർത്തിക്കുന്നത്.
hemp-house-view
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഭവനനിർമ്മാണത്തിൽ വ്യത്യസ്തമായ ഒരു മാർഗം പരീക്ഷിച്ചാണ് ഉത്തരാഖണ്ഡിലെ ആർക്കിടെക്ട് ദമ്പതികളായ ഗൗരവ് ദീക്ഷിതും നമ്രതയും ശ്രദ്ധേയരാകുന്നത്. ചണച്ചെടിയിൽ നിന്നും ഉത്പാദിപ്പിച്ചെടുത്ത നാര് ഉപയോഗിച്ചാണ് ഇവർ സ്വന്തമായി ഒരു വീട് നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യ വീടാണ് ഇത്. 

hemp-home

ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലാണ് വ്യത്യസ്തമായ ഈ വീട് സ്ഥിതി ചെയ്യുന്നത്. കാലങ്ങളായി  കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിച്ചു പഴകിയ ശീലം മാറ്റി സുസ്ഥിരത ഉറപ്പാക്കുന്ന തരത്തിൽ കെട്ടിടങ്ങൾ നിർമിക്കണമെന്ന ചിന്തയിൽ നിന്നുമാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിയത് എന്ന് ഗൗരവ് പറയുന്നു. വിശദമായി ഗവേഷണം നടത്തിയതിൽനിന്നും  കോൺക്രീറ്റിന് ബദലായി 'ഹെംപ്ക്രീറ്റ്' ഉപയോഗിക്കാമെന്നു തിരിച്ചറിഞ്ഞു. പുരാതന ഇന്ത്യയിൽ ചണനാര് ഉപയോഗിച്ച് വീടുകളുടെ നിർമാണം നടന്നിരുന്നതായും പുരാവസ്തു ഗവേഷണഫലങ്ങളിൽനിന്നും അറിയാനായി. വിദേശരാജ്യങ്ങളിൽ പലതും ചണനാര് കൊണ്ടുള്ള ഭവനനിർമ്മാണ രീതി പിന്തുടരുന്നുണ്ട്. അങ്ങനെ ഈ പ്രകൃതി സൗഹൃദ ബദൽമാർഗ്ഗത്തെ കുറിച്ച് ജനങ്ങൾക്ക് പറഞ്ഞുകൊടുക്കുന്നതിനായി ഒരു വീട് നിർമ്മിച്ചെടുക്കുകയായിരുന്നു. 

hemp-house

1200 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഈ മാതൃകാവീട് നിർമ്മിച്ചിരിക്കുന്നത്. അഞ്ച് മുറികളുള്ള വീടിന്റെ നിർമ്മാണത്തിന് 30 ലക്ഷത്തിനടുത്ത് ചെലവായി.  സാധാരണ കോൺക്രീറ്റ് കെട്ടിടങ്ങളെക്കാൾ കുറഞ്ഞചിലവിൽ ഹെംപ്ക്രീറ്റ് ഉപയോഗിച്ച് വീട് നിർമ്മിക്കാനാവുമെന്ന് ദീക്ഷിത് പറയുന്നു. 

ഭിത്തിയിലെ നനവ് പ്രതിരോധിക്കാനുള്ള ഹെംപ്ക്രീറ്റിന്റെ ശേഷി മനസ്സിലാക്കുന്നതിനായി ബാത്ത്റൂമുകളിലെ ഭിത്തികളും ഇത്തരത്തിലാണ് നിർമിച്ചത്. ചണനാരും ചുണ്ണാമ്പും ഉപയോഗിച്ചുള്ള പ്ലാസ്റ്ററിങ്ങിനു പുറമേ പ്രാദേശികമായി ലഭിക്കുന്ന കളിമണ്ണ് ഉപയോഗിച്ചും ചിലഭാഗങ്ങളിൽ പ്ലാസ്റ്ററിംഗ് നടത്തിയിട്ടുണ്ട്. ഭിത്തി മാത്രമല്ല വീടിന്റെ മേൽക്കൂരയും ചണനാര് കൊണ്ടുതന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 

hemp-house-owner

ചണനാരിനും ചുണ്ണാമ്പിനും പുറമേ തടിയും നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ചണവിത്തിൽ നിന്നും ഉൽപ്പാദിപ്പിച്ചെടുക്കുന്ന എണ്ണ ഉപയോഗിച്ചാണ് വീട്ടിലെ ഫർണിച്ചറുകൾ പോളിഷ് ചെയ്തിരിക്കുന്നത്. പൂർണമായും സൗരോർജ്ജത്തെ ആശ്രയിച്ചാണ്  എല്ലാ ഉപകരണങ്ങളും പ്രവർത്തിക്കുന്നത്. പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള  ഇത്തരം ഒരു മാർഗ്ഗത്തെക്കുറിച്ച്  ജനങ്ങൾക്ക് കൂടുതൽ അവബോധം നൽകുന്നതിനായി ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രിയായ ത്രിവേന്ദ്ര സിംഗിനെ ക്ഷണിച്ചാണ് വീടിന്റെ ഉദ്ഘാടനം നടത്തിയത്. 

English Summary- House Made with Hemp Fibre; First in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA